ഒരു മാലാഖ സൗഹൃദം

ഓര്‍മ്മയില്‍ എന്നും ദീപ്തമായി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അത് ആരുടെ കലാസൃഷ്ടിയാണെന്നറിയില്ല. ആദ്യമായി ആ ചിത്രം വരച്ചയാള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം കൂപ്പിയ കൈകളോടെ മൗനം. ആ ചിത്രമിതാണ്. രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഒരു ചെറിയ അരുവിയുടെ മുകളിലുള്ള പാലം കടക്കുമ്പോള്‍ കാവല്‍ നില്‍ക്കുന്ന ഒരു മാലാഖയുടെ ചിത്രം.

ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ബന്ധം ഏതെന്നു ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം ‘സൗഹൃദം’ എന്നാണ്. ഒരിക്കല്‍ ഒരു ചങ്ങാതി ഇങ്ങനെ സൂചിപ്പിച്ചു. ‘Friendship is a weakness for you…’ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘Friends are also my Strength’ സൗഹൃദം ഒരുപാട് നിറവും നിറഭേദങ്ങളുമുള്ള ബന്ധമാണ്. സുഹൃത്തിനോടുള്ള ബന്ധത്തിന് അതിരുകളില്ല. അവനോട്/അവളോട് എനിക്ക് എന്തും പറയാം. പലയിടത്തും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും.

പ്രായം ചെന്ന തലമുറ പറയുന്നു: നല്ല സൗഹൃദങ്ങള്‍ പണ്ടു കാലത്തേ ഉണ്ടായിരുന്നുള്ളൂ എന്ന്. പുതിയ തലമുറയില്‍ നല്ല സൗഹൃദങ്ങള്‍ കാണാനില്ല എന്നും. സൗഹൃദങ്ങള്‍ പഴയ കാലത്തായിരുന്നു കൂടുതലെന്നോ പുതിയ തലമുറയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ലന്നോ ഉള്ള പ്രസ്താവനകള്‍ ശരിയാണെന്നും, തെറ്റാണെന്നും ഞാന്‍ വാദിക്കുന്നില്ല. സൗഹൃദങ്ങള്‍ അന്നും ഇന്നും ഉണ്ട്. സൗഹൃദത്തിന്റെ ശൈലികള്‍ക്ക് ചിലപ്പോള്‍ മാറ്റം വന്നിട്ടുണ്ടാകാം.

ലോകത്തിന്റെ മുഖം പോലും മാറുന്ന ഈ കാലത്ത് സൗഹൃദങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം… സ്വാഭാവികമാണ്.

നാട് ഓടുമ്പോള്‍ നടുവേ ഓടുന്ന, അതിവേഗം ബഹുദൂരം മുന്നോട്ട് പായുന്ന, ദിവസത്തിലെ മണിക്കൂറുകളെയും സെക്കന്റുകളെയും കണക്കുകൂട്ടി സമയവിവരപട്ടിക ഉണ്ടാക്കി ജീവിക്കുന്ന, സ്വന്തം കാര്യം സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുന്ന ആധുനിക തലമുറയില്‍ പലപ്പോഴും സൗഹൃദത്തിന്റെ ആഴവും ഹൃദ്യതയും നഷ്ടപ്പെടുന്നു എന്നതില്‍ ഞാനും വിയോജിക്കുന്നില്ല. എന്നുകരുതി പുതിയ തലമുറയില്‍ നല്ല സൗഹൃദങ്ങള്‍ കാണാനേ ഇല്ല എന്ന് പറയുന്നവരോട് എനിക്ക് വിയോജിപ്പുണ്ട് താനും.

സൗഹൃദത്തെക്കുറിച്ചുള്ള ചിന്തകള്‍ ചില ഓര്‍മ്മകള്‍ ഉണര്‍ത്താറുണ്ട്. ഒന്ന് ഒരു ബൈബിള്‍ ചിത്രം. പഴയനിയമത്തില്‍ തോബിത്തിന്റെ പുസ്തകം 5 മുതല്‍ 12 വരെയുള്ള അധ്യായങ്ങളില്‍ തോബിത്തിന്റെ മകന്‍ തോബിയാസിന് റഫായേല്‍ – (അസറിയാസ്) എന്ന ഒരു സ്‌നേഹിതനെ കിട്ടുന്നുണ്ട്. അവനെ വഴികാണിച്ചു നടത്തുന്ന ഒരു മാലാഖ സൗഹൃദം.

കുഞ്ഞുനാളില്‍ ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് കാവല്‍ മാലാഖമാരോടു പ്രാര്‍ത്ഥിക്കണം എന്ന് വീട്ടില്‍ പറഞ്ഞ് പഠിപ്പിച്ചിരുന്നു, കൂടെ ഇങ്ങനെയൊരു പാട്ടും പാടുമായിരുന്നു; ‘ഞാനുറങ്ങാന്‍ പോകും മുന്‍പായി…’ കാലം കടന്നപ്പോള്‍ പ്രാര്‍ത്ഥനകള്‍ എവിടെയോ നഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരവധിക്കാലത്ത് വീട്ടില്‍ എത്തിയപ്പോള്‍ ചേട്ടന്റെ കുട്ടിയെ തോളിലിട്ട് ഉറക്കുമ്പോള്‍ പപ്പ ആ പാട്ട് പാടുന്നതു കേട്ടു. അതില്‍ എനിക്കേറ്റം ഇഷ്ടപ്പെട്ട വരികള്‍ ഇതായിരുന്നു:

“മാതാവും താതന്‍ യൗസേപ്പും

എന്റെ കാവല്‍ മാലാഖയും കൂടി

രാത്രി മുഴുവനുമെന്നെ

കാത്തു സൂക്ഷിക്കുക വേണം”.

കാവല്‍മാലാഖ എന്നത് ഹൃദ്യമായൊരു അനുഭവമാണ്. ജീവിതത്തിന്റെ വഴികളില്‍ കാവലായി നില്‍ക്കാന്‍ ഒരു മാലാഖ. കൂടെയുള്ളവന്‍ മാലാഖയായാലോ? ആ ചിന്തയും, മാലാഖ സൗഹൃദം എന്ന ആശയത്തിന് നിഴല്‍ക്കൂട്ടായി.

സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ മാലാഖ മുഖങ്ങള്‍ ഇല്ലാത്ത ലോകവും ഇന്ന് നമുക്കന്യമല്ലെന്ന് പത്രവും മറ്റു ദൃശ്യമാധ്യമങ്ങളും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വ്യക്തി എന്നത് തികച്ചും ആ വാക്കിന്റെ മൂലാര്‍ത്ഥം സൂചിപ്പിക്കുന്നതു പോലെ മുഖംമൂടിയാണെന്നു Person (Persona = Mask) ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ പ്രഭാതവും നമുക്ക് സമ്മാനിക്കുന്നത്.

പണത്തിനു വേണ്ടി അപ്പനെയും അമ്മയെയും കൊല്ലാന്‍ മടിക്കാത്ത മക്കള്‍, അതുപോലെ തിരിച്ചും. സ്വാര്‍ത്ഥതയ്ക്കുവേണ്ടി സഹോദരങ്ങളെയും സുഹൃത്തുക്കളെയും കൊല്ലാന്‍ മടിക്കാത്ത വര്‍. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും കൊന്ന് കൊലവിളിക്കുന്ന കലിയുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്.

സ്‌നേഹവും സൗഹൃദവുമൊക്കെ ചിന്താവിഷയങ്ങളായി മാത്രം അവശേഷിക്കാനുള്ളതല്ലെന്ന് ഭൂതകാലസംഭവങ്ങളും വര്‍ത്തമാന കാല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ വില എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പക്ഷേ അന്തഃമില്ലാത്ത അന്വേഷണമായിരിക്കാം. പക്ഷേ, ചരിത്രത്തില്‍ നസ്രായനായ യേശു ആ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നല്‍കി: ”സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലന്ന്” (യോഹ. 15/3). സ്വന്തം ജീവിതംകൊണ്ട് അവന്‍ അത് തെളിയിക്കുകയും ചെയ്തു. കാല്‍വരിയില്‍ കുരിശില്‍ സ്വയം ബലിയര്‍പ്പിച്ചത് സ്‌നേഹിതരായ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. നസ്രായന്റെ മാതൃക തുടര്‍ന്ന കുറേപ്പേരെ നമുക്ക് ചരിത്രത്തില്‍ കാണാന്‍ കഴിയും. നാസി തടങ്കല്‍ പാളയത്തില്‍ കൂട്ടുതടവുകാരനു വേണ്ടി ബലിയായ മാക്‌സ് മില്യന്‍ കോള്‍ബെ, മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത് കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയന്‍. ഇവരെല്ലാം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മായാത്ത മാതൃകകളാണ്.

സഹജനുവേണ്ടി മരണം വരിക്കുന്നില്ലെങ്കിലും അവര്‍ക്കു വേണ്ടി ജീവിക്കുന്ന, അവരുടെ നൊമ്പരങ്ങളെക്കൂടി ചുമക്കുന്ന ഒരുപാട് പേര്‍ നമ്മുടെ ഇടയിലുണ്ട്. അവയവദാനത്തിലൂടെയും രക്തദാനത്തിലൂടെയും സ്‌നേഹത്തിന്റെ മഹത്വം പ്രഘോഷിക്കുന്നവര്‍. പത്രമാധ്യമങ്ങളില്‍ ഈ അടുത്തകാലത്ത് രക്തദാനം നടത്തുന്നവരെക്കുറിച്ചും അവയവ ദാനം ചെയ്തവരെക്കുറിച്ചും  ചെയ്യാന്‍ സന്നദ്ധതാ പത്രം ഒപ്പിട്ടവരെക്കുറിച്ചുമൊക്കെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഒരു വാര്‍ത്തയിലും വരാതെ ഇതുപോലെ നന്മചെയ്യുന്നവരുമുണ്ട് നമ്മുടെ ഇടയില്‍.

എവിടെയോ വായിച്ചതോര്‍ക്കുന്നു-തെരുവില്‍ കിടക്കുന്നവര്‍ക്ക് പൊതിച്ചോറുമായിപ്പോകുന്ന ഒരു സ്ത്രീയെക്കുറിച്ച്. നമ്മുടെ ഇടയില്‍ തന്നെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാലാഖ സൗ ഹൃദത്തിന്റെ നന്മമരങ്ങള്‍ അനേകമുണ്ട്. കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ്, സംപ്രീതി, ചെന്നായ്പ്പാറയിലുള്ള ദിവ്യഹൃദയാശ്രമം,  മദ്രാസ് അഡയാറിലുള്ള ബനിയന്‍ ട്രീ (The Banyan = ആല്‍മരം) ഇവയും ഇതുപോലുള്ള മറ്റു സ്ഥാപനങ്ങളും. (നേരിട്ടറിയുന്ന ചില സ്ഥാപനങ്ങളുടെ പേരുകള്‍ എഴുതി, വേറെയുണ്ട് അനേകം).

മാലാഖ സൗഹൃദം എന്ന ഈ തലക്കെട്ടിന് പിന്നില്‍ ഇങ്ങനെയൊരു ഓര്‍മ്മയുണ്ട്.

ഡിസംബര്‍ പകുതിയില്‍ ക്രിസ്തുമസ്സ് ഗ്രീറ്റിങ്‌സുകള്‍ വന്നു തുടങ്ങി. അന്ന് വന്ന കാര്‍ഡുകള്‍ പൊട്ടിച്ചു വായിച്ചു തുടങ്ങി. രണ്ടാമതെടുത്ത കാര്‍ഡിനുള്ളില്‍ പല വര്‍ണ്ണങ്ങള്‍ കൊണ്ട് എഴുതിയിരി ക്കുന്നു.

എന്റെ മാലാഖ കൂട്ടുകാരന് ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍ സ്വന്തം… കുഞ്ഞുമറിയ. പന്ത്രണ്ടുവര്‍ഷമായി എല്ലാ ആഘോഷങ്ങള്‍ക്കും ജന്മദിനങ്ങള്‍ക്കും എന്റെ മാലാഖ കൂട്ടുകാരന് സ്വന്തം… കുഞ്ഞുമറിയ. എന്നെഴുതിയ കത്ത് മുടങ്ങാതെ വന്നുകൊണ്ടേയിരുന്നു. 12 വര്‍ഷം മുമ്പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെ ട്ടതാണ് അന്ന് നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന മറിയ എന്ന കൊച്ചുകൂട്ടുകാരിയെ. മൂന്നു ദിവസം നീണ്ടുനിന്ന ആ യാത്രയില്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി. അവളുടെ അമ്മയും മറിയയുമായിരുന്നു ആ യാത്രയില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ നില്‍ക്കുന്ന എല്ലാ സ്റ്റേഷനുകളിലും എന്റെ കൂടെ അവള്‍ ഇറങ്ങി. ഞാന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട് അവളുടെ അമ്മ എതിരൊന്നും പറഞ്ഞില്ല. യാത്രക്കിടയില്‍ ഒരു സ്റ്റേഷനില്‍ എന്നെ കൂടാതെ അവള്‍ ഇറങ്ങി. വണ്ടി വിട്ടുകഴിഞ്ഞാണ് ഞാനും അവളുടെ അമ്മയും അറിയുന്നത്. പെട്ടെന്ന് ചാടിയിറങ്ങി. അവളെ എടുത്തുകൊണ്ട് അടുത്ത കമ്പാര്‍ട്ട്‌മെന്റില്‍ കയറി. വണ്ടി ഓടിത്തുടങ്ങിയതേയുള്ളൂ എന്നതിനാല്‍ അതു സാധിച്ചു. മറിയയും അമ്മയും അല്പം പേടിച്ചു. യാത്രയുടെ അവസാനം എന്നെ വിളിക്കണം എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ നമ്പര്‍ എഴുതി തന്നു. പിന്നെ വന്ന അവളുടെ ആദ്യകത്തില്‍ അവള്‍ ഇങ്ങനെ കുറിച്ചുതുടങ്ങി… ‘എന്റെ മാലാഖ കൂട്ടുകാരന് സ്വന്തം കുഞ്ഞു മറിയ’ പിന്നെ മുടങ്ങാതെ എപ്പോഴും.

പക്ഷേ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ ഒരുപാട് പേര്‍ക്ക് മാലാഖ സൗഹൃദമാണെന്ന്. എല്ലാ ബര്‍ത്ത് ഡേയ്ക്കും വരണം എന്ന് പറഞ്ഞ് എന്നെ വിളിക്കുമെങ്കിലും മൂന്നാം വര്‍ഷമാണ് ഒന്ന് പോകാന്‍ സാധിച്ചത്. ബര്‍ത്ത് ഡേ ദിവസം വീട്ടിലെത്തി. ആഘോഷമൊന്നും കണ്ടില്ല. അവളുടെ അപ്പയും അമ്മയും വല്ല്യമ്മയും ഉണ്ട്. പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ നില്‍ ക്കുകയാണ്. എന്നെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. ഒരുപാട് തവണ ഫോണില്‍ എല്ലാവരും സംസാരിച്ചിട്ടുണ്ട്. മറിയായുടെ അപ്പായെയും വല്ല്യമ്മയെയും ആദ്യമായാണ് കാണുന്നത് എങ്കിലും അപരിചിതത്വം ഒന്നുമില്ലായിരുന്നു. എന്നെയും വണ്ടിയില്‍ കയറ്റി യാത്ര തുടങ്ങി. എങ്ങോട്ടാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും ചോദിച്ചില്ല. മനസ്സില്‍ കരുതി പുറത്തെവിടെയെങ്കിലും ഭക്ഷണം കഴിക്കാന്‍ പോകുന്നതായിരിക്കും എന്ന്. വണ്ടി ചെന്ന് നിന്നത് ബത്‌ലഹെം എന്നെഴുതിയ ഒരാശ്രമത്തില്‍. വണ്ടി നിര്‍ത്തി മറിയ ഇറങ്ങിയപ്പോഴേ കുറേ കൊച്ചുകുട്ടികള്‍ മറിയചേച്ചി എന്നു വിളിച്ചുകൊണ്ട് ഓടിയെത്തി. മറിയ അവരുടെ കൂടെ നടന്നു നീങ്ങി. ഞങ്ങള്‍ സ്ഥാപനത്തിന്റെ ഡയറക്ടറുടെ അരികിലേക്കും. ഡയറക്ടറുടെ സംസാരത്തില്‍ നിന്നു മനസ്സിലായി മറിയയും കുടുംബവും ഇവിടുത്തെ നിത്യസന്ദര്‍ശകരാണെന്ന്. ഏകദേശം 12 മണിയായപ്പോള്‍ വേറെ ഒരു വണ്ടികൂടെ വന്നു. വണ്ടിയുടെ ബോര്‍ഡ് വായിച്ചു ‘ഏയ്ഞ്ചല്‍സ് കാറ്ററിങ്’. പിന്നെ ഞാനെല്ലാം വായിച്ചെടുത്തു. മറിയ അവരുടെ കൂടെ കേക്കു മുറിച്ച്, ഭക്ഷണം കഴിച്ചു. കുറേനേരം അവിടെ ചിലവഴിച്ചു. മടക്കയാത്രയില്‍ മറിയയുടെ അപ്പ പറഞ്ഞു. 11 വര്‍ഷം മുന്‍പ് തുടങ്ങിയതാ. അവള്‍ക്ക് ഓര്‍മ്മ വന്നതിനു ശേഷവും അവള്‍ക്ക് ഇവിടെ ബര്‍ത്ത് ഡേ ആഘോഷിക്കാനാണിഷ്ടം.

ഞാനോര്‍ത്തു കുഞ്ഞുമറിയ ഒരു മാലാഖസൗഹൃദമാണെന്ന്.  ഇപ്പോഴും അവള്‍ അവിടുത്തെ സന്ദര്‍ശകയാണ്. ജന്മദിനം അതു പോലെയുള്ള പ്രധാന ആഘോഷങ്ങളും അവരുടെ കൂടെ ആഘോഷിക്കാനാണവള്‍ക്കിപ്പഴുമിഷ്ടം.

മാലാഖ കൂട്ടുകാരന്‍ എന്ന പേരും മാലാഖ സൗഹൃദം എന്ന ചിന്തയും കുഞ്ഞുമറിയയുടെ സമ്മാനമായിരുന്നു. കുഞ്ഞുമറിയയുടെ കത്തുകള്‍ ഇടക്ക് ചിന്തിപ്പിക്കാറുണ്ടിങ്ങനെ.

ദാഹിക്കുന്നവന് ഒരു പാത്രം വെള്ളം കൊടുക്കുന്ന നിന്റെ മനസ്സില്‍, വിശക്കുന്നവനുമായി ഭക്ഷണം പങ്കുവയ്ക്കുന്ന നിന്റെ മന സ്സില്‍, സങ്കടപ്പെടുന്നവനെ ആശ്വസിപ്പിക്കുന്ന നിന്റെ മനോഭാവ ത്തില്‍, സന്തോഷിക്കുന്നവനോടു കൂടി സന്തോഷം പങ്കിടുന്ന നിന്റെ സ്‌നേഹത്തില്‍, ഇല്ലാത്തവനുമായി ഉള്ളത് പങ്കിടുന്ന നിന്റെ കരുണയില്‍ ഈ മാലാഖ സൗഹൃദമുണ്ട്.

കാവല്‍ക്കാരനാകാന്‍ കടപ്പെട്ടവരാണ് നാമോരോരുത്തരും. ദൈവത്തിന്റെ സ്വരം എന്നോടും നിന്നോടും ചോദിക്കാം. നിന്റെ സഹോദരനെവിടെ? കായേനെപ്പോലെ ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ? എന്ന മറുചോദ്യം കൊണ്ട് രക്ഷപെടാന്‍ നോക്കാന്‍ ഇടവരുത്താതിരിക്കണം.

അല്ലങ്കില്‍ ദൈവത്തിന് അങ്ങനെയൊരു ചോദ്യത്തിനുള്ള അവസരം കൊടുക്കാതിരിക്കാം. ദൈവം നോക്കുമ്പോഴെല്ലാം നമ്മുടെ സഹോദരങ്ങളുടെ കൂടെ നമ്മെ കാണുമാറാകട്ടെ. സഹജന്റെ കാവലായി. അവന് കാവല്‍ മാലാഖയായി ഞാനുണ്ട് എന്ന് കണ്ട് ദൈവം സന്തോഷിക്കട്ടെ.

Many told me about angels but no one showed one

Only the little girl who wiped my tears

when I was alone and crying.

She was not my daughter

She was not my sister

She was not my friend.

She came like an angel

sharing a smile that spreads the heavenly feel

She was my angel friend.

Be an angel friend to everyone.

ഫാ. എബി നെടുങ്കളം mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.