‘പുതുചരിത്രം എഴുതുന്നവരാകാം’: മൊസാംബിക് യുവതലമുറയെ ആവേശം കൊള്ളിച്ച പാപ്പായുടെ വാക്കുകൾ

സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ ആയിരുന്നുകൊണ്ട് ഒരു പുതുചരിത്രത്തിന്റെ രചയിതാക്കളാകാൻ ആഫ്രിക്കയിലെ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വിവിധ മതവിഭാഗത്തിൽപ്പെട്ട യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ യുവജനകളോട് ഈ കാര്യം സംസാരിച്ചത്.

നിങ്ങളുടെ സ്വപ്‌നങ്ങൾ എങ്ങനെ യാഥാർത്ഥ്യമാക്കും… നിങ്ങളുടെ രാജ്യത്തിന്റെ പ്രസിസന്ധികളെ എങ്ങനെ നിങ്ങൾ അതിജീവിക്കും… തുടങ്ങി നിരവധി ചോദ്യങ്ങൾ ഉന്നയിച്ച പാപ്പാ, അവർക്കായി നിരവധി ഉപദേശങ്ങളും നൽകി. “എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ സന്തോഷത്തെ കവർന്നെടുക്കാൻ ഒന്നിനെയും നിങ്ങൾ സമ്മതിക്കരുത്. നിങ്ങളുടെ പാരമ്പര്യത്തിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സകല നന്മകളേയും പ്രതിഫലിപ്പിക്കുക. നിങ്ങളുടെ ആനന്ദത്തെ കവരുവാൻ ഒന്നിനെയും സമ്മതിക്കരുത്” – പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.

എന്തുകൊണ്ടാണ് ഞങ്ങൾ  നിങ്ങളെ സന്ദർശിക്കുന്നത്. അതിനു കാരണം, നിങ്ങൾ ഞങ്ങൾക്ക് അത്ര പ്രധാനപ്പെട്ടതാണ് എന്നതു കൊണ്ടാണ്. അത് നിങ്ങൾ അറിയുകയും മനസിലാക്കുകയും വിശ്വസിക്കുകയും വേണം. നിങ്ങളുടെ പ്രശ്നങ്ങൾ എന്തുമായിക്കൊള്ളട്ടെ. രാജ്യം നേരിടുന്ന പ്രതിസന്ധികൾ പലതായിക്കൊള്ളട്ടെ. അവയ്ക്കിടയിലും ആകുലതയും ഭീതിയും കൊണ്ട് നിങ്ങളുടെ പ്രത്യാശയെ, സന്തോഷത്തെ നഷ്ടപ്പെടുത്തരുത്. ഒരു രാജ്യത്ത് അവരുടെ യുവജനങ്ങൾ പ്രധാനപ്പെട്ടവരായതിനാൽ പ്രതീക്ഷയോടെ ആ രാജ്യത്തെ മുന്നോട്ടു നയിച്ച് ഒരു പുതുചരിത്രം രചിക്കുവാൻ കടപ്പെട്ടവരാണ് നിങ്ങൾ –  പാപ്പാ യുവജനങ്ങളോട് വെളിപ്പെടുത്തി.