ആ സിനിമയില്‍ ക്രിസ്തുമതത്തെയോ പുരോഹിതന്മാരെയോ അധിക്ഷേപിച്ചിരുന്നില്ല

ജയ്‌മോന്‍ കുമരകം

ജയ്‌മോന്‍ കുമരകം

അള്‍ത്താര എന്ന സിനിമയുടെ തിരക്കഥാകൃത്തായ പൊന്‍കുന്നം വര്‍ക്കിയോടൊപ്പം ഒരു മാസം എനിക്കും താമസിക്കേണ്ടി വന്നു. എന്നാല്‍ ഒരിക്കല്‍പോലും ക്രിസ്തുമതത്തെയോ പുരോഹിതന്മാരെയോ അധിക്ഷേപിച്ച് ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. ‘അള്‍ത്താര’ സിനിമയുടെ പിന്നണി പ്രവര്‍ത്തകനും പിന്നീട് സംവിധായകനുമായി മാറിയ സ്റ്റാന്‍ലി ജോസിന്റെ വെളിപ്പെടുത്തല്‍.

ലോകസിനിമയിലെതന്നെ കുമ്പസാര മഹത്വം വെളിവാക്കുന്ന രണ്ടാമത്തെ സംരംഭമായി വിശേഷിപ്പിക്കാം അള്‍ത്താര എന്ന മലയാള ചലച്ചിത്രത്തെ.

സസ്‌പെന്‍ഡ് രാജാവെന്ന് വിഖ്യാതനായിരുന്ന ആല്‍ഫ്രഡ് ഹിച്‌കോക്ക് സംവിധാനം ചെയ്ത സംഘര്‍ഷമുഹൂര്‍ത്തങ്ങളാല്‍ മുഖരിതമായ ഒന്നാന്തരം കലാസൃഷ്ടി ആയരുന്നു ‘ഐ കണ്‍ഫസ്’ എന്ന ഹോളിവുഡ് സിനിമ.

പള്ളിയിലെ കപ്യാര്‍ ഒരു കൊല ചെയ്തിട്ട് അതിന്റെ ആഘാതം മാറുംമുമ്പ് വിരണ്ടു വിഷമിച്ച് ഓടിച്ചെന്ന് അച്ചനോട് കുമ്പസാരത്തില്‍ കുറ്റം ഏറ്റുപറയുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ പാടില്ലെന്ന കത്തോലിക്കാ തിരുസഭയുടെ കര്‍ശന നിയന്ത്രണത്തിന് വിധേയനായി അന്വേഷകരോട് സത്യം വെളിപ്പെടുത്താനാകാതെ വിഷമിക്കുന്ന പുരോഹിതന്‍ നിര്‍ണായക നിമിഷങ്ങളില്‍പ്പോലും കൂദാശയുടെ മഹത്വം കാത്തുസൂക്ഷിക്കുകയായിരുന്നു.

ഇതേ കഥാതന്തുതന്നെ അപ്പടി അടര്‍ത്തിയെടുത്ത് കടുവാ തോമസ് എന്ന് പേരുള്ള കപ്യാര്‍ കൊല ചെയ്തിട്ട് ഫാ. മാന്തോപ്പന്‍ എന്ന വൈദികനോട് കുമ്പസാരിക്കുന്നതും അതേതുടര്‍ന്നുള്ള നൂലാമാലകളും കേരളാന്തരീക്ഷത്തിലുള്ള ഒരു ഇടവകയില്‍ വളരെ ബോധപൂര്‍വമായും ആത്മസംയമനത്തോടെയും പൊന്‍കുന്നം വര്‍ക്കി രചിച്ച നാടകമായിരുന്നു അള്‍ത്താര.

ഈ നാടകത്തിന്റെ പ്രദര്‍ശനവിജയവും വെല്ലുവിളിയായി ഏറ്റെടുക്കാന്‍ പറ്റിയ പ്രമേയത്തിന്റെ സങ്കീര്‍ണതയും ആയിരിക്കാം മെരിലാന്റ് സ്റ്റുഡിയോ ഉടമയും സംവിധായകനുമായ പി. സുബ്രഹ്മണ്യത്തിന് അത് സിനിമയാക്കാന്‍ പ്രേരണ നല്‍കിയത്. ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ മാതൃഭാഷ തമിഴും വിശ്വാസപരമായി വെള്ളാള സമുദായാംഗവും. എന്നിട്ടുപോലും കുമ്പസാരം എന്ന കൂദാശയുടെ ആന്തരികസത്തയും മഹത്വവും ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കുകയുണ്ടായി. കത്തോലിക്കനും അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്ന എന്റെ വിശ്വാസപരമായ ഉത്തരവാദിത്തം എത്ര ഭാരിച്ചതായിരുന്നെന്ന് ഊഹിക്കുകയേ വേണ്ടൂ. അന്നത്തെ എന്റെ പ്രായം ഇരുപത്തിയേഴു വയസും.

കലാസംവിധായകനായ കൊച്ചാപ്പു, നായിക ഷീല, സഹനടി പിറവം മേരി, നടന്മാരായ ജോസഫ് ചാക്കോ, ഇട്ടന്‍ എന്നിവര്‍ കത്തോലിക്കര്‍ ആയിരുന്നെങ്കിലും സിനിമയില്‍ കര്‍ത്തവ്യനിര്‍വഹണത്തിനപ്പുറം തിരക്കഥയിലോ സംവിധാനത്തിലോ ഇടപെടാന്‍ അവകാശമില്ലായിരുന്നു.

പ്രേം നസീര്‍, സൗണ്ട് അസിസ്റ്റന്റ് മൊയ്തീന്‍ എന്നീ മുസ്ലീം മത വിശ്വാസികളും കൊട്ടാരക്കര ശ്രീധരന് നായര്‍, പറവൂര്‍ ഭരതന്‍, അടൂര്‍ ഭാസി, അടൂര്‍ പങ്കജം, ശാന്തി, കാഞ്ചന, ആറന്മുള പൊന്നമ്മ എന്നിവരോടൊപ്പം മറ്റെല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഹിന്ദുമതവിശ്വാസികളായിരുന്നു. എന്നിരുന്നിട്ടും അന്നേവരെ ഒരു സിനിമാചിത്രീകരണത്തിലും ഉണ്ടാകാത്തവിധം അച്ചടക്കവും പരിപാവനവുമായ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ എല്ലാവരും സ്വയം നിയന്ത്രിതരാകുന്നതുകണ്ട് എനിക്ക് അത്ഭുതം തോന്നി.

അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും എല്ലാം വിളിച്ചുകൂട്ടി ‘ഐ കണ്‍ഫസ്’ എന്ന സിനിമ മെരിലാന്റ് സ്റ്റുഡിയോയില്‍ പ്രദര്‍ശിപ്പിച്ച് വേണ്ടുന്ന പഠനങ്ങള്‍ നടത്തി. അള്‍ത്താര നാടകം ടൗണ്‍ ഹാളിലും അരങ്ങേറി സകലരും കണ്ട് അതും വിലയിരുത്തി. അതിനെല്ലാം ശേഷമാണ് ചിത്രീകരണത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. മലയാള സിനിമാചരിത്രത്തില്‍ ഇത് ഒറ്റപ്പെട്ട ഒരു സംഭവവും.

പി. സുബ്രഹ്മണ്യം തികഞ്ഞ ദൈവവിശ്വാസിയും ഈശ്വരഭക്തനുമായിരുന്നതിനാല്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിക്കുന്ന ഫാ. മാന്തോപ്പന്‍ എന്ന പുരോഹിത കഥാപാത്രം യേശുക്രിസ്തുവിന്റെ പ്രതിപുരുഷനാണ് എന്നതുള്‍ക്കൊണ്ട് അദ്ദേഹത്തിന് സെറ്റില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഓരോ ഉപകരണവും പുതുതായി വാങ്ങുകയും പൊടി പറ്റാതെയും കളങ്കമേല്‍ക്കാതെയും ശുദ്ധതയോടെ സംരക്ഷിക്കുന്നതിന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.

ഫാ. മാന്തോപ്പന്റെ മെയ്ക്കപ്പിനുമാത്രം ഓരോ ദിവസവും രണ്ടുമണിക്കൂറില്‍ ഏറെ സമയം ചെലവിടേണ്ടി വന്നു. ആ വേഷധാരിയായ കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്ന നടനാണെങ്കിലോ പതിവിന് വിരുദ്ധമായി ഞങ്ങളോടൊപ്പം ഫലിതസംഭാഷണങ്ങളില്‍ ഏര്‍പ്പെടാതെയും വല്ലപ്പോഴുമുള്ള സിഗരറ്റുവലി പാടെ ഉപേക്ഷിച്ചും ഒറ്റപ്പെട്ട് മാറിയിരുന്ന് ബൈബിള്‍ വായനയില്‍ മുഴുകുകയായിരുന്നു.
തിരക്കഥാരചനാ വേളയില്‍ വേണ്ടി വരുന്ന ചര്‍ച്ചകള്‍ക്കായി അരിസ്റ്റോ ലോഡ്ജില്‍ പൊന്‍കുന്നം വര്‍ക്കിയോടൊപ്പം ഒരു മാസം എനിക്കും താമസിക്കേണ്ടി വന്നു. എന്നാല്‍ ഒരിക്കല്‍പോലും ക്രിസ്തുമതത്തെയോ പുരോഹിതന്മാരെയോ അധിക്ഷേപിച്ച് ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. മുതലാളിത്തം പ്രകടിപ്പിക്കുന്നതിനോട് അമര്‍ഷം ഉണ്ടായിരുന്നുവെന്നുമാത്രം മനസിലായി.

ചിത്രീകരണം തുടങ്ങുന്നതിനുമുമ്പായി ഞാന്‍ നാട്ടിലെത്തി തുമ്പോളിപ്പള്ളി വികാരിയായിരുന്ന ഫാ. ജയിംസ് കണ്ടനാടുമായി സിനിമയിലെ പല രംഗങ്ങളും ചര്‍ച്ച ചെയ്യുകയും തിരുസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമായി മനസിലാക്കുകയും ചെയ്തു. അതിനുശേഷം കലാകാരനും ചെമ്മദോരുമായിരുന്ന അന്തോണിച്ചേട്ടനെ കണ്ട് തിരുക്കര്‍മങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെയും പൂജാവേളകളില്‍ വൈദികര്‍ ധരിക്കുന്ന തിരുവസ്ത്രങ്ങളുടെയും പേരുകള്‍ ചോദിച്ച് കുറിച്ചെടുത്തു.

രംഗങ്ങളും പാട്ടുകളുമായി ഷൂട്ടിങ്ങ് കുറെ പിന്നിട്ടു. ഇടിമിന്നലുള്ള ഒരു രാത്രിയില്‍ ഫാ. മാന്തോപ്പന്‍ ഒരു അത്യാസന്നരോഗിക്ക് അന്ത്യകൂദാശ കൊടുക്കാന്‍ ടോര്‍ച്ചുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ വിജാതീയനായ സംവിധായകന്‍ സുബ്രഹ്മണ്യത്തിന് ആ രംഗത്തിന്റെ ആധ്യാത്മികസത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. അത്യാസന്ന രോഗിക്ക് ഡോക്ടര്‍ എത്തി ഔഷധം നല്‍കുന്നതിനെക്കാള്‍ പ്രധാനമാണ് വൈദികന്‍ നല്‍കുന്ന ഒടുവിലത്തെ ഒപ്രൂശുമായും രോഗീലേപനവും എന്ന് ഞാന്‍ വിവരിച്ചത് സുബ്രഹ്മണ്യത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്ന് ഇന്നും ഞാന്‍ സംശയിക്കുന്നു.
കോടതിയിലെ വിചാരണരംഗങ്ങളില്‍ എതിര്‍ വക്കീലിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഫാ. മാന്തോപ്പന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തിപ്പോകുമോ എന്ന് ഉത്ക്കണ്ഠ ഉളവാകുംവിധം എഴുതിപിടിപ്പിച്ച രംഗങ്ങള്‍ കൊട്ടാരക്കര ശ്രീധരന്‍നായര്‍ തന്റെ അഭിനയപാടവത്താല്‍ മികവുറ്റതാക്കി.

കുമ്പസാരരഹസ്യത്തിന്റെ ഉള്‍ക്കാമ്പ് ഏതൊരു സാധാരണക്കാരനും മനസിലാകുംവിധം പൊന്‍കുന്നം വര്‍ക്കി രചിച്ച ഒരു സംഭാഷണശകലം ഓര്‍മയില്‍നിന്നും ഞാന്‍ ഇവിടെ കുറിക്കുന്നു.അച്ചാമ്മയായി അഭിനയിക്കുന്ന പിറവം മേരിയോട് വൈദികവേഷം ധരിച്ച കൊട്ടാരക്കര ശ്രീധരന്‍ പറയുന്നു: ”എനിക്ക് ഒരു ചായ കൊണ്ടുവന്നു വച്ചിട്ട് കുമ്പസാരത്തില്‍ നീ എന്നോടു പറയുന്നു, ആ ചായയില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന്. എന്നാല്‍ നിന്നെ കുമ്പസാരിപ്പിച്ചശേഷം ആ ചായയില്‍ ഞാന്‍ സംശയിച്ചുകൂടാ.”
പാപം കേള്‍ക്കുന്നത് യേശുവാണ്. പരിഹാരം നല്‍കുന്നതും യേശുതന്നെ. അത് വൈദികന്‍ ഓര്‍മയില സൂക്ഷിക്കേണ്ട കാര്യമില്ല.

തന്റെ മനഃസാക്ഷിക്കും അതില്‍ പങ്കില്ല. വൈദികന്‍ യേശുവിന്റെ ഉപകരണംമാത്രം.ജ്ഞാനസ്‌നാനം സ്വീകരിച്ച് പരിശുദ്ധാത്മാവിനെ ഉള്‍ക്കൊള്ളുകയും ബോധജ്ഞാനം ലഭിക്കുകയും ചെയ്തിട്ടില്ലാത്ത ഒരു സാധാരണ വ്യക്തിക്ക് അതിമഹത്തായ ഈ ദൈവികരഹസ്യം മനസിലാവുക ദുഷ്‌കരംതന്നെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.