എന്റെ കുമ്പസാരാനുഭവം – ദേവി മേനോന്‍ എഴുതുന്നു..

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. നമ്മുടെ കുടുംബത്തോട് ചേര്‍ന്നുപോകാന്‍, കുടുംബാംഗങ്ങളെ അധികമായി സ്നേഹിക്കാന്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ച് സൂക്ഷ്മതയോടെ പാലിക്കുന്ന ചില അലിഖിത നിയമങ്ങളും, ജീവിതചര്യകളും ഉണ്ട്. നമ്മുടെ മനോധര്‍മ്മം (മനസ്സിന്‍റെ ന്യായം) ആണ് അതിനു ആധാരം. ഓരോ ക്രിസ്ത്യാനിയും തിരുസഭ എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഈശോ എന്ന ശിരസ്സിനോട്‌ ചേര്‍ന്ന്നില്‍ക്കുന്ന അംഗങ്ങള്‍.

തിരുസഭ എന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരേയൊരു ലക്ഷ്യമേ ഒള്ളൂ. ദൈവോന്മുഖമായി ജീവിക്കുക. കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞാല്‍, ഈശോ കാണിച്ചു തന്ന മാതൃക അനുസരിച്ച് നന്മയില്‍ ജീവിച്ച് ഈശോയില്‍ ഒന്നാവുക. തമ്പുരാന്‍റെ പത്തു കല്പനകള്‍ അനുസരിച്ച് ജീവിക്കുക. തിരുവചനത്തിനു സാക്ഷിയായി നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക.

തിരുസഭയുടെ പ്രവേശകകൂദാശകളിലൂടെ നാം ആ കുടുംബത്തിലെ അംഗമാകുമ്പോള്‍ സഭാമാതാവ് നമ്മെ ഏല്‍പ്പിക്കുന്ന ഒരു ദൌത്യമുണ്ട് –“നീ എന്‍റെ പ്രാണപ്രിയനായ ഈശോയെ പോലെ മറ്റൊരു മിശിഹാ ആയിത്തീരണം” എന്ന്. അതിനുള്ള പ്രയാണമാണ് പിന്നീട് നമ്മുടെ ജീവിതം. ആ തീര്‍ത്ഥാടനം ശോഭനമാക്കി തീര്‍ക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് വിശുദ്ധ ബൈബിളില്‍ അടങ്ങിയിരിക്കുന്നത്.

പലപ്പോഴും, ജീവിതസാഹചര്യങ്ങള്‍ (മടി, രോഗാവസ്ഥ, തിന്മയുടെ പ്രേരണ) കൊണ്ടും, ചുറ്റുപാടുകള്‍ (ബന്ധങ്ങള്‍ക്കോ, സ്ഥാനങ്ങള്‍ക്കോ, സമ്പത്തിനൊ കൊടുക്കുന്ന അമിതപ്രാധാന്യം) കൊണ്ടും, നാം ഈ യാത്രയില്‍ പതറുകയോ തളരുകയോ വീഴുകയോ വഴിമാറി പോവുകയോ ചെയ്യും. അപ്പോള്‍ തിരുസഭ നമ്മുടെ മാനസികമായ ആ മുറിവുകള്‍ പഴുത്തുചീഞ്ഞു വൃണമാകാന്‍ സമ്മതിക്കാതെ, മുറിവുണക്കി കഴുകികുളിപ്പിച്ചു വിശുദ്ധിയുടെ കുളിര്‍മ്മയേകി; പരമപരിശുദ്ധനായ ഈശോയില്‍ ഒന്നായിചേരുന്ന തിരുകര്‍മ്മമായ വിശുദ്ധകുര്‍ബാനയ്ക്ക് ഒരുക്കുന്ന ശുദ്ധീകരണ കര്‍മ്മമാണ്‌ കുമ്പസാരം എന്ന കൂദാശ.

തിരുസഭയിലെ പ്രവേശകകൂദാശകളിലൂടെ ഞാന്‍ എന്‍റെ ഈശോയെ സ്വന്തമാക്കിയത് 01-01-2015 നാണ്. മാമോദിസയുടെയും സ്തൈര്യലേപനത്തിന്‍റെയും ഒപ്പം തന്നെയായിരുന്നു എന്‍റെ ആദ്യകുര്‍ബാന എന്നത് കൊണ്ട് കുമ്പസാരം എന്ന കൂദാശ അപ്പോള്‍ സ്വീകരിച്ചിട്ടില്ലായിരുന്നു. വി.കുര്‍ബാന എന്നെ ഈശോയിലേക്ക് അടുപ്പിച്ച ഒരു സുപ്രധാനഘടകം ആയതു കൊണ്ട് ആശങ്കകളോ സംശയങ്ങളോ ഒന്നുമില്ലായിരുന്നു. പക്ഷേ, കുമ്പസാരം ചെറുതായി ആകുലപ്പെടുത്തി എന്നുതന്നെ പറയണം. എന്നെ ആദ്യമായി കുമ്പസാരിപ്പിക്കാന്‍ കൊണ്ട് പോയത് SrMammaയാണ്. മടിച്ചുമടിച്ച് കുമ്പസാരകൂടിനു മുന്നില്‍ വൈദികശ്രേഷ്ടനുമുന്പില്‍ മുട്ടുകുത്തിയ ഞാന്‍ കുറച്ചു നേരം കഴിഞ്ഞ് ആശീര്‍വാദം സ്വീകരിച്ചു എഴുന്നേറ്റത് അതുവരെ അനുഭവിക്കാത്ത ഒരുപ്രിത്യേക നിര്‍മ്മലതയോടെ ആയിരുന്നു. ചില സംശയങ്ങള്‍ ബാക്കിനിന്നെങ്കിലും ആ കിട്ടിയ ഊര്‍ജ്ജം ദൈവകൃപയാല്‍ കുമ്പസാരിക്കാനുള്ള മടി മാറ്റിതന്നു.

പൊതുവേ, ഇതരമതസ്ഥരായ സഹോദരങ്ങളുടെ ധാരണ കുമ്പസാരം എന്നത് ഒരു ക്രിസ്ത്യാനിയുടെ ലൈംഗീകഅധാര്‍മ്മിക ജീവിതത്തിന്‍റെ ഏറ്റുപറച്ചില്‍ എന്നതാണ്. ഒരു പരിധിവരെ സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ ആണ് അതിനു ഉത്തരവാദി. ചില ക്രൈസ്തവ നാമധാരികള്‍ക്കും അതില്‍ പങ്കുണ്ട്. മറ്റൊരു വിശ്വാസത്തില്‍ നിന്ന് വന്ന ഞാനും അങ്ങനെ തന്നെയായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതല്ലാട്ടോ വാസ്തവം.

മിശിഹായുടെ അനുയായി എന്ന ജീവിതാന്തസ്സില്‍ നിന്ന് ഞാന്‍ വ്യതിചലിച്ച എല്ലാ നിമിഷങ്ങളും (ചിന്ത, വാക്ക്, പ്രവര്‍ത്തി) ആണ് പങ്കുവയ്ക്കുന്നത്. ചെയ്യാന്‍ കഴിയുമായിരുന്ന നന്മകള്‍ ഒഴിവാക്കിയത്, ചെയ്യേണ്ടുന്ന കടമകള്‍ ചെയ്യാതിരുന്നത്, ഒഴിവാക്കേണ്ട തിന്മകള്‍ ചെയ്തത്, വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മറ്റുള്ളവരെ ദ്രോഹിച്ചത്, തിരുസഭയുടെ കല്പനകളുടെ ലംഖനം….ഇതെല്ലാം പത്തുകല്പനകളുടെ ലംഖനത്തില്‍പ്പെടും.

ക്രിസ്ത്യാനി ആവാനുള്ള മുന്നൊരുക്കത്തിന്‍റെ പഠനത്തിലാണ് എന്താണ് കുമ്പസാരം എന്ന് മനസ്സിലാക്കിയത്. ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. കുമ്പസാരത്തെക്കുറിച്ച് വളരെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചതും, എല്ലാ സംശയങ്ങളും തീര്‍ന്ന് പൂര്‍ണതയോടെ ആ കൂദാശ സ്വീകരിക്കാന്‍ സാധിച്ചതും നല്ലതണ്ണിയിലെ Nazrani Research Centre ലെ ആരാധനാക്രമാധിഷ്ടിത ധ്യാനത്തില്‍ പങ്കെടുത്തതിന് ശേഷമാണ്. ബഹുമാന്യപ്രിയ മുതുപ്ലാക്കല്‍ അച്ചന്‍റെ കുമ്പസാരത്തെക്കുറിച്ചുള്ള ക്ലാസ്സ് അത്രമാത്രം ബോധ്യം നല്‍കുന്നതായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സമാന അഭിപ്രായമായിരുന്നു.

വീണ്ടും വിഷയത്തിലേക്ക്… ദൈവത്തിന്‍റെ പത്തുകല്പനകള്‍ക്ക് വിരുദ്ധമായുള്ള നമ്മുടെ പ്രവര്‍ത്തി, ചിന്ത എന്നിവയുടെ ശുദ്ധീകരണമാണല്ലോ കുമ്പസാരത്തില്‍ നടക്കുന്നത്. തന്നിലുള്ള ദൈവാത്മാവിനോടും, തന്‍റെ സഹോദരങ്ങളോടും, തിരുസഭയിലെ നിര്‍ദേശങ്ങള്‍ക്കും എതിരെയുള്ള എല്ലാ പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിയാനുള്ള ദൈവകൃപയാണ്‌ കുമ്പസാരത്തിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈശോ സ്ഥാപിച്ച അനുരഞ്ജനകൂദാശയാണല്ലോ കുമ്പസാരം. നമ്മിലുള്ള ദൈവാത്മാവോടും, നമ്മുടെ സഹോദരങ്ങളോടും, തിരുസഭയോടും അതുവഴി ദൈവത്തോടും അനുരഞ്ജനപ്പെടുന്ന കൂദാശ. ഈശോ പാപാവസ്ഥയെയും, രോഗാവസ്ഥയെയും മോചിപ്പിച്ച് നമ്മളെ സൌഘ്യപ്പെടുത്തിയതും വിശുദ്ധീകരിച്ചതുമായ കൂദാശ. നമ്മുടെ ആത്മീയ-ഭൌതിക ജീവിതത്തിലെ പിഴവുകള്‍ തിരിച്ചറിയാനും, മനസ്തപിക്കാനും, ആവര്‍ത്തിക്കാതിരിക്കാനും നമ്മളെ സഹായിക്കുന്ന കൂദാശ. മിശിഹായുടെ അനുയായി എന്ന നിലയിലേക്ക് വ്യക്തയോടെ ഉയര്‍ത്തുന്ന കൂദാശ.

വിശുദ്ധവേദഗ്രന്ഥത്തിലൂടെയുള്ള കുമ്പസാരം എന്ന കൂദാശയുടെ സാധുകരിക്കലും, പ്രതിഫലനവും ഇതിനു മുന്‍പ് എഴുതിയിട്ടുണ്ട്. പക്ഷേ, ഒരുകാര്യം കൂടി പറയാതെ നിര്‍ത്തിയാല്‍ പൂര്‍ണ്ണമാവില്ല.

കുമ്പസാരത്തിലൂടെ ഒരുങ്ങിയാണ് നാം വിശുദ്ധ കുര്‍ബാനസ്വീകരണത്തിന് യോഗ്യരാകുന്നത്. എന്നാല്‍കൂടി അതെത്രമാത്രം ആവശ്യകമാണെന്ന് നമ്മെ ഒന്നുകൂടി ബോധ്യപ്പെടുത്തുന്നതാണ് വിശുദ്ധകുര്‍ബാനയിലെ ദൈവൈക്യശുശ്രൂഷയ്ക്ക് മുന്‍പുള്ള അനുരഞ്ജനശുശ്രൂഷ. അത്രമാത്രം കുര്‍ബാനയും കുമ്പസാരവും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിനു വിശുദ്ധിയുടെ കെട്ടുറപ്പ് നല്‍കുന്ന കുമ്പസാരമെന്ന കൂദാശ മാറ്റിനിര്‍ത്തിയാല്‍ ദൈവാനുഭവം നമ്മില്‍ നിന്നും മാറിനില്‍ക്കും.

ക്രിസ്ത്യാനി ആയിട്ട് മൂന്നര വര്‍ഷം ആയി. പല അച്ചന്മാരുടെ അടുത്ത്, പല സ്ഥലത്ത് കുമ്പസാരിച്ചിട്ടുണ്ട്. പക്ഷേ, ഒരനുഭവമേ ഉണ്ടായിട്ടോള്ളൂ…എന്‍റെ അനുതാപത്തിന്‍റെ ചൂടും കൈവയ്പ്പുവഴി വൈദികന് ലഭിച്ച ദൈവകൃപയില്‍ നിന്നുള്ള ആശീര്‍വാദവും ചേര്‍ന്ന് വിശുദ്ധിയുടെ തണുപ്പും ദൈവസ്നേഹത്തിന്‍റെ തീക്ഷ്ണതയും ആത്മാവില്‍ ജ്വലിക്കുന്ന ദൈവാനുഭവം.

എന്നിലെ മുറിവുകളെയും, പാപവസ്ഥകളെയും ഏറ്റെടുത്തു എന്‍റെ പാപമോചനത്തിനായി യാചിക്കുന്ന പുരോഹിത, അങ്ങയുടെ ആത്മീയചൈതന്യത്തിനും ദൈവൈക്യത്തിനും അതുവഴി അങ്ങയുടെ ജീവിതം നിത്യപുരോഹിതനായ ഈശോയ്ക്കുള്ള സ്വീകാര്യബലിയായി തീരാനും ഈ പാപിയും ദൈവത്തോട് യാചിക്കും.

എന്നെ വേദനിപ്പിക്കുന്നവരെയുംകൂടി എന്‍റെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്താനും, എന്‍റെ ആത്മീയജീവിതത്തില്‍ ദൈവത്തോട് ആഴത്തില്‍ ഐക്യപ്പെടാനും, പിഴവുകള്‍ തിരുത്തി എന്‍റെ ജീവിതം നന്മയില്‍ നയിക്കാനും എനിക്ക് സാധിക്കുന്നത് എന്‍റെ ഈശോ സ്ഥാപിച്ച അനുരഞ്ജനകൂദാശയിലൂടെയാണ്. തിരുസഭ അനുവദിക്കുമെങ്കില്‍ മരണം വരെ ഉപേക്ഷിക്കില്ല.

പ്രാര്‍ത്ഥനകളോടെ, സസ്നേഹം
+ഈശോയുടെ തിരുനാമത്തില്‍
നിങ്ങളുടെ റോസ് മരിയ / അച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.