ഓഷ്‌വിറ്റ്സ്സിലെ മാലാഖ സി. ആഞ്ചല മരിയ

ഓഷ്‌വിറ്റ്സ്സിലെ മാലാഖ സി. ആഞ്ചല മരിയ വിശുദ്ധ പദവിയിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ ആഞ്ചല മരിയയുടെ വിരോചിതമായ പുണ്യം ഫ്രാൻസീസ് പാപ്പ അംഗീകരിച്ചു.

1900 മാർച്ച് 26 നു ജർമ്മനിയിലെ റോൾലെക്കനിൽ ഔഗസ്റ്റ് അമാലിയ ദമ്പതികളുടെ എഴുമക്കളിൽ അഞ്ചാമതായാണു മരിയ കസിലിയ ഓട്ട്ഷ്സ് (Maria Cacilia Autsch)
ജനിച്ചത്. ഒരു മെക്കാനിക്കായിരുന്ന ഔഗസ്റ്റ്, കുടുംബം പരിരക്ഷിക്കാനായി രാപകൽ അധ്വാനിച്ചിരുന്നു. നല്ലൊരു കുടുംബിനിയായിരുന്ന അമാലിയായോടു ചേർന്നു മക്കളെ തികഞ്ഞ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താൻ ഭക്തരായ ആ ദമ്പതികൾ ബോധപൂർവ്വം ശ്രദ്ധിച്ചിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പതിനഞ്ചാം വയസ്സു മുതൽ മരിയ ആയ പണി ചെയ്തു തുടങ്ങി. ഇരുപത്തിയൊന്നാം വയസ്സിൽ അമ്മ മരിച്ചതോടെ സഹോദരങ്ങളെ വളർത്തേണ്ട ചുമതല മരിയയിലായി. ക്രിസ്തുവിന്റെ മണവാട്ടിയാകാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബ പ്രാരാബ്ധങ്ങൾ ആദ്യം തടസ്സം സൃഷ്ടിച്ചു. പിന്നിടു അതിനുള്ള അവസരം കൈവന്നപ്പോൾ 1933 സെപ്റ്റംബർ 27-ാം തീയതി ആസ്ട്രിയായിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള സന്യാസസഭയിൽ മരിയ ചേർന്നു.

ആസ്ട്രിയായിൽ വന്ന ആദ്യത്തെ വനിതാ സന്യാസ സമൂഹമായിരുന്നു സ്പെയിൻ സ്വദേശികളായ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ഓഡർ . യുദ്ധ തടവുകാരുടെ വിമോചനത്തിനായി സഹായിക്കുക, ദരിദ്രർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസവും ആതുരശുശ്രൂഷയും ചെയ്യുക എന്നിവ ആയിരുന്നു അവരുടെ പ്രധാന പ്രേഷിത മേഖലകൾ . 1934 ജൂലൈ 4 -ാം തീയതി മരിയ സഭാ വസ്ത്രം സ്വീകരിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ ആഞ്ചല മരിയ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ആഗസറ്റു ഇരുപതാം തീയതി പ്രഥമ വ്രതവാഗ്ദാനം നടത്തിയ ആഞ്ചല മരിയ നേഴ്സറി സ്കൂളിലും, എംബ്രോയിഡി ജോലികൾ പഠിപ്പിക്കുന്നതിലും രോഗി പരിചരണത്തിലും സവിശേഷ ശ്രദ്ധ ചെലുത്തി.1938 സെപ്റ്റംബർ മാസം 28 നു നിത്യവ്രതവാഗ്ദാനം നടത്തി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ നാസി പടയാളികൾ ആസ്ട്രിയ ആക്രമിക്കുകയും സിസ്റ്റഴ്സ് താമസിക്കുന്ന ആശ്രമം പിടിച്ചടക്കാൻ ശ്രമം നടത്തുകയും ചെയ്തു. സി. ആഞ്ചല അവരുടെ ഭവനം സംരക്ഷിക്കുകയും വിയന്നയിലെ സ്പാനിഷ് കോൺസൂളിനെ കൊണ്ടു ആശ്രമം സ്പാനിഷ് അധികാര പരിധിയിലാണന്നു പറയിപ്പിച്ചതോടു കൂടി നാസികൾ ഒന്നടങ്ങിയെങ്കിലും സി. ആഞ്ചല അവരുടെ നോട്ടപ്പുള്ളിയായി. 1940 ആഗസ്റ്റു പത്തിലെ ഒരു പ്രഭാതമാണ് സി. ആഞ്ചലയുടെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചത്. രാവിലെ പാലു വാങ്ങാൻ സി.ആഞ്ചല പുറത്തിറങ്ങിയതായിരുന്നു വഴിയിൽ വച്ചു പരിചിതരായ കുറേ സ്ത്രീകളെ കണ്ടുമുട്ടി. അവർ സംസാരം ആരംഭിച്ചു. ജർമ്മനിയെ സംഖ്യ കഷികൾ ആക്രമിച്ചതും നിരവവധി ജർമ്മൻകാർ മരിച്ചതും ആഞ്ചല അവരോടു വിവരിച്ചു, “യൂറോപ്പിന്റെ മുഴുവൻ ദുരന്തമാണ് ഹിറ്റ്ലർ ” എന്നു പറഞ്ഞു അവൾ സംഭാഷണം അവസാനിപ്പിച്ചു.

ആക്കൂട്ടത്തിലെ നാസി അനുഭാവിയായ ഒരു സ്ത്രീ ഹിറ്റ്ലറിന്റെ രഹസ്യ പോലീസായ ജെസ്റ്റോപ്പയെ വിവരമറിയിച്ചു. തങ്ങളുടെ ലീഡറിനെ അപമാനിച്ചു രാജ്യദ്രോഹത്തിനു ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി സി. ആഞ്ചലയെ അവർ ജയിലിലടച്ചു. ആഞ്ചലയെ പുറത്തിറക്കാൻ സ്പാനിഷ് അധികാരികൾ ഉൾപ്പടെ പലരും ശ്രമിച്ചുവെങ്കിലും അതെല്ലാം വിഫലമായി.

തുടർന്നുള്ള പതിനേഴു ദിവസങ്ങൾ ഈൻസ്ബുർക്കിൽ ക്രൂരമായ പോലീസ് കസ്റ്റഡിയിലായിരുന്നു സി. ആഞ്ചല. പിന്നിടു റാവെൻസ്ബുർക്കിലുള്ള വനിതാ കാംപിലേക്കു അവളെ മാറ്റി. പരിശുദ്ധ ത്രിത്വത്തിന്റെ ഒരു യഥാർത്ഥ ഭക്ത എന്ന നിലയിൽ വിചാരിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളുടെ നടുവിലും അവൾ ഈശോക്കു സാക്ഷ്യം നൽകി. മനുഷ്യ മഹത്വം കാത്തു സൂക്ഷിക്കാൻ സി. ആഞ്ചല നടത്തിയ പരിശ്രമങ്ങൾ പല അന്തേവാസികളും വിവരിക്കുന്നുണ്ട്. “ഗാർഡുമാർ പലപ്പോഴും അവളെ ഉപദ്രവിച്ചുവെങ്കിലും ഒരിക്കലും അവളുടെ മുഖത്തു നിന്നും പുഞ്ചിരിയും ധൈര്യവും അകന്നുപോയിരുന്നില്ല. നരകത്തിലെ അടിത്തട്ടിലെ ഒരു സൂര്യരശ്മി ആയിരുന്നു സി. ആഞ്ചല “

1942 ആഗസ്റ്റു പതിനാറാം തീയതി ആഞ്ചലയെ രണ്ടാംലോകമഹായുദ്ധകാലത്തെ ജർമൻ നിയന്ത്രിതയൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന പോളണ്ടിലെ ഓഷ്‌വിറ്റ്സിലെ മരണ ക്യാമ്പിലേക്കു മാറ്റി. മരണം കാത്തു കിടന്ന അവിടുത്തെ അന്തേവാസികൾക്കു തന്നാൽ പറ്റുന്ന സഹായം പുഞ്ചിരിയോടു ചെയ്തു, ദൈവത്തിലാശ്രയിക്കാൻ അവരെ പഠിപ്പിച്ചും, അവർക്കൊപ്പം സഹിച്ചും പ്രാർത്ഥിച്ചും ജീവിച്ച ആഞ്ചലയെ “ഓഷ്‌വിറ്റ്സ്സിലെ മാലാഖ “ എന്നാണ് അവർ വിളിച്ചിരുന്നത്.” ആഞ്ചല കത്തോലിക്കാ കന്യാസ്ത്രീ ആണന്നു പലർക്കും അറിയില്ല.

1942 ഒക്ടോബറിൽ ആഞ്ചലക്കു ടൈഫോയിഡ് പനി ബാധിച്ചു, ആരോഗ്യം അടിക്കടി ക്ഷയിക്കാൻ തുടങ്ങി. പിന്നീടൊരിക്കലും അവൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തില്ല. 1943 ഡിസംബർ 23നു ഉണ്ടായ ഒരു ഒരു ബോംബാക്രമണത്തിൽ ബോംബിന്റെ ചീള് അവളുടെ ശ്വാസകോശത്തിൽ തുളച്ചു കയറി സി. ആഞ്ചല മരണത്തിനു കീഴടങ്ങി.

2018 മെയ് 21-ാം തീയതി ഫ്രാൻസീസ് പാപ്പ ദൈവദാസിയായ ഈശോയുടെ തിരുഹൃദയത്തിന്റെ ആഞ്ചല മരിയയുടെ വീരോചിതമായ പുണ്യങ്ങളെ അംഗീകരിച്ചു. ഇപ്പോൾ സി. ആഞ്ചല “ധന്യയായി ” ഉയർത്തപ്പെട്ടു. വിശുദ്ധയാകാനുള്ള പടിയിലേക്കു ഒരു ചുവടും കൂടി “ഓഷ്‌വിറ്റ്സ്സിലെ മാലാഖ ” അടുത്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.