സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ നവംബർ 13 മത്തായി 25: 14-30 അലസരായിരിക്കരുത്

‘അലസരായിരിക്കാൻ ആർക്കും അവകാശമില്ല – ആത്മീയകാര്യങ്ങളിലും ഭൗതിക കാര്യങ്ങളിലും’ എന്ന സന്ദേശം ഇന്നത്തെ വചനം നമുക്ക് സമ്മാനിക്കുന്നു. ഓരോ മനുഷ്യനിലും ധാരാളം കഴിവുകൾ – അനുഗ്രഹങ്ങൾ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും എല്ലാവരിലുമുണ്ട്. ഈ ലോകത്തിലെ ജീവിതം കൊണ്ട് അവയെ മറ്റുള്ളവരുടെ നന്മക്കായി വർദ്ധിപ്പിച്ച്, ദൈവരാജ്യത്തിലെ സമ്പാദ്യമാക്കി മാറ്റുക എന്നുള്ളതാണ് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം.

അലസത മൂലമോ, അസൂയ കൊണ്ടോ അതിൽ നിന്ന് മാറിനിൽക്കുന്നത് ദൈവഹിതത്തിന് വിരുദ്ധമാണ് എന്നോർമ്മിക്കുക. ഒരു നിമിഷം, ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകൾ എന്തൊക്കെയാണെന്ന് ഓർമ്മിച്ചെടുക്കാം. അവയെല്ലാം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുണ്ടോ? അതോ, ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെക്കുറിച്ച് ബോധവാന്മാരാകാതെ, അവയെ വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ അലസരായി ഇരിക്കുകയാണോ നമ്മൾ? ഓർക്കുക, അലസരായിരിക്കാൻ നമുക്ക് അവകാശമില്ല.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.