ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും 12: ബേത്ലഹേം

ദൈവപുത്രനും ലോകത്തിന്റെ രക്ഷകനുമായ ക്രിസ്തുവിന് ജനിക്കാനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. യൂദാ ഭവനങ്ങളിൽ ചെറുതെന്നു സൂചിപ്പിക്കപ്പെടുന്ന സ്ഥലമാണ് ബേത്ലഹേം. ബേത്ലഹേമിനെ മഹത്വമുള്ളതാക്കുന്നത് ക്രിസ്തുവാണ്. സ്വന്തം കർമ്മങ്ങൾ കൊണ്ട് നാം ജീവിക്കുന്ന ഇടങ്ങൾ ഭാവാത്മകമായി  ശ്രദ്ധിക്കപ്പെട്ടാൽ അത് നന്മയാണ്.

ബേത്ലഹേം എന്ന വാക്കിന്റെ അർത്ഥം അപ്പത്തിന്റെ ഭവനം എന്നാണു്. ജനിച്ചയിടം തന്നെ ഒരുവന്റെ വിളിയും ദൗത്യവും അടയാളപ്പെടുത്തിയിരിക്കുന്നു .  അപ്പത്തിന്റെ ഭവനത്തിൽ പിറന്ന ക്രിസ്തുവാണ് പിന്നീട് ജീവന്റെ അപ്പമായി  പുനർജനിക്കുന്നത്.

ഒരു പക്ഷെ ജീവിക്കുന്ന ഇടങ്ങളും കണ്ടുമുട്ടുന്ന വ്യക്തികളും നമ്മുടെ വിളിയേയും, ദൗത്യത്തെയും സൂചിപ്പിക്കുന്നുണ്ടാകാം. കാതോർക്കണം, കേൾക്കണം, കാണണം, തിരിച്ചറിയണം…

ദൈവമേ, വിളിയും ദൗത്യവും തിരിച്ചറിയാൻ അതിലേക്കു ഹൃദയം അർപ്പിക്കാൻ  ഞങ്ങളെ അനുഗ്രഹിക്കണമേ…