ഏറ്റവും പ്രസിദ്ധമായ ‘സൗഹൃദഗാനത്തിന്റെ’ പിന്നിലെ കണ്ണീര്‍ ചരിത്രം

ഫാ. ഷാജൻ വളവിൽ SDB

എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രസിദ്ധമായ ‘സൗഹൃദ ഗാനമാണ് What a friend we have in Jesus, all our sins and griefs to bear! അതിന്റെ രചനയിലേയ്ക്കു ഒരു യാത്ര.

വളരെ മനോഹരമായ ചില വരികൾ രചിക്കപെട്ടുള്ളത് വേദനയുടെ പാരതമ്യതയിലാണ്. ഇംഗ്ലീഷ് കവിയായ ഷെല്ലിയുടെ വാക്കുകൾ കടമെടുക്കുന്നു: Our sweetest songs are those that tell of saddest thoughts – ഏറ്റവും വേദനാജനകമായ ചിന്തകൾ പങ്കുവയ്ക്കുന്നവയാണ് നമ്മുടെ ഏറ്റവും മനോഹരമായ പാട്ടുകൾ.

ജോസഫ് സ്ക്രിവന്റെ (Joseph Scriven) കഥയോർക്കുന്നു. അയർലണ്ടിലെ ഡ്യുബിളിനിൽ 1820 -ൽ സ്ക്രിവെൻ ജനിച്ചു. ട്രിനിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയാൻ തീരുമാനിച്ചു. 1844 – ലെ വസന്തകാലത്ത് യുവത്വത്തിന്റെ വസന്തത്തിൽ ഉള്ളം നിറയെ ഒരുപിടി സ്വപ്നങ്ങളുമായി വിവാഹജീവിതം കിനാവ് കണ്ടു കഴിഞ്ഞിരുന്ന മനോഹരമായ നാളുകൾ. വിവാഹത്തിന്റെ തലേനാൾ സ്ക്രിവെൻസിന്റെ അടുത്തെത്തുവാൻ കുതിരപ്പുറത്തു ഒരു നദിക്കു കുറുകെയുള്ള പാലം കടക്കുകയായിരുന്ന പ്രതിസുത വധു കുതിരപ്പുറത്തു നിന്ന് നദിയിലേക്കു വീണു മുങ്ങി മരിക്കുന്നു.

തന്റെ പ്രിയപെട്ടവളുടെ മുഖത്തേക്ക് നോക്കി സ്ക്രിവെൻസിനു തന്റെ ലോകം അവസാനിക്കുന്നത് പോലെയാണ് തോന്നിയത്. തന്റെ ഗ്രാമത്തിന്റെ പ്രകൃതിസൗന്ദര്യം ഇനി ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ ഇന്നലെകളെക്കുറിച്ചു സ്ക്രീവെൻസിനെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മാനസികമായി തകർന്ന സ്ക്രിവെൻസ് ആശ്വാസത്തിനും മനഃസമാധാനത്തിനുമായി ദൈവത്തിലേക്ക് തിരിയുന്നു. 1845 അദ്ദേഹം കാനഡയിൽ താമസം ആരംഭിച്ചു.

ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തിനെ അടിസ്ഥാനമാക്കിക്കൊണ്ട് മറ്റുമുള്ളവർക്ക് ശുശ്രൂഷ ചെയ്ത് സ്ക്രിവെൻസ് തന്റെ ജീവിതത്തിന് ഒരു പുതിയ അർത്ഥവും പൂർണ്ണതയും കണ്ടെത്തുവാൻ ശ്രമിച്ചു. ദൈവത്തിന്റെ സ്നേഹം തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയെന്നതായിരുന്നു സ്ക്രിവെൻസിന്റെ പിന്നീടുള്ള ജീവിതലക്ഷ്യം.

സഹായം അഭ്യർത്ഥിച്ചവരെ ആരെയും അവൻ നിരസിച്ചില്ല. രോഗികൾക്കും ആലംബഹീനർക്കും അവന്റെ സാനിധ്യം ആശ്വാസം പകർന്നു. സ്ക്രിവെൻസ് താമസിച്ചിരുന്ന പോർട്ട് ഹോപ്പ് എന്ന ഗ്രാമത്തിലെ നല്ല സമരിയക്കാരനെന്നു അവനെ മറ്റുള്ളവർ സ്നേഹത്തോടെ വിളിച്ചു. അനേകവർഷങ്ങൾ സ്ക്രിവെൻസിന്റെ താമസം ഒരു റിട്ടയർ ചെയ്ത ഇംഗ്ലീഷ് നാവിക ക്യാപ്റ്റൻ പെങ്ങിലിസിന്റെ ഒപ്പമായിരുന്നു .

ആ കാലഘട്ടത്തിലാണ് പെങ്ങിലിസിന്റെ സഹോദരപുത്രി എലിസ റോഷിനെ കണ്ടുമുട്ടുന്നതും അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. 1854 -ലെ വസന്തകാലത്തു വിവാഹം നടത്തുവാൻ തീരുമാനിച്ചു. സ്ക്രിവന്റെ ജീവിതത്തിനു പുത്തൻ പ്രതീക്ഷകളും സ്വപനങ്ങളും നിറം പകർന്നു. വിവാഹത്തിന് ഏതാനം ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ സ്ക്രിവന്റെ ജീവിതത്തെ വീണ്ടും ദുരന്തം തകർത്തു. എലിസ ന്യൂമോണിയ ബാധിച്ചു 23 -മത്തെ വയസ്സിൽ മരണമടഞ്ഞു.

താൻ സ്നേഹിച്ച പെൺകുട്ടിയുടെ അകാലത്തിലുള്ള മരണം സ്ക്രിവന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. വീണ്ടും അവൻ തന്റെ ആത്മാർത്ഥ സുഹൃത്തായ ദൈവത്തിലേക്ക് ആശ്വാസത്തിനായി തിരിഞ്ഞു. അടുത്ത വര്‍ഷം അയർലണ്ടിലുള്ള തന്റെ അമ്മയ്ക്ക് അവൻ ഒരു കവിത എഴുതി അയച്ചു. ജീവിതത്തെ തർക്കുന്ന വേദനയുടെ തീച്ചൂളയിൽ പ്രത്യാശയോടെ പിടിച്ചു നിൽക്കുവാൻ സഹായിച്ച ദൈവവുമായുള്ള തന്റെ ആത്മാർത്ഥ സൗഹ്രദത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ കവിതയുടെ വരികൾ.

What a friend we have in Jesus,
all our sins and griefs to bear!
What a privilege to carry
everything to God in prayer!
O what peace we often forfeit,
O what needless pain we bear,
all because we do not carry
everything to God in prayer.

ജീവിതദുഃഖത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ സ്ക്രിവെൻ ദൈവമായുള്ള യഥാർത്ഥ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് തന്റെ ലളിതവും അർത്ഥഗർഭവുമായ വരികളിലൂടെ നമ്മെ നയിക്കുന്നു . അവൻ തന്റെ ദൈവത്തെ കണ്ടത്, സ്വർഗത്തിൽ പേടിപ്പെടുത്തുന്ന ഒരു അമാനുഷിക പ്രതിഭാസമായല്ല , മറിച്ചു ഒരു സ്നേഹിക്കുന്ന അപ്പനായും മനസിലാക്കുന്ന സുഹൃത്തയുമായിരുന്നു. തുടർന്നുള്ള സ്ക്രിവന്റെ ദൈവസ്നേഹത്തിന്റെ പ്രത്യക്ഷ പ്രഘോഷണമായിരുന്നു. “Preach always, if needed use words”, ഫ്രാൻസിസ് അസീസിയുടെ വാക്കുകളുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു പിന്നീടുള്ള സ്ക്രിവന്റെ ജീവിതം.

അവൻ തന്റെ ജീവിതം കൊണ്ട് നിശബ്ദമായി ദൈവ സ്നേഹം പ്രഘോഷിച്ചു. ഇന്ന് ഒരു നുറ്റാണ്ടിനിപ്പുറവും കാലത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന അനശ്വരമായ ആ വരികൾ ദൈവസ്വഭാവത്തിന്റെ ആഴങ്ങളിലെക്കു നമ്മെ കൈപിടിച്ചു നടത്തുന്നു.

എന്റെ വേദനകളും പാപങ്ങളും ഏറ്റെടുക്കുന്ന എത്ര നല്ല സുഹൃത്താണ് എന്റെ ഈശോ “What a friend we have in Jesus, all our sins and griefs to bear!

എല്ലാവർക്കും സൗഹൃദദിനത്തിന്റെ ആശംസകൾ!

Happy Friendship Day!

ഫാ.  ഷാജന്‍ വളവില്‍ എസ്.ഡി.ബി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.