കൈത്താക്കാലം ഏഴാം ഞായര്‍ – ന്യായാധിപനും വിധവയും ലൂക്കാ 18:1-14

ഫലം ചൂടിനില്‍ക്കുന്ന തിരുസഭയെ അനുസ്മരിക്കുന്ന കൈത്താക്കാലത്തിലെ 7-ാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമ്മുടെ വിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി നല്കുന്നത് വി. ലൂക്കായുടെ സുവിശേഷം 18-അദ്ധ്യായം 1-14 വരെയുള്ള വചനങ്ങളാണ്. നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും അത് എപ്രകാരമാകണമെന്നും ക്രിസ്തു രണ്ട് ഉപമകളിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. ക്രിസ്തുവിനോട് പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു നിന്നാല്‍ മാത്രമേ ഫലം നല്കാനാവൂ എന്ന് തിരുസഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നില്‍ നിലനില്ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഫലം നല്കാന്‍ കഴിയില്ലായെന്ന് യോഹ 15:4 – ലൂടെ ക്രിസ്തു ഇതിന് അടിവരയിടുകയും ചെയ്യുന്നു.

സമീപകാലങ്ങളില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിന് നാം സാക്ഷികളാണ്. ഓഖി ദുരന്തമായും നിപ വൈറസായും, അവസാനം പ്രളക്കെടുതിയായും നാം തരിച്ചുനില്ക്കുകയാണ്. വിദ്യാഭ്യാസത്തിലും വികസനത്തിലും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുമെന്ന് ഊറ്റം കൊള്ളുന്ന ഒരു ശരാശരി മലയാളി ഇന്ന് നിസ്സഹായനാണ്, ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും ഒരു പരിധിയുണ്ടെന്നും അവ നല്കുന്ന സാദ്ധ്യതകള്‍ അനന്തമല്ലെന്നും കുറച്ചുപേരെങ്കിലും തിരിച്ചറിയുന്ന അവസരമാണിത്. ദൈവത്തെ മനുഷ്യഹൃദയത്തില്‍ നിന്നും പറിച്ചുമാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുമ്പോള്‍ അറിയാതെയെങ്കിലും ആരും കേള്‍ക്കാതെയെങ്കിലും ‘ദൈവമേ’ എന്നൊന്നു വിളിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാകുന്നു; കൊതിക്കുന്നു. പക്ഷെ ഇവിടെയും, ദൈവം ഉണ്ടെങ്കില്‍ അവിടുന്ന് സ്‌നേഹനിധിയാണെങ്കില്‍ നിസ്സഹായരായ ഞങ്ങള്‍ക്ക് ഈ ഗതി ഉണ്ടാകുമോ എന്ന വേദനയും ഉയരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ വചനഭാഗം പ്രസക്തമാണ്.
ഇന്നത്തെ സുവിശേഷഭാഗം രണ്ട് ഉപമകളിലായി 4 വ്യക്തിത്വങ്ങളിലൂടെയാണ് കടന്നുപോകുന്നത് നീതിരഹിതനായ ന്യായാധിപന്റെയും നിസ്സഹായയായ വിധവയുടെയും ഉപമയിലൂടെ നിരന്തരം പ്രാര്‍ത്ഥിക്കുന്നതിന്റെ ആവശ്യകതയും ചുങ്കകാരന്റെയും ഫരിസേയന്റെയും ഉപമയിലൂടെ എപ്രകാരം പ്രാര്‍ത്ഥിക്കണമെന്നും വ്യക്തമാക്കുന്നു.

ഇന്ന് നാം വായിച്ചുകേട്ട വചനഭാഗങ്ങള്‍, പഴയനിയമ വായനയും പുതിയ നിയമഭാഗങ്ങളും ഏറ്റവുമധികം ചര്‍ച്ചചെയ്യുക നീതി എന്ന പദമാണ്. മനുഷ്യ നീതിയും ദൈവ നീതിയും നമ്മുടെ ശ്രദ്ധയില്‍ കടന്നുവരുന്നു. പഴയ നിയമവായന ദൈവത്തോടും സഹോദരങ്ങളോടും എപ്രകാരം നീതിയില്‍ വര്‍ത്തിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. അര്‍ഹിക്കുന്നതിനോടൊപ്പം അര്‍ഹിക്കാത്ത കരുതലും വാത്‌സല്യവും കരുണയും ശത്രുക്കള്‍ക്ക് പോലും നല്‍കണമെന്ന് പൗലോസ് ശ്ലീഹാ തെസലോനിക്കാ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സുവിശേഷ ഭാഗത്തേക്ക് തന്നെ നമുക്ക് വരാം. പ്രാര്‍ത്ഥനയുടെ പ്രാധാന്യം ശക്തമായി വരച്ചുകാട്ടുന്ന ലൂക്കാ സുവിശേഷകന്റെ ശൈലി ഈ ഉപമകളില്‍ പ്രകടമാണ്. ഈ ഉപമ ലൂക്കാ സുവിശേഷത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രാര്‍ത്ഥിക്കുവാന്‍ പിന്‍വാങ്ങിയിരുന്ന ഈശോയെയും (3,20:5.16; 6,12) പ്രാര്‍ത്ഥനയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തിരുന്ന ഈശോയെയും (6,28;11;1-13) അവതരിപ്പിച്ച സുവിശേഷകന്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഈ ഉപമകളിലൂടെ ഉറപ്പിക്കുന്നു.

പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ് ക്രിസ്തുവിലുളള വിശ്വാസം അത്യന്താപേക്ഷിതമാണെന്ന് സുവിശേഷകന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. തൊട്ടുമുമ്പത്തെ സുവിശേഷഭാഗം (chptr 14) അവസാനിക്കുക മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. 18-8- ല്‍ ന്യായാധിപന്റെയും വിധവയുടെയും ഉപമയുടെ അവസാനം ‘മനുഷ്യപുത്രന്‍ വരുമ്പോള്‍’ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്ന് ആകുലപ്പെടുന്ന ക്രിസ്തുവിനെ നാം കണ്ടുമുട്ടുന്നു. ഇവിടെ നാം ചിന്തിക്കേണ്ടത് നാം ദൈവത്തോട് പുലര്‍ത്തേണ്ട അടിസ്ഥാന നീതിയായ വിശ്വാസത്തെക്കുറിച്ചാണ്. ദൈവത്തെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും പിഴുതുകളഞ്ഞാല്‍ നാം ഒന്നുമല്ലായെന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ വിശ്വാസമാണ് നമ്മുടെ പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ദൈവഹിതത്തിനു പകരം ഒരുവന്‍ തന്റെ തന്നെ ശരികളിലേക്കു മടങ്ങുക വിശ്വാസത്തിന് എതിരാണ്. മനുഷ്യപുത്രനില്‍ വിശ്വസിക്കാതെയുള്ള മുന്നേറ്റം പാഴ്‌വേല മാത്രമാണ്. ഓര്‍ക്കുക, മനുഷ്യന്‍ ചെയ്ത പാപം അവനെ തന്നെ അവന്റെ അളവുകോലാക്കിയെന്നതാണ്. Man made himself the referance point of his life.

വിധവ എന്നത് നിസ്സഹായതയുടെ പര്യായമാണ് ലൂക്കാ സുവിശേഷത്തില്‍ പലഭാഗത്തും വിധവകളോട് കാരുണ്യം കാട്ടുന്ന ക്രിസ്തുവിനെ അവതരിപ്പിച്ചിട്ടുണ്ട്. LK7,11-17 (Nain) 21,1-3 (Offertory);LK 2:37(Anna);LK:25-26(Enjaj) എന്നിവരെ നാം കണ്ടുമുട്ടുന്നുണ്ട്. ഇവരെല്ലാം നിരാലംബരും അശക്തരുമാണ്. ഇവരെപ്പോലെ അശക്തയായ ഒരു വിധവ ന്യായാധിപന്റെ മുമ്പില്‍ കേഴുമ്പോള്‍ അനീതി നിറഞ്ഞവനെങ്കിലും അയാള്‍ ആ സ്ത്രീയോട് നീതി പുലര്‍ത്തുന്നു. നീതി സത്യസന്ധമായി നല്‍്കണമെന്ന സങ്കീര്‍ത്തനം 82,3-4- ലും എപ്രകാരം ഒരു ന്യായാധിപന്‍ ആകരുതെന്ന് Jer 5, 28.29 ലും നാം വായിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം എതിരായി നില്‍ക്കുന്ന ന്യായാധിപനാണ് ഇവിടെ നീതി നടത്തികൊടുക്കുക ഇയാള്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത സ്വന്തം മനസാക്ഷിയുടെ അളവുകോലില്‍ ജീവിക്കുന്ന വ്യക്തിയാണ്. ദൈവം ആവശ്യമില്ല, നന്നായിട്ട് ജീവിച്ചാല്‍ മാത്രം മതിയെന്ന വാദക്കാരുടെ പ്രതിനിധിയാണ്. അങ്ങനെയൊരാള്‍ നന്മചെയ്യുന്നു. ഒരു താരതമ്യ പഠനം ഇവിടെ ആവശ്യമാണ്. ഇത്രമേല്‍ അനീതി നിറഞ്ഞ ഒരുവന്‍ തീര്‍ത്തും നിസ്സഹായയായ ഒരുവള്‍ക്ക് നീതി നടത്തികൊടുക്കുന്നുവെങ്കില്‍ സ്വന്തം മക്കള്‍ക്ക് പിതാവ് എത്രയോ എളുപ്പം നീതി നടത്തികൊടുത്തിരിക്കും.

പക്ഷെ ഒരു നിബന്ധനയുണ്ട്, നിരന്തരം പ്രാര്‍ത്ഥിക്കണം. എപ്പോഴങ്കിലും ഒരു സമയത്തല്ല തുടര്‍ച്ചയായി. 18,7-ല്‍ ‘രാവും പകലും’ എന്നെ വിളിച്ചു കരയുന്നവര്‍ എന്നാണ് നാം വായിക്കുക. ബൈബിള്‍ പഠിക്കുമ്പോള്‍ പ്രത്യേകിച്ച് പഞ്ചഗ്രന്ഥയില്‍ ‘Merism’ എന്ന സാഹിത്യരൂപം നാം കണ്ടുമുട്ടാറുണ്ട്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ അവയ്ക്കുള്ളിലെ സകലതിനെയും സമന്വയിപ്പിക്കുന്ന രീതി. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ ആകാശത്തിലും ഭൂമിയിലുമുള്ള സകലതിനെയും (Totality) അര്‍ത്ഥമാക്കുന്നു. ഇവിടെ രാവും പകലും എന്നു പറയുമ്പോള്‍ എല്ലാ സമയവും എന്നാണര്‍ത്ഥമാക്കുക. വി.ആഗസ്റ്റിന്‍ പഠിപ്പിക്കുന്നു. ”ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തിന്റെ ഓരോ ചലനവും ഉറങ്ങുമ്പോള്‍ പോലും പ്രാര്‍ത്ഥനയാണ് ”. ഫ്രാന്‍സീസ് പാപ്പ, യുവാക്കളുടെ ഇടയിലും ഡാന്‍സ് ബാറിലും ജീന്‍സ് ധരിക്കുന്നവരുടെ ഇടയിലും നിന്ന് വിശുദ്ധരുണ്ടാകണമെന്ന് പറയുമ്പോള്‍ ഈ മനോഭാവമാണ് ഉദ്ദേശിക്കുക. കണ്ടുമുട്ടുന്നവരെ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുമ്പോള്‍, പുഞ്ചിരിക്കുമ്പോള്‍, ആത്മാര്‍ത്ഥതയോടെ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍, കളിക്കുമ്പോള്‍, ക്ഷമ ചോദിക്കുമ്പോള്‍, ക്ഷമ കൊടുക്കുമ്പോള്‍ നമ്മളും നിരന്തരം പ്രാര്‍ത്ഥിക്കുന്നവരാകും. അതോടൊപ്പം ഫരിസേയനെപ്പോലെ സ്വന്തം നന്മകളിലാശ്രയിക്കാതെ ചുങ്കക്കാരനെപ്പോലെ വിനീതനാവുകകൂടി ചെയ്യുമ്പോള്‍ നാം കൂടുതല്‍ നീതികരിക്കപ്പെടും….സ്വീകാര്യരാവും.

ഇപ്രകാരം സ്വന്തം നന്മകളിലാശ്രയിക്കാതെ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച്, ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടെ നിരന്തരം എളിമയോടെ പ്രാര്‍ത്ഥിച്ച്, ദൈവനീതിയെ പ്രാപിക്കാന്‍ അവിടുന്ന് നമ്മെ ശക്തരാക്കട്ടെ. വലിയ ദുരന്തങ്ങളില്‍ വേദനങ്ങളില്‍ ദൈവത്തിന്റെ കരം നമ്മെ ശക്തിപ്പെടുത്തട്ടെ. അചഞ്ചലമായ വിശ്വാസത്തോടും, പ്രത്യാശ നിര്‍ഭരമായ ശരണത്തോടും കൂടി ദൈവനീതിയെ നമുക്ക് കാത്തിരിക്കാം. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാഎന്നേക്കും….

ബ്രദര്‍ ബാസ്റ്റിന്‍ പുല്ലന്‍ത്താനിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.