‘ജീവന്റെ അമ്മ’ -മാർസെലസമ്മ – യാത്രയാകുമ്പോള്‍ 

വർഷങ്ങൾക്ക് മുമ്പ് മാർസെലസമ്മ കേരളത്തിലെ ഒരു സെമിനാരിയിൽ മാസ ധ്യാനത്തോടനുബന്ധിച്ച്  ക്ലാസ് എടുക്കാനെത്തി. ഒരു സിസ്റ്റർ ആണോ ക്ലാസ്സ് എടുക്കുന്നത് എന്ന നിശബ്ദത ചോദ്യവുമായി ലാഘവത്തോടെ ഇരുന്ന സെമിനാരി ക്കാർക്ക് സിസ്റ്ററിന്റെ മാഹാത്മ്യം എന്താണ് എന്ന് അധികം സമയം വൈകും മുമ്പേ മനസിലായി.

ആ ക്ലാസ്സിൽ ഉണ്ടായിരുന്ന വൈദികാർഥികൾ ഇന്ന് വൈദികർ ആയിരിക്കുന്നു.  ആ കൂട്ടത്തിൽ ഒരു വൈദികൻ സിസ്റ്ററിന്റെ വിയോഗമറിഞ്ഞ് ഇങ്ങനെ പങ്കു വച്ചു.

“അന്ന് സിസ്റ്റർ ഒത്തിരി കാര്യങ്ങൾ ക്ലാസ്സിൽ പറഞ്ഞു. എന്നെ ഏറ്റവും അധികം സ്പർശിച്ചത്  ഗർഭിണികളായ സ്ത്രീകളെ പ്രാർത്ഥനയിലൂടെ ഒരുക്കുന്ന വിധമായിരുന്നു. പ്രാർത്ഥിച്ച് ഒരുങ്ങി പ്രസവത്തിനെത്തിയ സ്ത്രീകളിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും പ്രാർത്ഥിച്ച് ഒരുങ്ങാതെ  പ്രസവത്തിനെത്തിയ സ്ത്രീകളിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും ഏറെ വ്യത്യാസങ്ങൾ ഉണ്ട് എന്ന് സിസ്റ്റർ പറഞ്ഞു. ഡോക്ടർ ആയ തന്റെ അടുത്തെത്തിയിരുന്ന സ്ത്രീകളുടെ ഉദാഹരണങ്ങൾ പറഞ്ഞായിരുന്നു മാർസെലസമ്മ അക്കാര്യം ഞങ്ങൾക്ക് മനസ്സിലാക്കി തന്നത്”

ഒന്ന് നിർത്തിയിട്ട് ആ വൈദീകൻ തുടർന്നു.

“ഇന്ന് ഒരു ഇടവക വികാരിയാണ് ഞാൻ എന്റെ ഇടവകയിലെ ഭാര്യാഭർത്താക്കന്മാരോട് ഞാൻ പറയാറുണ്ട് നിങ്ങൾ പ്രാർത്ഥിച്ച് ഒരുങ്ങിയായിരിക്കണം കുഞ്ഞിനു ജന്മം നൽകേണ്ടത് എന്ന്. മാർസെലസമ്മയുടെ വാക്കുകളാണ് അതിനെന്നെ പ്രേരിപ്പിച്ചത്.”

സിസ്റ്റർ മേരി മാർസെലസ് – കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ അതിന്റെ സമ്പൂർണ്ണതയിൽ സ്വീകരിക്കണം എന്നും ഉറച്ചു വിശ്വസിച്ച കന്യാസ്ത്രി. മക്കളില്ലാത്ത ദമ്പതിമാരുടെ കണ്ണീരിനു മുന്നിൽ പ്രാർത്ഥനയുമായി കൂട്ടുചേർന്ന സിസ്റ്റർ. ദൈവത്തിനൊന്നും അസാധ്യമല്ലെന്ന ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ട് പ്രാർത്ഥനാപൂർവമുള്ള തന്റെ ചികിത്സകളിലൂടെ അനേകം ദമ്പതിമാരുടെ കണ്ണീരൊപ്പിയ ഡോക്ടർ. അതായിരുന്നു സിസ്റ്റർ ഡോ.  മേരി മാർസലസ്. ഒരു കന്യാസ്ത്രീയുടെ സ്നേഹത്തിനപ്പുറം നിൽക്കുന്ന മാതൃ വാത്സല്യത്തിന്റെ ഭാവമായിരുന്ന സിസ്റ്റർ നിത്യതയിലേക്കു യാത്രയാകുമ്പോൾ ഇല്ലാതാകുന്നത്  പകരം വയ്ക്കാന്‍ പറ്റാത്ത മാതൃസ്നേഹത്തിനു ഉടമയെയാണ്.

മൂല്യങ്ങൾ പകർന്ന കുടുംബം 

ചിങ്ങവനം മഠത്തിൽകളത്തിൽ ജോസഫിന്റെയും സാറാമ്മയുടെയും എട്ടുമകളിൽ നാലാമത്തെ കുട്ടിയായി മറിയക്കുട്ടി ജനിച്ചു. മക്കളുടെ പ്രാധാന്യം കുടുംബ ജീവിതത്തിൽ എത്രത്തോളം വലുതാണെന്ന തിരിച്ചറിവും ദൈവം അനുവദിക്കുന്നിടത്തോളം  മക്കളെ ഇരുകൈയ്യും  നീട്ടി സ്വീകരിക്കാൻ മാതാപിതാക്കൾ കാണിച്ച സന്മനസ്സും മറിയക്കുട്ടിയിൽ കുടുംബജീവിതത്തിന്റെ നന്മകളും മക്കളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ബോധ്യങ്ങളും വളരുന്നതിന് കാരണമായി. പരിശുദ്ധ കുർബാനയിലും ജപമാലയിലും അതീവ ഭക്തി ഉണ്ടായിരുന്ന മാതാപിതാക്കൾ അത് തങ്ങളുടെ മക്കളിലേക്കു പകർന്നു നൽകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ മറിയക്കുട്ടി കൈനടി എ ജെ ജോൺ മെമ്മോറിയൽ ഹൈസ്‌കൂളിൽ നിന്ന് ഉയർന്ന മാർക്കിൽ എസ് എസ് എൽ സി പാസായ ഉടനെ സന്യാസ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.

ദൈവീക പദ്ധതികൾ വെളിപ്പെടുന്ന സന്യാസ ജീവിതം 

എസ് എസ് എൽ സിക്കു ശേഷം മാതാവിന്റെ വിസിറ്റേഷൻ സന്യാസ സമൂഹത്തിൽ അംഗമായി ചേർന്നു. 1969 – ൽ വ്രതവാഗ്ദാനം ചെയ്തു സിസ്റ്റർ മേരി മാർസലസ് എന്ന നാമം സ്വീകരിച്ചു.  1974 – ബി എസ് സി സുവോളജിയിൽ ബിദുരം കരസ്ഥമാക്കി. തുടർന്ന് സിസ്റ്ററിനെ വൈദ്യ പഠനത്തിനായി അയയ്ക്കുവാൻ സഭാധികാരികൾ തീരുമാനിച്ചു. പുതിയ ഉത്തരവാദിത്വം തന്നിലേക്ക് ദൈവം നിക്ഷേപിക്കുകയാണെന്നു തിരിച്ചറിയുകയായിരുന്നു സിസ്റ്റർ. ഒപ്പം ദൈവത്തിന്റെ പദ്ധതിക്കും അധികാരികളുടെ തീരുമാനത്തിനും സമ്മതം മൂളി. അങ്ങനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഉള്ള വാതിൽ തുറന്നു.

മെഡിക്കൽ കോളേജിലെ ആദ്യ സിസ്റ്റർ ഡോക്ടര്‍

പഠനം തുടരാൻ ആഗ്രഹിച്ച സിസ്റ്ററിനു മുന്നിൽ അപ്രതീക്ഷിതമായി ആണ് മെഡിക്കൽ കോളേജിന്റെ വാതിൽ തുറക്കുന്നത്. അനുഭവ സമ്പന്നരായവരുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളിൽ കൂടിയുള്ള യാത്രയായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ അവസാനിച്ചത്. സിസ്റ്റർ അവിടെ എത്തിയപ്പോൾ ആദ്യം എല്ലാവർക്കും അത്ഭുതമായിരുന്നു. കാരണം കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പടികൾ അതിനു മുൻപ്  പഠനത്തിന്റെ പേരിൽ ഒരു കന്യാസ്ത്രീയും താണ്ടിയിട്ടില്ലായിരുന്നു. അങ്ങനെ മെഡിക്കൽ കോളേജിലെ ആദ്യ ഡോക്റ്റർ വിദ്യാർത്ഥിയായ സിസ്റ്റർ എന്ന വിശേഷണവും സിസ്റ്ററിനെ തേടിയെത്തി. എം ബി ബി എസ് പൂർത്തിയാക്കിയ സിസ്റ്റർ തുടർന്നുള്ള രണ്ടു വർഷക്കാലം കോട്ടയം കാരിത്താസ്  ആശുപത്രിയിൽ സേവനം ചെയ്തു. തുടർന്ന് ഉപരി പഠനത്തിനായി ആഗ്രഹിച്ച സിസ്റ്ററിനു നിരവധി തടസങ്ങൾ നേരിടേണ്ടി വന്നു.

കാരിത്താസ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ  ജോലി ചെയ്തുകൊണ്ടിരിക്കെ ഒരിക്കൽ സിസ്റ്റർ കരഞ്ഞു കൊണ്ട് ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു. തുടർപഠനത്തിനായി ആഗ്രഹിച്ചിട്ടും അതു നടക്കാത്തതിനാൽ  സിസ്റ്റർ അതീവ ദുഖിതയായിരുന്നു. ‘എനിക്കൊരു അഡ്മിഷൻ തരാന്‍  നിനക്കാവില്ലേ എന്ന സിസ്റ്ററിന്റെ ചോദ്യം ദൈവത്തിന്റെ കാതുകളിൽ എത്തി. അതിനു അവിടുന്ന് മറുപടിയും കൊടുത്തു. ‘ഈ ലോകം മുഴുവൻ ഉള്ള യൂണിവേഴ്സിറ്റികളും എന്റേതല്ലേ.. നിനക്ക് എത്ര ഡിഗ്രി വേണം? ഞാൻ നൽകാം’. തന്റെ ഉള്ളിൽ മുഴങ്ങി കേട്ട ആ ശബ്ദം പരിശുദ്ധാത്മാവ് തനിക്കു നൽകിയ ഉത്തരമാണ് എന്ന് മനസിലാക്കാൻ  സിസ്റ്ററിനു അധികം സമയം  വേണ്ടി വന്നില്ല.  തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെ ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജിൽ അഡ്മിഷൻ ലഭിക്കുകയും അതിൽ ഒന്നാം റാങ്കോടെ പാസ്സാകുകയും ചെയ്തു. പഠനശേഷം വിദേശത്തെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്നതിനോടൊപ്പം ഗൈനക്കോളജിയിൽ വിവിധ ഡിപ്ലോമകൾ കരസ്ഥമാക്കി.

ലിറ്റിൽ ലൂർദിനെ ലൂർദാക്കി മാറ്റാനുള്ള  ദൗത്യവുമായി നാട്ടിലേക്ക് 

ഇടക്ക് അവധിക്കായി ലിറ്റിൽ ലൂർദ് ആശുപത്രിയിൽ എത്തുന്ന സിസ്റ്ററിനോട് ആശുപത്രിയുടെ സ്ഥാപകനായ മോൺ.സിറിയക് മാറ്റത്തിൽ പറയുമായിരുന്നു സിസ്റ്ററിലാണ് തങ്ങള്‍ പ്രതീക്ഷ വെച്ചിരിക്കുന്നത് എന്ന്. അതിനാൽ സിസ്റ്ററിനു അറിയാമായിരുന്നു മാതാവിന്റെ നാമത്തിൽ ഒരു ആശുപത്രി തനിക്കായി കാത്തിരിപ്പുണ്ടെന്ന്‍. ഒടുവില്‍ 1991 – ൽ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിലേക്ക് സിസ്റ്റർ മടങ്ങിയെത്തി.

1956 -ൽ 12  കിടക്കകളോട് കൂടി കിടങ്ങൂർ ഗ്രാമത്തിൽ ആരംഭിച്ച  ആശുപത്രിയാണ് ലിറ്റിൽ ലൂർദ് മെഡിക്കൽ മിഷൻ ആശുപത്രി.  ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ സിസ്റ്ററിന്റെ സുപ്രധാന സേവനങ്ങൾ ഉണ്ട്.  ഈ ആശുപത്രിയുടെ പേര് ലോകമെമ്പാടും എത്തിക്കാൻ ഡോ. സി. മേരി മാർസലസിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജി വിഭാഗത്തിനും ഇൻഫെർട്ടിലിറ്റി ചികിത്സയ്ക്കും കഴിഞ്ഞിട്ടുണ്ട്.  പ്രാർത്ഥനയും ചിത്സയും സമുന്വയിപ്പിച്ചുള്ള ഇവിടുത്തെ ചികിത്സാരീതി ധാരാളം ആളുകളിൽ ശാരീരിക സൗഖ്യത്തോടൊപ്പം മന:ശാന്തിയും പ്രദാനം ചെയ്തു. കേരളത്തിലെ ഒരു ലൂർദായി മാറുകയായിരുന്നു ഈ ആശുപത്രിയും.

സ്തുത്യർഹ സേവനത്തിന്റെ 38  വർഷങ്ങൾ 

പ്രസവ വേദനയെ കുറിച്ചു വാചാലരാകുന്നവരോട് സിസ്റ്റർ പറയും; “രണ്ടോ മൂന്നോ പ്രസവ വേദനയല്ലേ? സഹിച്ചോളൂ. ഞാൻ അനുഭവിച്ചത് അരലക്ഷത്തോളം വരും”. ഒരു സിസ്റ്റർ എന്നതിലുപരി ഒരു അമ്മയുടെ അതെ മനോഭാവത്തോട് കൂടിയാണ് സിസ്റ്റർ ഓരോരുത്തരോടും കൂടി ആയിരിക്കുക. കല്യാണം  കഴിഞ്ഞു  വർഷങ്ങൾ കാത്തിരുന്നിട്ടും കുട്ടികൾ ഉണ്ടാകാത്തവരുടെ ഉള്ളിലെ വേദന എന്താണെന്നു മനസിലാക്കിയ വ്യക്തിയാണ് സിസ്റ്റർ. മക്കളില്ലാതെ കണ്ണീരോടെ തന്റെ മുന്നിലെത്തിയവർക്കു പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും മക്കളെ നൽകാൻ സിസ്റ്ററിനു കഴിഞ്ഞു.

37 വർഷത്തെ സേവനത്തിനിടയിൽ സിസ്റ്ററിന്റെ കൈകളിലേക്ക് ജനിച്ചു വീണത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ആണ്. പലരും ജനിച്ചതാകട്ടെ നീണ്ട  വർഷത്തെ ചികിത്സയ്ക്കും പ്രാർത്ഥനയ്ക്കും ഒടുവിലാണ്. അമ്മയുടെ വയറ്റിൽ കൈകൾ വെച്ച് പ്രാർത്ഥിച്ചുകൊണ്ടാണ് ഓരോ പ്രാവശ്യവും സിസ്റ്റർ പരിശോധന അവസാനിപ്പിക്കുക. ആ പ്രാർത്ഥനയ്ക്ക് ജാതി മത വ്യത്യാസങ്ങൾ ഇല്ലായിരുന്നു. ചികിത്സയുടെ ഫലമായി ഉണ്ടായ കുഞ്ഞുങ്ങളിൽ പലർക്കും പേരുകൾ ഇട്ടതും സിസ്റ്റർ തന്നെയായാണ്. ജീവന്റെ പ്രാധാന്യം എന്താണെന്നും ദൈവം നൽകുന്ന ദാനമാണ് മക്കൾ എന്നുമുള്ള സന്ദേശം അനേകായിരങ്ങളിലേക്കു എത്തിക്കുവാൻ സിസ്റ്ററിനു കഴിഞ്ഞു. തന്റെ ചികിത്സയിൽ ഒരിക്കലും കൃതൃമത്വം കടന്നു വരുവാൻ സിസ്റ്റർ ആഗ്രഹിച്ചിരുന്നില്ല. മക്കൾ മാതാപിതാക്കളുടെ സ്നേഹത്തിൽ നിന്ന്,  പ്രാർത്ഥനയിലൂടെ രൂപം കൊള്ളേണ്ടവർ ആണെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിച്ചിരുന്നു സ്നേഹനിധിയായ ഈ അമ്മ.

ജീവന്റെ സംരക്ഷക

ഭാരത സഭയുടെ പ്രൊലൈഫ് , കുടുംബപ്രേഷിത  പ്രവർത്തനങ്ങൾക്കു  വലിയ  നേതൃത്വം  നല്കാൻ  ഈ സന്യാസിനിക്ക്  സാധിച്ചു. നിസാര  കാരണങ്ങൾ പറഞ്ഞു  അബോർഷന് പലരും ഉപദേശിക്കുമ്പോൾ  ദൈവത്തിൽ  ആശ്രയിച്ചു കൊണ്ട്  ഗർഭിണികൾക്കും കുടുംബാങ്ങള്‍ക്കും  ആശ്വാസം  നൽകുവാനും അവർക്കു തണലായി നിർദേശങ്ങൾ നൽകിക്കൊണ്ട് സദാ സമയം കൂടെ ആയിരിക്കുവാനും സിസ്റ്റർ ശ്രദ്ധിച്ചിരുന്നു. മനുഷ്യജീവനുമായി  ബന്ധപ്പെട്ട ഏതു കാര്യത്തിനും ഏതു  സമയവും ആർക്കും വിളിക്കാൻ കഴിയുമായിരുന്ന വ്യക്തിയായിരുന്നു സിസ്റ്റർ. സഭയുടെ പ്രൊ ലൈഫ് പ്രവർത്തങ്ങളായ വലിയ  കുടുംബങ്ങളെ  ആദരിച്ച  കെസിബിസി  പ്രൊ ലൈഫ്  സമിതിയുടെ  ജീവസമൃദ്ധി  പദ്ധതി, കാരുണ്യ  സന്ദേശ  കേരള  യാത്ര,  ‘ലവ് ആൻഡ്  കെയർ’  തുടങ്ങിയ പരിപാടികളിൽ എല്ലാം സിസ്റ്റർ സജീവമായി പ്രവർത്തിച്ചിരുന്നു. ചുരുക്കത്തിൽ ജീവന് കാവലാളായി മാറുകയായിരുന്നു തന്റെ 37 വർഷത്തെ സേവനത്തിലൂടെ.

സിസ്റ്ററിന്‍റെ നിസ്തുല സേവനത്തെ അംഗീകരിച്ചു കൊണ്ട് നിരവധി പുരസ്‌കാരങ്ങൾ അവരെ തേടി വന്നു. ലൂർദിലെ സിസ്റ്ററിന്റെ സേവനങ്ങൾ വിലയിരുത്തി ഭാരത്ജ്യോതി അവാർഡ്, ‘ബേസ്റ്റ് സിറ്റിസൺ ഓഫ് ഇന്ത്യ’ അവാർഡ്,  അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിസ്യൂട്ടിന്റെ ‘വുമൺ ഓഫ് ദി ഇയർ 2004’ അവാർഡ് തുടങ്ങിയവ അതിൽ ചിലത് മാത്രം. പ്രശസ്തിയുടെ നെറുകയിലും ജീവന്റെ കാവലാളായി നിന്നുകൊണ്ട് അതിനായി പ്രവൃത്തിച്ച സിസ്റ്ററിന്റെ സേവനങ്ങളെ മറക്കാൻ കഴിയില്ല. തന്റെ ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി നിത്യതയിലേക്കു സിസ്റ്റർ യാത്രയാകുമ്പോൾ ജീവൻ സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്വമാണ് നമുക്ക് മുന്നിൽ വയ്ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.