പുൽക്കൂട്ടിലേയ്ക്ക് 09: സ്വയം ബലിയായ ജോസഫ്

25 ആഗമനകാല പ്രാർത്ഥനകൾ – ഡിസംബർ 09: സ്വയം ബലിയായ ജോസഫ്

വചനം

ജോസഫ്‌ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു (മത്തായി 1:24).

വിചിന്തനം

യേശുക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവികസ്വരങ്ങൾക്ക് സംശയമന്യേ കാതു നൽകുന്ന നിർമ്മല മനഃസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുക്കുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചുകാണും. അത് ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിലുള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

പ്രാർത്ഥന

നിത്യനായ പിതാവേ, ആഗമനകാലത്തിന്റെ ചൈതന്യമായി വി. യൗസേപ്പിനെ ഞങ്ങൾക്കു നൽകിയതിനു നന്ദി പറയുന്നു. നീതിയുടെയും സത്യസന്ധതയുടെയും വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പുൽക്കൂടിലേയ്ക്കു ഞങ്ങൾ കൂടുതൽ അടുക്കുകയാണെന്നു മനസ്സിലാക്കുന്നു. ഉണ്ണിശോയ്ക്കുവേണ്ടി ത്യാഗം സഹിക്കാൻ സദാ സന്നദ്ധനായ വി. യൗസേപ്പിനെപ്പോലെ ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ ഉന്നമനത്തിനും സംതൃപ്തിക്കും സ്വയം ബലിയാകാൻ ഈ ആഗമനകാലത്ത് ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

വി. യൗസേപ്പേ, ഉണ്ണീശോയിലേയ്ക്കു ഞങ്ങളെ അടുപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.