
ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹിക്കപ്പെട്ടവരേ, നമ്മള്‍ ശ്ലീഹാക്കാലം നാലാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശ്ലീഹാക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹന്മാര്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിച്ചതിനെ നമ്മള്‍ ധ്യാനിക്കുന്ന ഒരു കാലഘട്ടമാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരായി നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ സുവിശേഷത്തിന് സാക്ഷികളായിത്തീരാനായി നമ്മളെ ഓരോരുത്തരെയും ദൈവം വിളിച്ചിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസത്തിന്റെ ശക്തമായ വെളിച്ചമില്ലാതെ മനസ്സിലാക്കാന്‍ പ്രയാസമുള്ള സുവിശേഷഭാഗമാണിത്. ഈ പ്രബോധനം കേട്ടിട്ടാണ് ‘കഠിനം’ എന്നുപറഞ്ഞ് ഈശോയുടെ കുറേയധികം ശിഷ്യന്മാര്‍ പിരിഞ്ഞുപോയത്. യോഹന്നാന്‍ ശ്ലീഹാ എഴുതുന്നത്, പിന്നീടൊരിക്കലും അവര്‍ അവനെ അനുഗമിച്ചില്ല എന്നാണ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള യേശുവിന്റെ പഠനം കേട്ട് അന്ന് പലരും അവനെ വിട്ടുപോയി. എന്നാല്‍, ഇന്ന് നാം ഈ വചനങ്ങളെ ധ്യാനിക്കുമ്പോള്‍, ക്രിസ്തു പഠിപ്പിച്ച സത്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവന്‍ തയ്യാറായിരുന്നില്ല എന്ന് വ്യക്തമാകുന്നു. ഇതിന്റെ ആഴം നമുക്ക് മൂന്ന് തലങ്ങളിലൂടെ പരിശോധിക്കാം.
1. ജനപ്രീതിയേക്കാള്‍ സത്യത്തിന് മുന്‍ഗണന
സാധാരണഗതിയില്‍ ഒരു നേതാവ് തന്റെ അനുയായികള്‍ തന്നെ വിട്ടുപോകുന്നത് കണ്ടാല്‍ അവരെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കും. തന്റെ വാക്കുകള്‍ അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ അത് തിരുത്തിപ്പറയാനോ അല്ലെങ്കില്‍ അവരെ പ്രീണിപ്പിക്കാനോ ശ്രമിക്കും. എന്നാല്‍, യേശു അവിടെ ചെയ്തത് മറിച്ചാണ്. തന്റെ ശരീരം ഭക്ഷണമാണെന്ന് പറഞ്ഞത് കേട്ട് ശിഷ്യന്മാര്‍ പിറുപിറുത്തപ്പോള്‍, യേശു അത് ലഘൂകരിച്ചില്ല. പകരം, ”ഇത് നിങ്ങള്‍ക്ക് തടസ്സമാകുന്നുവോ?” എന്ന് ചോദിച്ചുകൊണ്ട് സത്യം നേരിടാന്‍ അവരെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ലോകത്തിന്റെ കൈയടി നേടാനായി വിശ്വാസ സത്യങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല എന്ന വലിയ പാഠം ഇതിലുണ്ട്. വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യം ഒരു പ്രതീകമല്ല, മറിച്ച് അത് യഥാര്‍ഥമാണ്. യേശു ഒരു ജനകീയ നേതാവാകാനല്ല, മറിച്ച് ലോകത്തിന്റെ രക്ഷകനാകാനാണ് വന്നത്. അതുകൊണ്ടുതന്നെ സത്യം കയ്പ്പുള്ളതാണെങ്കിലും അത് വെട്ടിത്തുറന്നു പറയാന്‍ അവന്‍ മടിച്ചില്ല.
റോമന്‍ പീഡനകാലത്ത് വിശുദ്ധ കുര്‍ബാന തടവുകാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പോയ ആ ബാലനെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി. കൈയിലുള്ളത് എന്താണെന്ന് കാണിച്ചുതന്നാല്‍ വിടാമെന്ന് അവര്‍ പറഞ്ഞു. ജനപ്രീതിയോ, ജീവനോ അല്ല, മറിച്ച് തന്റെ കൈയിലിരിക്കുന്ന ക്രിസ്തുരഹസ്യത്തിന്റെ സത്യമാണ് വലുതെന്ന് വിശ്വസിച്ച തര്‍സീസിയൂസ് മരണം വരിക്കുമ്പോഴും കുര്‍ബാന വിട്ടുകൊടുത്തില്ല. സഭ പഠിപ്പിക്കുന്നു: ”വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ചുരുക്കത്തില്‍ ക്രിസ്തു മുഴുവനായും യഥാര്‍ഥമായും സാരമായും (Truly, Really, and Substantially) അടങ്ങിയിരിക്കുന്നു.”
2. ബലിയര്‍പ്പണത്തിലെ വിശുദ്ധി
വിശുദ്ധ കുര്‍ബാന വെറുമൊരു ചടങ്ങല്ല. അത് കാല്‍വരിയിലെ ബലിയുടെ തുടര്‍ച്ചയാണ്. അതുകൊണ്ടുതന്നെ അതില്‍ വിട്ടുവീഴ്ചകള്‍ക്ക് സ്ഥാനമില്ല. ”ആത്മാവാണ് ജീവിക്കുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല” (വാക്യം 63). കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ സാന്നിധ്യം മാത്രം പോരാ, മറിച്ച് ആത്മീയമായ ഒരുക്കവും ആവശ്യമാണ്. പാപസാഹചര്യങ്ങളില്‍ ജീവിച്ചുകൊണ്ട് കുര്‍ബാന സ്വികരിക്കുന്നത് ആത്മീയമായ വിട്ടുവീഴ്ചയാണ്. അത് ഒഴിവാക്കപ്പെടണം. സഭ നിശ്ചയിച്ചിട്ടുള്ള ആരാധനാക്രമങ്ങളില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നത് കുര്‍ബാനയുടെ ഗൗരവത്തെ കുറയ്ക്കുന്നു. ക്രിസ്തു കാണിച്ചുതന്ന ആ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആരാധനാക്രമത്തിലും നാം പുലര്‍ത്തണം. പല ആധുനിക ദൈവശാസ്ത്ര ചിന്തകളും കുര്‍ബാനയെ വെറുമൊരു സ്മരണാചടങ്ങായി കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍, കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ഇത് യേശുവിന്റെ യഥാര്‍ഥ സാന്നിധ്യമാണെന്നാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ക്രിസ്തുവിനെത്തന്നെ തളളിപ്പറയുന്നതിന് തുല്യമാണ്.
വി. പാദ്രെ പിയോയുടെ കുര്‍ബാന അനുഭവം വിസ്മരിക്കാനാവില്ല. മണിക്കൂറുകളോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ബലിയര്‍പ്പണത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അദ്ദേഹം സ്വന്തം ശരീരത്തില്‍ അനുഭവിച്ചിരുന്നു. കുര്‍ബാനയില്‍ സംബന്ധിക്കു മ്പോള്‍ അദ്ദേഹം കരയുകയും വിറയ്ക്കുകയും ചെയ്യുമായിരുന്നു. വിശുദ്ധിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ”ലോകത്തിന് സൂര്യനില്ലാതെ നിലനില്‍ക്കാം, പക്ഷേ വിശുദ്ധ കുര്‍ബാനയില്ലാതെ ലോകത്തിന് നിലനില്‍ക്കാനാവില്ല” എന്ന് അദ്ദേഹം പഠിപ്പിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു: ”അയോഗ്യതയോടെ അപ്പം ഭക്ഷിക്കുകയോ, കര്‍ത്താവിന്റെ പാന പാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനുമെതിരെ കുറ്റം ചെയ്യുന്നു” (1 കോറി. 11:27). അതുകൊണ്ട് ഗൗരവകരമായ പാപ സാഹചര്യങ്ങളില്‍ കുമ്പസാരത്തിലൂടെ ഒരുങ്ങാതെ കുര്‍ബാന സ്വീകരിക്കുന്നത് ആത്മീയമായ വിട്ടുവീഴ്ചയാണ്.
3. സ്‌നേഹപൂര്‍വമായ സമര്‍പ്പണം
”ശിഷ്യന്മാരില്‍ പലരും പോയപ്പോള്‍ യേശു പന്ത്രണ്ട് പേരോടും ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?” (വാക്യം 67). ഇവിടെ യേശു മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയെ (Free will) ബഹുമാനിക്കുന്നു.പത്രോസിന്റെ മറുപടി: ”കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും?” എന്നതായിരുന്നു. ബുദ്ധിക്ക് പൂര്‍ണ്ണമായി മനസ്സിലായിട്ടല്ല, മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസം കൊണ്ടാണ് പത്രോസ് അവിടെ നിന്നത്. കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലാത്ത ഭക്തി പുലര്‍ത്തുക എന്നതിനര്‍ഥം ക്രിസ്തുവിനെ പൂര്‍ണ്ണമായും അനുസരിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിലോ, സംശയങ്ങളിലോ കുര്‍ബാനയെ ഉപേക്ഷിക്കാതെ, പത്രോസിനെപ്പോലെ ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുക എന്നതാണ് യഥാര്‍ഥ വിശ്വാസം. വിശുദ്ധ മദര്‍ തെരേസയുടെ ജിവിതം നോക്കുക. തന്റെ കഠിനമായ അധ്വാനത്തിന് ശക്തി നല്‍കുന്നത് ഓരോ ദിവസവും താന്‍ സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാനയാണെന്ന് അമ്മ സാക്ഷ്യപ്പെടുത്തി. ”കുര്‍ബാനയിലെ ക്രിസ്തുവിനെ തിരിച്ചറിയാന്‍ കഴിയാത്തവന് ചേരികളിലെ ദരിദ്രരില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയില്ല” എന്ന് അമ്മ പറഞ്ഞു. തന്റെ ബുദ്ധിക്കപ്പുറമുള്ള ദൈവസ്‌നേഹത്തിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുകയാണ് വിശ്വാസം എന്ന് അമ്മ കാട്ടിത്തന്നു.
വിശുദ്ധ കുര്‍ബാന ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്. ലോകം എന്ത് പറഞ്ഞാലും, യുക്തിവാദികള്‍ എന്ത് വാദിച്ചാലും, ‘ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു’ എന്ന ക്രിസ്തുവിന്റെ വാക്കുകളില്‍ വിട്ടുവീഴ്ചയില്ലാതെ വിശ്വസിക്കാന്‍ നമുക്ക് സാധിക്കണം. ആ വിശ്വാസം നമ്മുടെ ജീവിതവിശുദ്ധിയിലൂടെ വെളിപ്പെടുത്തുകയും വേണം. വി. അല്‍ഫോന്‍സാ പറയുന്നതുപോലെ, വി. അഗസ്റ്റിന്റെ മനോഹരമായ ഒരു വചനമുണ്ട്. ”നീ സ്വീകരിക്കുന്നത് എന്താണോ, നീ അത് തന്നെയായി മാറുക’ (Becoe whaayn¿eZeÇ]). നാം സ്വീകരിക്കുന്നത് സ്‌നേഹത്തിന്റെ ബലിയായ ക്രിസ്തുവിനെയാണെങ്കില്‍, നമ്മുടെ ജീവിതവും മറ്റുള്ളവര്‍ക്കായി മുറിക്കപ്പെടുന്ന അപ്പമായി മാറണം. സ്വാര്‍ഥതയിലും പാപത്തിലും വിട്ടുവീഴ്ച ചെയ്യാതെ, സത്യത്തോടും സ്‌നേഹത്തോടും ചേര്‍ന്നു നില്‍ക്കാന്‍ ഈ കുര്‍ബാന നമുക്ക് കരുത്ത് നല്‍കട്ടെ. ജീവിതം ഒരു മുറിക്കപ്പെട്ട അപ്പമാകണം.
ബ്രദര്‍ ശരത് മുഴയമ്മാക്കല്‍ MCBS




