പുൽക്കൂട്ടിലേയ്ക്ക് 13: സത്യവചനത്തിൽ വിശ്വസിച്ച ജോസഫ്

25 ആഗമനകാല പ്രാർത്ഥനകൾ: പതിമൂന്നാം ദിനം – സത്യവചനത്തിൽ വിശ്വസിച്ച ജോസഫ്

വചനം

ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു (മത്തായി 1:24).

വിചിന്തനം

മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദിവ്യരഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത്, അവൻ നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു എന്നാണ്.

വചനത്തെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ സ്വീകരിച്ച് വചനത്തിനു കാവലാളായവനാണ് യൗസേപ്പ്. നീതിമാനായ ഒരു വ്യക്തിക്കു മാത്രമേ ദൈവവചനത്തിൽ നൂറു ശതമാനം വിശ്വസിച്ച് വചനമനുസരിച്ചു ജീവിക്കാൻ കഴിയൂ. ദൈവവചനത്തിന് നൂറു ശതമാനം പ്രത്യുത്തരം നൽകേണ്ട കാലമാണ് ആഗമനകാലം. വചനം മാംസമായിനെ അനുസ്മരിക്കുമ്പോൾ വചനത്തിനു നൂറു ശതമാനം പ്രത്യുത്തരമവുക.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, നിന്റെ പ്രിയപുത്രന്റെ വളർത്തച്ഛനായ യൗസേപ്പിനെ ഞങ്ങൾ ഇന്ന് ഓർമ്മിക്കുന്നു. മറിയത്തെ വിവാഹം കഴിക്കാൻ ധൈര്യം കാണിച്ചതുവഴി ദൈവവചനത്തിന്റെ ശുശ്രൂഷകനായി ജോസഫ് സ്വയം മാറുകയായിരുന്നല്ലോ. ആഗമനകാലം ഞങ്ങളിൽ നിന്നാവശ്യപ്പെടുക ദൈവവചനത്തിന്റെ ശുശ്രൂഷകരാകാനാണല്ലോ. ദൈവം മനഃസാക്ഷിയിൽ മുഴങ്ങുന്ന ദൈവസ്വരത്തിനു കാതോർത്ത് നല്ല ജീവിതം നയിക്കുവാനും നിന്റെ പുത്രന്റെ ജനനം ആഘോഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

മനുഷ്യവതാരം ചെയ്ത വചനമായ ഉണ്ണീശോയെ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.