നല്ല സമരിയാക്കാരനാകുക

ജനറല്‍ ഓഡിയന്‍സ്

നമുക്ക് ചുറ്റുമുള്ളവരെ നാം വിസ്മരിക്കരുത്.വിശന്നും കഷ്ടപ്പെട്ടും വീടില്ലാതെയും നിര്‍ധനരായും ജീവിക്കുന്ന അനേകം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് നേരെ പിന്തിരിഞ്ഞ് നില്‍ക്കുന്നത് ഒരു ക്രൈസ്തവനെന്ന നിലയില്‍ അനീതിയാണ്. അവരുടെ ജീവിതത്തില്‍ നല്ല സമരിയാക്കാരനാകാനാണ് നാം ശ്രമിക്കേണ്ടത്. നല്ല സമരിയാക്കാരന്റെ ഉപമ കേട്ടിട്ടില്ലേ? മറ്റുള്ളവകരുടെ കഷ്ടതകളെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണ്. കവര്‍ച്ചക്കാരാല്‍ കൊള്ളയടിക്കപ്പെട്ട് റോഡരികില്‍ കിടന്ന മനുഷ്യന്റെ അരികിലൂടെ നിരവധി പേര്‍ കടന്നു പോയി. വഴിപോക്കരും ലേവ്യരും പുരോഹിതരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരാരും അയാളെ നോക്കിയത് കൂടിയില്ല.

ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായിരിക്കുക എന്നതും കര്‍ത്താവിന്റെ നിയമത്തിന് വിരുദ്ധമാണ്.കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണ് ദൈവത്തിന്റെ നിയമം. ദൈവത്തിന്റെ ആലയം സ്‌നേഹവും കരുണയും നിറഞ്ഞതാണ്. മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്നും അവിടുന്ന് പഠിപ്പിക്കുന്നുണ്ട്. കടന്നുപോയ മറ്റുള്ളവര്‍ ചെയ്തത് പോലെയല്ല സമരിയാക്കാരനായ ആ മനുഷ്യന്‍ ചെയ്തത്. അയാള്‍ പാതയരികില്‍ മുറിവേറ്റ് കിടന്ന മനുഷ്യന് എന്ത് പറ്റിയെന്ന് തിരക്കി. അയാളെ ഒരു സത്രത്തില്‍ കൊണ്ടു ചെന്നാക്കി പണവും നല്‍കിയിട്ടാണ് അയാള്‍ യാത്ര തുടര്‍ന്നത്. ഓരോ ക്രൈസ്തവനും ഇത്തരത്തില്‍ നല്ല സമരിയാക്കാരനായി മാറണം. കരുണാപൂര്‍വ്വമായ പെരുമാറ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അനുകമ്പ. നല്ല സമരിയാക്കാരന്‍ അനുകമ്പയുളളവനായിരുന്നു. അതുകൊണ്ടാണ് അയാള്‍ക്ക് അങ്ങനെ പെരുമാറാന്‍ തോന്നിയത്.

ഇതേ കരുണയും അനുകമ്പയുമാണ് ദൈവം നമ്മളോടും കാണിക്കുന്നത്. നമുക്ക് സഹായവും അനുകമ്പയും ആവശ്യമുള്ളപ്പോള്‍ അത് അവിടുന്ന് അറിയുന്നു. നമ്മുടെ വേദന തിരിച്ചറിയുന്നു. സീമകളില്ലാത്ത കാരുണ്യമാണ് അവിടുന്ന് നമ്മളോട് പ്രകടിപ്പിക്കുന്നത്. അവന്‍ നമ്മുടെ മുറിവുകള്‍ വച്ചുകെട്ടുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ഓരോരുത്തരെയും വ്യക്തിപരമായി അവിടുന്ന് പരിഗണിക്കുന്നു. അതിനാല്‍ കരുണയുള്ളവരായിരിക്കുക. ദൈവം നമ്മളോട് കാണിക്കുന്ന കാരുണ്യം മറ്റുള്ളവരോടും കാണിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.