ഈശോയുടെ പീഡാനുഭവത്തിനു സാക്ഷ്യം വഹിച്ച 5 വിശുദ്ധർ

ദു:ഖവെള്ളിയിലെ കാൽവരി യാത്ര ഈ വിശുദ്ധരുടെ ജീവിതത്തെ മാറ്റി മറിച്ചു.

കുരിശിന്റെ വഴിയിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ആൾക്കൂട്ടത്തിലെ കാഴ്ചക്കാരിൽ ഒരുവൻ / ഒരുവൾ ആയിരുന്നു. പക്ഷേ ഈശോയുടെ കുരിശുമരണം ചിലരുടെ ജീവിതങ്ങിൽ അടിസ്ഥാനപരമായ മാറ്റത്തിനു കാരണമായി എന്നതിൽ ആർക്കും തർക്കമില്ല.അത്തരത്തിൽ യേശുവിന്റെ പീഡാസഹനത്തിനു ജീവിതം കൊണ്ടു സാക്ഷ്യം വഹിച്ച അഞ്ചു വിശുദ്ധന്മാരെ നമുക്കു പരിചയപ്പെടാം. അവരിൽ ചിലരുടെ പേരുകൾ ബൈബളിലുണ്ട്, ചിലരുടേതു പാരമ്പര്യങ്ങളിലും പീഡാനുഭവ വിവരണത്തിൽ കണ്ടുമുട്ടുന്ന അഞ്ചു വിരോചിത വിശുദ്ധരെ നമുക്കു പരിചയപ്പെടാം.

വി. വെറോനിക്ക

വെറോനിക്കാ എന്ന പേരിന്റെ ഉത്ഭവം വെറാ ഇക്കോൺ എന്ന ഗ്രീക്കു വാക്കിൽ നിന്നാണ്. യാർത്ഥ ചിത്രം എന്നാണ് ഇതിനർത്ഥം. പാരമ്പര്യമനുസരിച്ചു കാൽവരിയിലേക്കുള്ള യേശുവിന്റെ കുരിശു യാത്രയിൽ രക്തം നിറഞ്ഞ മുഖം തൂവാല കൊണ്ടു തുടച്ച വ്യക്തിയാണ് വെറോനിക്കാ. കുരിശിന്റ വഴിയിൽ ഈശോയെ അനുയാത്ര ചെയ്ത അവൾ ഒരു വിശുദ്ധ ജീവിതമാണു നയിച്ചിരുന്നത്. ഈശോയുടെ തിരുമുഖം പതിഞ്ഞ ഒരു തൂവാലയുടെ തിരുശേഷിപ്പ് നോമ്പിലെ അഞ്ചാം ഞായറാഴ്ച റോമിലെ വി. പത്രോസിന്റെ ബസിലിക്കായിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുണ്ട്. ജൂലൈ 12നാണു കത്തോലിക്കാ സഭയിൽ വി. വെറോനിക്കായുടെ ഓർമ്മ ആഘോഷിക്കുന്നത്.

കെറുവീൻകാരനായ വി. ശിമയോൻ

ഈശോയുടെ കുരിശു വഹിക്കാൻ ആദ്യം വിമുഖത കാണിച്ച വ്യക്തിയാണു ശിമയോൻ, എങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി കുരിശു വഹിച്ചപ്പോൾ പരിവർത്തനം വന്ന മനുഷ്യനായി ശിമയോൻ. സഹിക്കുന്ന യേശുവിന്റെ കണ്ണുകളിലേക്കുള്ള നോട്ടം അവന്റെ ജീവിതത്തിന്റെ ദിശ മാറ്റിമറിച്ചു. പാരമ്പര്യമനുസരിച്ചു യേശുവിന്റെ കുരിശുമരണത്തിനു ശേഷം ശിമയോനും മക്കളായ അലക്സാണ്ടറും റൂഫസും ക്രിസ്തുവിന്റെ വിശ്വസ്തരായ ശിഷ്യരായി മാറി, ആദിമകാല സഭയിലെ നേതാക്കന്മാരിയുന്നു അവർ അതിനാലാണ് അവരുടെ പേരു മർക്കോസ് സുവിശേഷകൻ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (മർക്കോസ് 15:21). ശിമയോന്റ തിരുനാൾ ഡിസംബർ ഒന്നിനാണ്.

വി.ദിസ്മാസ്

ലൂക്കായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന “നല്ല കള്ളനാണ് ” ദിസ്മാസ് എന്നാണു പാരമ്പര്യം. കുരിശിൽ കിടന്നപ്പോൾ പോലും നല്ല കള്ളനിൽ വിശ്വാസവും അനുതാപവും കണ്ട “ യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.”(ലൂക്കാ 23:43). ഈശോയുടെ ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നല്ല കള്ളൻ സ്വർഗ്ഗരാജ്യം കരസ്ഥമാക്കി എന്നാണ് ആദിമകാലം മുതൽ സഭ വിശ്വസിച്ചുപോരുന്നത്. സുവിശേഷത്തിൽ പേരു പറയുന്നില്ലെങ്കിലും അപോക്രിഫൽ ഗ്രന്ഥങ്ങളിൽ ദിസ്മാസ് എന്ന പേരു കാണാം. പാരമ്പരാഗതമായി യേശുവിന്റെ കുരിശുമരണത്തിന്റെ തീയതിയായി ഗണിക്കുന്ന മാർച്ച് 25നാണു ദിസ്മാസിന്റ തിരുനാൾ.

വി. ലോങ്ങിനൂസ്

യേശു കുരിശിൽ മരിച്ചതിനു ശേഷം ഒരു ശതാധിപൻ യേശുവിന്റെ വിലാപ്പുറം കുന്തംകൊണ്ടു കുത്തുന്നതും അവിടെ നിന്നു രക്തവും ജലവും ഒഴുകുന്നതു സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അനുഭവം ശതാധിപനെ ഒരു ഉത്തമ ക്രിസ്തു ശിഷ്യനാക്കി മാറ്റി. അതു അദ്ദേഹം ഏറ്റുപറയുന്നുമുണ്ട് , അവന്‌ അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.(മര്‍ക്കോസ്‌ 15:39). സുവിശേഷത്തിൽ പേരു പരാമർശിക്കുന്നില്ലങ്കിലും പിന്നിടുള്ള രേഖകളിൽ ലോങ്ങിനൂസ് എന്ന പേരു കാണാം. ചില ഐതീഹ്യങ്ങൾ അനുസരിച്ചു പന്തിയോസ് പീലാത്തോസിന്റെ കാലത്തു തന്നെ ലോങ്ങിനൂസ് രക്തസാക്ഷിയായി എന്നാണ്. മാർച്ചു പതിനഞ്ചിനാണു വിശുദ്ധന്റെ തിരുനാൾ.

അരിമത്തിയാക്കാരനായ വി. ജോസഫ്

ഇസ്രായലിലെ ധനികനായ വ്യക്തിയായിരുന്ന അരിമത്തിയാക്കാരനായ ജോസഫ് യേശുവിന്റെ മൃതദ്ദേഹം സംസ്കരിക്കാൻ സ്വന്തം കല്ലറ നൽകി. ഈ കല്ലറ യേശുവിന്റെ ഉത്ഥാനത്തിന്റെ സ്വലമായി മാറി. സുവിശേഷത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “ യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍െറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്‌ യേശുവിന്‍െറ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട്‌്‌ അനുവാദം ചോദിച്ചു(യോഹന്നാന്‍ 19:38), ചില പാരമ്പര്യമനുസരിച്ചു ജോസഫ് യേശു അവസാന അത്താഴ സമയത്തു ഉപയോഗിച്ച പാത്രവുമായി ബ്രിട്ടനിൽ വന്നു എന്നു ഗ്ലാസ്റ്റൺബറിയിൽ ഒരു ആശ്രമം സ്ഥാപിച്ചു എന്നും വിശ്വസിക്കുന്നു. മാർച്ചു 17 നാണു അരിമത്തിയാക്കാരനായ വി.ജോസഫിന്റെ തിരുനാൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.