പരിത്രാണാ ധ്യാനഭവനുംആശ്രമങ്ങളും തുറന്ന് വിന്‍സെഷ്യന്‍ വൈദികര്‍ 

വെള്ളപ്പൊക്കത്തെ തുടര്‍ന്നു ദുരിതത്തിലായ കോട്ടയത്തെ ജനങ്ങള്‍ക്ക്‌ സഹായഹസ്തവുമായി വിന്‍സൻഷ്യൻ വൈദികരും രംഗത്തെത്തി. പത്തിലധികം വൈദികരും വൈദികാര്‍ത്ഥികളുമാണ് കോട്ടയത്ത് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കോട്ടയം മുൻസിപ്പാലിറ്റിയുമായി സഹകരിച്ചാണ് സെന്റ്‌ ജോസഫ് പ്രോവിന്‍സിന്റെ കീഴില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അടിയന്തിര സാഹചര്യത്തില്‍ കോട്ടയത്തെ പ്രോവിന്‍ഷ്യല്‍ ഹൌസിന്റെ ക്യാമ്പസും പരിത്രാണാ ധ്യാനഭവനും ആളുകള്‍ക്കായി തുറന്നു കൊടുത്തു. ഇവിടെ എത്തുന്ന ആളുകള്‍ക്കായി ഭക്ഷണവും കുടിവെള്ളവും മറ്റു സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം മുൻസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണവും വെള്ളവും മറ്റു സാമഗ്രികളും എത്തിക്കുന്ന പ്രവര്‍ത്തിയിലാണ് ഇവര്‍ മുഴുകിയിരിക്കുക. കൂടാതെ ഒറ്റപ്പെട്ടു പോയ ആളുകളെ വാഹനങ്ങളിലും മറ്റുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ട് വരുന്നു. വെള്ളം കേറിയ ഇടങ്ങളിലും കേറാന്‍ സാധ്യത ഉള്ള ഇടങ്ങളിലും ഉള്ള ആളുകളെ വാഹനങ്ങള്‍ തയ്യാറാക്കി സുരക്ഷിത മേഖലകളിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് വൈദികര്‍.

കോട്ടയം മുന്‍സിപ്പാലിറ്റിയുടെ പരിസരങ്ങളിലും അടുത്തുള്ള പഞ്ചായത്തുകളിലും എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവര്‍ 8078736547 എന്ന നമ്പരില്‍ ഉടന്‍ ബന്ധപ്പെടണം എന്ന് വിന്‍സെന്‍ഷ്യല്‍ കോട്ടയം പ്രോവിന്ഷ്യാള്‍ ഫാ. മാത്യു കക്കാട്ടുപള്ളിൽ അറിയിച്ചു. കൂടാതെ ഹൈറേഞ്ചിലും തൊടുപുഴ ഭാഗത്തും എന്തെങ്കിലും സഹയം ആവശ്യമുള്ളവര്‍ എത്രയും വേഗം  മുരിക്കാശ്ശേരി ഡി പോള്‍ സ്കൂള്‍, തൊടുപുഴ ഡി പോള്‍ സ്കൂള്‍ ഈ സ്ഥലങ്ങളില്‍ ബന്ധപ്പെടണം എന്നും അദ്ദേഹം അറിയിച്ചു.

വിന്‍സൻഷ്യൻസഭയുടെ എല്ലാ ഭവനങ്ങളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. കൂടാതെ വെള്ളം ഇറങ്ങിയതിനു ശേഷം ഉള്ള തുടര്‍ പരിചരണ പരിപാടിക്കായി വൈദികര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.