ഉത്ഥിതനെ തേടി 08 – ഹൃദയം

സുവിശേഷത്തിൽ ഈശോ പറയുന്നത്, ഹൃദയത്തിൽ നിന്നും വരുന്ന കാര്യങ്ങൾ ഒരുവനെ അശുദ്ധനാക്കുന്നു എന്നാണ്. അതിനാൽ നമ്മൾ ഹൃദയശുദ്ധി ഉള്ളവരായിരിക്കാൻ പരിശ്രമിക്കണം. മനസ്സിൽ എന്തൊക്കെയാണോ നമ്മൾ സംഗ്രഹിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ ഓരോ പ്രവർത്തനങ്ങളും. പൗലോസ് ശ്ലീഹ തീത്തോസിനോടു പറയുന്നു: “ആരെയും പറ്റി തിന്മ പറയാതിരിക്കാനും കലഹങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക” (തീത്തോസ്‌ 3:2).

നുണയുടെയും കാപട്യത്തിന്റെയും മര്യാദയില്ലായ്മയുടെയും ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഹൃദയമില്ലാത്ത മനുഷ്യരുടെ എണ്ണവും അവർ ചെയ്യുന്ന ഹൃദയമില്ലാത്ത പ്രവർത്തികളും കൂടിവരുന്നു. എല്ലാത്തിന്റെയും പ്രധാന കാരണം നാം നമ്മിലേയ്ക്ക്‌ എന്തുകൊടുക്കുന്നു എന്നതു തന്നെയാണ്. വചനത്തിൽ ഈശോ ചോദിക്കുന്നു: “മുള്‍ച്ചെടിയില്‍ നിന്ന്‌ അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ?” (ലൂക്കാ 6:44). നമ്മുടെ ഹൃദയത്തിൽ നന്മകൾ സൂക്ഷിക്കാം. ചുറ്റുമുള്ള ഹൃദയങ്ങൾക്ക് നന്മകൾ കൊടുക്കാം.

പ്രാർത്ഥിക്കാം

ഈശോയെ, എനിക്കുവേണ്ടി കുത്തിത്തുറക്കപ്പെട്ട നിന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന തിരുച്ചോരത്തുള്ളിയാൽ എന്റെ ഹൃദയത്തെ കഴുകി വിശുദ്ധമാക്കണമേ. അങ്ങനെ എന്റെ ഹൃദയവും ഹൃദയത്തിൽ നിന്നു പുറപ്പെടുന്നതും വിശുദ്ധമാകട്ടെ. ആമ്മേൻ.

നിയോഗം

കഠിനഹൃദയരായ എല്ലാ മക്കൾക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ചവയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ കഠിനഹൃദയരായ എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

ആരെയും പറ്റി തിന്മ പറയാതിരിക്കാനും കലഹങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക (തീത്തോസ്‌ 3:2).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.