ഈശോയുടെ പീഡാനുഭവ Timeline

ഈശോയുടെ പീഡാനുഭവത്തിന്റെ മണിക്കൂറുകളിലൂടെയുള്ള യാത്ര
വലിയ ആഴ്ചയിലെ അവസാന ദിനങ്ങൾ സഭയിൽ കൃപാമാരി ചൊരിയുന്ന അവസരങ്ങളാണ്. വിശുദ്ധ ഗ്രന്ഥം പറയുന്നതനുസരിച്ചുള്ള ഈശോയുടെ മരണത്തിനു മുമ്പുള്ള 24 മണിക്കൂറാണ് ഈ Timeline ഉള്ളത്. ഈശോയുടെ പീഡാനുഭവത്തിന്റെ ഓരോ മണിക്കൂറും എന്തു സംഭവിച്ചു എന്നറിയാനും അവയെ ധ്യാനിക്കുവാനും അതുവഴി ക്രൂശിതനോടു അടുത്തായിരിക്കാനുമുള്ള ഒരു ഉത്തമ മാർഗ്ഗമാണിത്.

പെസഹാ വ്യാഴം

ഉച്ച സമയം – ഈശോയുടെ ശിഷ്യമാർ പെസഹായ്ക്കു തയ്യാറെടുപ്പു നടത്തുന്നു.

യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കി. (മത്തായി 26:19)

6:00 p.m. – ഈശോ അന്ത്യത്താഴം ആരംഭിക്കുന്നു.

സമയമായപ്പോള്‍ അവന്‍ ഭക്‌ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും.അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു.ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്‌ഷിക്കയില്ല. (ലൂക്കാ 22:14-16)

8:00 p.m. – ഈശോയും ശിഷ്യന്മാരും ഗദ്സെമിനി തോട്ടത്തിലേക്കു പോകുന്നു. 

അവന്‍ പുറത്തുവന്ന്‌ പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്‍മാരും അവനെ പിന്തുടര്‍ന്നു.അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്‌ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍. (ലൂക്കാ 22:39-40)

9:00 p.m. – 3:00 a.m. – യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കുകയും പടയാളികൾ അവിടുത്തെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു.

മുഖ്യ പുരോഹിതന്മാരായിരുന്ന അന്നാസിന്റെയും കയ്യഫാസിന്റെയും അടുത്തേക്കു ഈശോയെ കൊണ്ടു പോകുന്നു. രാത്രി മുഴുവൻ അവൻ തടവറയിൽ കഴിയുന്നു.

ദുഃഖവെള്ളി

6:00 a.m. – ഈശോയെ സെൻഹദ്രീൻ സംഘത്തിനു മുമ്പിൽ ഹാജരാക്കുന്നു പിന്നിട് പീലാത്തോസിന്റെ പക്കലേക്കു അയക്കുന്നു.

പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്‌ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക്‌ കൊണ്ടുവന്നു പറഞ്ഞു:അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ്‌ അവനെ പീലാത്തോസിന്‍െറ മുമ്പിലേക്കു കൊണ്ടുപോയി.(ലൂക്കാ 22:66 , 23:1)

7:00 a.m. – വിചാരണയ്ക്കായി ഈശോ പീലാത്തോസിന്റെ മുമ്പിൽ നിൽക്കുന്നു , പിലാത്തോസ് ഹേറേദോസ് അന്തിഫാസിന്റെ അടുത്തേക്കു ഈശോയെ പറഞ്ഞു വിടുന്നു.

ഇതുകേട്ടു പീലാത്തോസ്‌, ഈ മനുഷ്യന്‍ ഗലീലിയക്കാരനാണോ എന്നുചോദിച്ചു.അവന്‍ ഹേറോദേസിന്‍െറ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍ പീലാത്തോസ്‌ അവനെ അവന്‍െറ അടുത്തേക്ക്‌ അയച്ചു. ആദിവസങ്ങളില്‍ ഹേറോദേസ്‌ ജറുസലെമില്‍ ഉണ്ടായിരുന്നു. (ലൂക്കാ 23:6-7)

8:00 a.m. – ഈശോ ഹേറോദസിന്റെ മുമ്പിൽനിൽക്കുന്നു .ഹേറോദേസും പടയാളികളും  അവനെ നിന്ദിക്കുന്നു.

ഹേറോദേസ്‌ പടയാളികളോടു ചേര്‍ന്ന്‌ അവനോടു നിന്‌ദ്യമായി പെരുമാറുകയും അവനെ അധിക്‌ഷേപിക്കുകയും ചെയ്‌തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്‌ത്രം ധരിപ്പിച്ച്‌ പീലാത്തോസിന്‍െറ അടുത്തേക്കു തിരിച്ചയച്ചു. (ലൂക്കാ 23:11)

8:30 a.m. – ഈശോയെ പീലാത്തോസിന്റെ മുമ്പിൽ വീണ്ടും ഹാജരാക്കുന്നു, ഈശോയെ മോചിപ്പിക്കാൻ അവൻ പരിശ്രമിക്കുന്നു.

 ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ്‌ നിങ്ങള്‍ ഇവനെ എന്‍െറ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഇവനെ ഞാന്‍ വിസ്‌തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇവനില്‍ ഞാന്‍ കണ്ടില്ല.(ലൂക്കാ 23:14)

9:00 a.m. – 10:00 a.m. – ഈശോയെ ചമ്മട്ടികൊണ്ടടിക്കുന്നു, കാൽവരി മലയിലേക്കുള്ള കുരിശു യാത്ര ആരംഭിക്കുന്നു. 

അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടികൊണ്ട്‌ അടിപ്പിച്ച്‌ വിട്ടയയ്‌ക്കും…. അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന്‌ ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ്‌ ചുമലില്‍വച്ച്‌ യേശുവിന്‍െറ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്‌ധിച്ചു. (ലൂക്കാ 23:16, 26)

12:00 p.m. – 3:00 p.m. – ഈശോയെ കുരിശിൽ തറയ്ക്കുന്നു. മൂന്നു മണിക്കൂർ കുരിശിൻമേൽ തൂങ്ങി കിടക്കുന്നു.

തലയോട്‌ എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത്‌ അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ അവന്‍െറ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും-ക്രൂശിച്ചു.യേശു പറഞ്ഞു: പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല. അവന്‍െറ വസ്‌ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. (ലൂക്കാ 23:33- 34)

3:00 p.m. – ഈശോ കുരിശിൽ മരിക്കുന്നു.

അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്‌ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്‌ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു. (ലൂക്കാ 23:44 – 46)

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.