കുടുംബ ബന്ധങ്ങൾ സജീവമാക്കാൻ പത്തു വിറ്റാമിനുകൾ

കുടുംബം മനുഷ്യ സമൂഹത്തിന്റെ മൗലീക കോശമാണ്. അതിനു രോഗം വരാതെ സൂക്ഷിക്കണം, വന്നാൽ വേഗത്തിൽ തന്നെ ചികിത്സ തേടണം. ബന്ധങ്ങളിലെ ഉലച്ചിലുകൾ പഴകിയാൽ കുടുംബം ശിഥിലമാകും. ചൈനീസ് തത്വചിന്തകനായ ലൂ ബുവെയ്: കുടുംബം ക്രമമുള്ളതാണങ്കിൽ രാജ്യവും ക്രമം ഉള്ളതായിരിക്കും. രാജ്യം ക്രമമുള്ളതാണെങ്കിൽ, ലോകമെന്നും ഐശ്വര്യം വിളയാടുമെന്ന് ക്രിസ്തുവിനു 300 വർഷങ്ങൾക്കു മുമ്പു കുറിച്ചു. കുടുംബം തകർന്നാൽ ലോകം തകരും. മഹനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ സമൂഹ നിർമ്മിതിയുടെ അടിസ്ഥാന ഘടകമാണ് കുടുംബം…. കുടുംബം പോകുന്നതു പോലെ സമൂഹവും പോകും. ഇതാ കുടുംബ ബന്ധങ്ങളെ സജീവമാക്കാൻ ലൈഫ്ഡേ പത്തു വിറ്റാമിനുകൾ നിർദേശിക്കുന്നു.

1. കുടുംബ പ്രാർത്ഥന മുടക്കരുതേ

കുടുംബ ബന്ധങ്ങളിൽ വഴക്കുകളും കലഹങ്ങളും, സ്നേഹ ശ്യൂനതകളും വിദ്വേഷങ്ങളും അതിന്റെ ഫലമായി വരുന്ന വിവാഹമോചനങ്ങക്കെല്ലാം പ്രധാന കാരണം കുടുംബ പ്രാർത്ഥനയുടെ അഭാവമാണ്. ശ്വാസകോശത്തിനു ഓക്സിജൻ എന്ന പോലെയാണ് ആത്മാവിനു പ്രാർത്ഥന. കുടുംബ ജീവിതത്തിന്റെ കേന്ദ്രവും ഹൃദയവും പ്രാർത്ഥന ആയിരിക്കണം. ഐറിഷ് കത്തോലിക്കാ വൈദീകനും ജപമാല പ്രാർത്ഥനയുടെ പ്രചാരകനുമായ ഫാ. പാട്രിക്ക് പെയ്റ്റന്റെ വാക്കുകൾ ഒരിക്കലും മറക്കരുതേ: ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നില്ക്കുന്നു.

2. അപ്പൻ കുടുംബത്തിന്റെ ശിരസ്സും അമ്മ ഹൃദയവും ആകട്ടെ

കുടുംബത്തിന്റെ ശിരസ്സ് അപ്പനും ഹൃദയം അമ്മയുമായിരിക്കണം. ശിരസ്സും ഹൃദയവും നഷ്ടപ്പെട്ട കുടുംബം മരിച്ച കുടുംബമായിരിക്കും. കുടുംബത്തിലെ ആത്മീയ തലവനാണ് അപ്പൻ, മറ്റൊരർത്ഥത്തിൽ കുടുംബത്തിലെ പുരോഹിതൻ. കുടുംബത്തിൽ ജീവിതത്തോടു എന്നും യെസ് പറയേണ്ട വ്യക്തി. അപ്പൻ ഭാര്യയെയും മക്കളെയും സ്നേഹിക്കണം അതു പോലെ തിരിച്ചും. കുടുംബത്തിന്റെ തലവനായ അപ്പൻ തന്നെ ആയിരിക്കണം കുടുംബ പ്രാർത്ഥനകൾക്കും മുൻകൈ എടുക്കേണ്ടത്. നല്ല അപ്പനായ വിശുദ്ധ യൗസേപ്പു പിതാവിന്റെ മാതൃക ഓർമ്മയിൽ നിലനിർത്തുക.

3. ക്ഷമയും കാരുണ്യവും അണയാതിരിക്കട്ടെ

പല കുടുംബങ്ങളിലും സ്നേഹശ്യൂനതക്കും ശത്രുതയ്ക്കും നിസ്സങ്കതയ്ക്കു ഒക്കെ കാരണം ക്ഷമയും കാരുണ്യവും എന്ന രണ്ടു താക്കോലുകൾ ഇല്ലാത്തതാണ്. കുടുംബാംഗങ്ങൾ പരസ്പരം ക്ഷമിക്കുന്നവരും കരുണയുള്ളവരുമായിരിക്കണം. ഹൃദയപൂർവ്വം ക്ഷമിക്കുമ്പോൾ കുടുംബം ഭൂമിയിലെ സ്വർഗ്ഗമാകും.

4. നല്ല വാക്കു പറയുന്നതിൽ പിശുക്കരുതേ

ബ്രിട്ടീഷ് കവിയായ അലക്സാണ്ടർ പോപ്പ് ഇപ്രകാരം കുറിച്ചു: തെറ്റു ചെയ്യുക മാനുഷികമാണ് ക്ഷമിക്കുക ദൈവീകവും. കുടുംബാംഗങ്ങൾ ഹൃദയത്തിൽ എളിമ പരിശീലിക്കുകയും, നന്ദി , മനോഹരമായിരിക്കുന്നു, എന്റെ തെറ്റാണാത് , എന്നോടു ക്ഷമിക്കണമേ തുടങ്ങിയ വാക്കുകൾ കുടുംബ നിഘണ്ടുവിൽ ഉൾപ്പെടുത്തണം. കുടുംബന്ധങ്ങളെ രക്ഷിക്കാൻ ഈ വാക്കുകൾക്കു മാന്ത്രിക ശക്തിയുണ്ട്

5. ശുശ്രൂഷാ മനോഭാവം മറക്കരുതേ

അന്ത്യത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകൾ കഴുകി യേശു വിനയത്തിന്റെ മഹത്തായ മാതൃക നൽകി. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.(മത്തായി 20:28). ഓരോ കുടുംബാംഗങ്ങളും ശുശ്രൂഷിക്കപ്പെടാനല്ല മറ്റുള്ളവരെ ശുശ്രൂഷിക്കാൻ തൽപരരാകണം.സ്നേഹവും ശുശ്രൂഷയും പരസ്പരം പൂരകങ്ങളാണ്.

6. നന്ദി ദിനചര്യ ആക്കണമേ

എത്ര ചെറുതും അപ്രസക്തവുമായ കാര്യമാണങ്കിലും നന്ദി എന്ന വാക്കു കുടുംബത്തിൽ ദിനചര്യയുടെ ഭാഗമാക്കുക. നന്ദിയില്ലായ്മയാണ് പാപത്തിന്റെ അന്തസത്ത എന്നു വിശുദ്ധ ഇഗ്നേഷ്യസ് ലെയോള പറയുന്നു. അതിനാൽ നമ്മുടെ കുടുംബത്തിൽ നന്ദിയുടെ മനോഭാവം എല്ലാക്കാര്യത്തിലും വളർത്തിയെടുക്കാം.

7. ഗാഡ്ജെറ്റ് (GADGETS) ഫ്രീ സമയം കുടുംബളിൽ ഉണ്ടാക്കണമേ

കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഭക്ഷണ സമയം വളരെ പ്രധാനപ്പെട്ട സമയമാണ്. അതിനാൽ ദിവസത്തിൽ ഒരു നേരമെങ്കിലും എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഒന്നിച്ചിരുന്നുള്ള ഭക്ഷണം ബന്ധങ്ങളെ ഊഷ്മളമാക്കും. ഭക്ഷണ സമയത്തു സമാർട്ട് ഫോൺ, ടി വി, ടാബ്ലെറ്റ് എന്നിവയ്ക്കു വിശ്രമം നൽകുക. വീട്ടുകാരുടെ മുഖം കണ്ടാകട്ടെ നമ്മുടെ ഭക്ഷണം കഴിക്കൽ. ദിവസത്തിന്റെ കുറെ നിമിഷങ്ങൾ യന്ത്രത്തോടു വിടപറഞ്ഞു കുടുംബാംഗങ്ങളോടൊന്നിച്ചു സമയം ചിലവഴിക്കാം. ഓരോ മനുഷ്യ വ്യക്തിയും അമൂല്യമാണ് അവന്റെ ആത്മാവു അനശ്വരവും, കമ്പ്യൂട്ടറും സ്മാർട്ടു ഫോണും വരും പോകും ബന്ധങ്ങൾ ഉലക്കാതെ സൂക്ഷിക്കുക.
8. ശ്രവിക്കാൻ പഠിക്കണമേ

കുടുംബ ജീവിത വിജയത്തിനു മർമ്മ പ്രധാനമാണ് ശ്രവണ കഥ. പരസ്പരം കേൾക്കാൻ സമയം കണ്ടെത്തണം അല്ലങ്കിൽ ബന്ധങ്ങളിൽ വിള്ളലുകൾ വീഴും ജീവിത പങ്കാളിയെ, അപ്പനെ അമ്മയെ മക്കളെ ശ്രവിക്കാൻ തയ്യാറാകുന്ന കുടുംബം ഒരിക്കലും ശിഥിലമാകില്ല.

9. കുടുംബമാകട്ടെ ആഘോഷങ്ങളുടെ പ്രഥമ വേദി

വീടു ആഘോഷങ്ങളുടെ വേദിയാവട്ടെ. ജന്മദിനങ്ങൾ, ആദ്യകുർബാന, വിവാഹം വാർഷികങ്ങൾ, ക്രിസ്തുമസ് , ഈസ്റ്റർ, ഇടവക തിരുനാൾ ഇവയെല്ലാം കുടുംബാംഗങ്ങൾ ഒന്നിച്ചാഘോഷിക്കണം. ആഘോഷിക്കുമ്പോൾ ദൈവത്തെ മറക്കരുത്. വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഓർമ്മയിൽ നിലനിർത്തണം: “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.”(ഫിലിപ്പി 4:4)

10. കുടുംബത്തെ പരിശുദ്ധ മറിയത്തിനു സമർപ്പിക്കണമേ

പരിശുദ്ധ മറിയത്തിനു സ്ഥാനം നൽകുന്ന ഒരു കുടുംബവും അനാഥമാവുകയില്ല. കുടുംബങ്ങളിൽ അത്ഭുതം സംഭവിക്കാൻ മറിയം അവിടെ വേണം. യേശുവിലേക്കു നമ്മുടെ കുടുംബങ്ങളെ നയിക്കുന്ന മാർഗ്ഗ ദർശിയാണ് പരിശുദ്ധ കന്യകാ മറിയം. ഒന്നിച്ചുള്ള ജപമാല ഒരിക്കലും മുടക്കാതിരിക്കുക.അങ്ങനെ ചെയ്താൽ സമാധാനവും, ശാന്തിയും, സ്നേഹവും, ക്ഷമയും ദയയും ആത്മസംയമനമൊന്നും കുടുംബങ്ങളിൽ അന്യം നിന്നു പോവുകയില്ല. അനുദിനം ജപമാല ചൊല്ലുന്ന കുടുംബങ്ങളിൽ ദൈവത്തിന്റെ അമ്മ വാസം ഉറപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ