മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണം; വത്തിക്കാന്‍ 

അടിയന്തര ഘട്ടങ്ങളില്‍  മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് സമീപകാലങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നു എന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ആർ. ഗല്ലേഹർ. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെപ്പറ്റി നടന്ന യു.എൻ. ചർച്ചയിലാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയത്.

“കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സംഭവിക്കുന്ന രക്തചോരിച്ചിലിനും യുദ്ധങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാണ്. പലപ്പോഴും അവയെല്ലാം തന്നെ ന്യൂനപക്ഷങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ്. ഈ സാഹചര്യത്തിൽ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന്”. ആർച്ച് ബിഷപ്പ് പോൾ ആർ. ഗല്ലേഹർ പറഞ്ഞു.

ആഗോളതലത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിച്ചമർത്തൽ അനുഭവിക്കുന്ന  വിശ്വാസ സമൂഹങ്ങളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നു നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ചു പഠിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉള്ള പീഡനം ഒറ്റപ്പെട്ട സംഭവമല്ല എന്ന് വ്യക്തമാണ് എന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

മത ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനും ദ്രോഹിക്കുവാനും ഉദ്ദേശിക്കുന്നവരിലേക്ക് പണവും ആയുധങ്ങളും എത്തുന്നത് തടയുന്നതിലൂടെ അതിക്രമങ്ങളെ തടയാനും ഹൃദയങ്ങളില്‍ പടരുന്ന വിദ്വേഷ ചിന്തകളെ ഇല്ലാതാക്കാനും കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.