ജപമാല ചില നുറുങ്ങു അറിവുകൾ

പരിശുദ്ധ കന്യകാമറിയം ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിടുന്നു. ഈ അവസരത്തിൽ മഹനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ കടമെടുത്താൽ “മറിയത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും യേശുവിന്റെ തിരുമുഖം ധ്യാനിക്കണം അതിനുള്ള ഉത്തമ ഉപാധിയാണ് ജപമാല പ്രാർത്ഥനാ “ മറിയത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും യേശുവിന്റെ തിരുമുഖം ധ്യാനിക്കുന്ന ജപമാലയെക്കുറിച്ചു ചില നുറുങ്ങു അറിവുകൾ.

1. ജപമാലയുടെ സ്ത്രീ എന്ന പേരു മറിയം വെളിപ്പെടുത്തിയത് ഫാത്തിമയിലെ പ്രത്യക്ഷപ്പെടലുകളിലാണ് .1917 ഒക്ടോബർ 13 നു സംഭവിച്ച മിറക്കിൾ ഓഫ് സണിലാണ് പരിശുദ്ധ മറിയം ജപമാല രാജ്ഞി ആയി സ്വയം വെളിപ്പെടുത്തിയത്

2. പരിശുദ്ധ കന്യകാമറിയം പോർച്ചുഗലിലെ ഫാത്തിമാ യിൽ 6 തവണയാണു പ്രത്യക്ഷപ്പെട്ടത് ,ഓരോ തവണയും ജപമാല ജപിക്കുവാൻ മാതാവു ആവശ്യപ്പെട്ടു.

3. ജപമാല ചൊല്ലുന്ന വൈദീകർക്കു നിങ്ങളെ സഹായിക്കാൻ കഴിയും എന്ന് ജപമാലയുടെ വൈദീകൻ എന്നറിയപ്പെടുന്ന ഫാ. പാട്രിക് പെയ്റ്റൺ പറയുന്നു.

4. ഫാ. പെയ്റ്റന്റ രണ്ടു മൊഴികൾ നമ്മൾ എന്നും ഓർമ്മയിൽ സൂക്ഷിക്കണം: പ്രാർത്ഥിക്കുന്ന ലോകം സമാധാനത്തിന്റെ ലോകമാണ് . ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു ജീവിക്കുന്നു.

5. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പക്കു ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥന ജപമാല ആയിരുന്നു. .

6. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ജപമാലയുടെ ശ്രേഷ്ഠതയെക്കുറിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല എന്ന പേരിൽ ഒരു അപ്പസ്തോലിക ലേഖനം തന്നെ എഴുതുകയുണ്ടായി

7. പരിശുദ്ധ കന്യകാ മറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക പ്രബോധനത്തിലാണ് “പ്രകാശത്തിന്റെ രഹസ്യങ്ങൾ ” ജപമാലയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ ഉൾചേർത്തത്.

8. പ്രകാശത്തിന്റെ രഹസ്യങ്ങൾ താഴെപ്പറയുന്നവയാണ് . യേശുവിന്റെ മാമ്മോദീസാ, കാനായിലെ കല്യാണം, ദൈവരാജ്യ പ്രഘോഷണവും മാനസാന്തരത്തിനുള്ള ആഹ്വാനവും, യേശുവിന്റെ രൂപാന്തരീകരണം, വിശുദ്ധ കുർബാാനയുടെ സ്ഥാപനം.വ്യാഴാഴ്ച ദിവസമാണ് ഈ രഹസ്യങ്ങൾ സാധാരണ ജപിക്കുന്നത്.

9. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ദിവസവും ജപമാലയുടെ പതിനഞ്ചു രഹസ്യങ്ങളും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. സുവിശേഷത്തിന്റെ സംഗ്രഹമെന്നാണ് ജപമാലയെ ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ വിശേഷിപ്പിക്കുക.

10. ജപമാല ഒരു ബൈബിൾ പ്രാർത്ഥനയാണ്. ജപമാലയിലെ ഓരോ പ്രാർത്ഥനയും , രഹസ്യവും ബൈബിൾ അധിഷ്ഠിതമാണ്.

11. ഒരു ജപമാലയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപം ആറു തവണയും നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന മിനിമം അൻപത്തിമൂന്നു തവണയും ഉപയോഗിക്കുന്നു. ഈ രണ്ടു പ്രാർത്ഥനകളും ബൈബളിൽ നിന്നു പിറവിയെടുത്തതാണ്.

12. ജപമാലയുടെ പാപ്പ എന്നറിയിപ്പെടുന്നതു മഹാനായ പതിമൂന്നാം ലെയോ മാർപാപ്പയാണ് (1878-1903). ആറു വർഷക്കാലം സെപ്തംബർ മാസത്തിൽ ജപമാലയെക്കുറിച്ചു ചെറിയ ചാക്രിക ലേഖനങ്ങൾ അദ്ദേഹം എഴുുതിയിരുന്നു.

13. വിശുദ്ധ ലൂയിസ്‌ ദി മോൺഫോർട്ട് ജപമാലയെ മനുഷ്യ വ്യക്തിയുടെ ഘടനയുമായി താരതമ്യപ്പെടുത്തുന്നു. മനുഷ്യ ശരീരത്തിനു ആത്മാവും ശരീരവുമുള്ളതുപോലെ ജപമാലയ്ക്കു അവയുണ്ട്. ജപമാലയുടെ ശരീരം വാചിക പ്രാർത്ഥനകളാണെങ്കിൽ ജപമാലയുടെ ആത്മാവു ദിവ്യ രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ്. ധ്യാനാത്മക ജപമാല ശക്തമായ പ്രാർത്ഥനയാണ്.

14. പരിശുദ്ധ കന്യകാ മറിയത്തിനു ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥന നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയാണ്. 50 നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന അടങ്ങിയ ജപമാല, മറിയത്തിന്റെ വിമലഹൃദയത്തിനു ഏറ്റവും പ്രസാദകരമായ സമ്മാനമാണ്.

15. പതിനാറാം നൂറ്റാണ്ടിൽ ലെപ്പാന്റോ യുദ്ധത്തിൽ ജപമാല പ്രാർത്ഥനയുടെ ശക്തിയാൽ മുസ്ലിം അധിനിവേശത്തിനെതിരെ ക്രൈസ്തവർ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഒക്ടോബർ ഏഴാം തീയതി ജപമാല രാജ്ഞിയുടെ തിരുനാൾ അഞ്ചാം പീയൂസ് പാപ്പ സഭയിൽ ആരംഭിച്ചത്.

16. പലരും ജപമാല പ്രാർത്ഥന ജപിക്കുവാൻ സമയം ഇല്ലാ എന്നു പരാതി പറയുന്നു. ഒരു ദിവസം പതിനഞ്ചു മിനിറ്റ് കണ്ടെത്തിയാൽ ജപമാല പ്രാർത്ഥന ജപിക്കുവാൻ കഴിയും .

17. ജപമാല ക്ലാസിക്കുകൾ. ജപമാലയെക്കുറിച്ചുള്ള രണ്ടു മഹത്തായ കൃതികളും രചിച്ചത് ലൂയിസ് ദി മോൺ ഫോർട്ടാണ് , The Secret of the Rosary , True Devotion of Mary. എന്നിവയാണ് ആ കൃതികൾ.

18. മെയ് പരിശുദ്ധ മറിയത്തിന്റെ മാസം, ജൂൺ മാസം ഈശോയുടെ തിരുഹൃദയ ഭക്തിയുടെ മാസം, ജൂലൈ ഈശോയുടെ അമുല്യമായ തിരു രക്തത്തിന്റെ മാസം, ഒക്ടോബർ ജപമാല ഭക്തിയുടെ മാസം .ഒക്ടോബറിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ജപമാല ഭക്തി എന്നു നാം ഓർമ്മിക്കേണം.

19. ആധുനിക കാലഘട്ടത്തിലെ വിശുദ്ധ പാദേ പിയോ തന്റെ ആത്മീയ സന്താനങ്ങളോട് ദിവസവും ജപമാല ചെല്ലി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്നു.

20. സാത്താനിക വൈദീകനിൽ നിന്നു വിശുദ്ധനീലേക്കു ബാർത്തോളോ ലോങ്ങോയെ നയിച്ചതു ജപമാല പ്രാർത്ഥനയാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തി അവർണ്ണനീയമാണ്. അതിൽ ശരണപ്പെടുന്നവർ രക്ഷ പ്രാപിക്കും.

21. ജപമാല കുടുംബ സംരക്ഷണ പ്രാർത്ഥന. ജപമാല അനുദിനം ജപിക്കുകുന്ന കുടുംബങ്ങൾ ദൈവാനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും കവചം സ്വയം തീർക്കുന്നു. കുടുംബാംഗങ്ങളെ അവ ഒന്നിച്ചു ചേർക്കുന്നു.

22. മെയ് 13, 1981 , മെയ് 13, 1982. ഇവ രണ്ടും ജപമാല ഭക്തർ മറക്കാതെ സൂക്ഷിക്കേണ്ട രണ്ടു ദിനങ്ങൾ. 1981 ലെ മെയ് പതിമൂന്നിനാണു ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു വെടിയേറ്റത്, രണ്ടാമത്തെ ദിനത്തിൽ നന്ദി സൂചകമായി പാപ്പ ഫാത്തിമാ മാതാവിന്റെ മുമ്പിൽ മുട്ടുകുത്തി ജപമാല ജപിക്കുകയും, തന്റെ ശരീരത്തിൽ പതിച്ച ബുള്ളറ്റ് ഫാത്തിമാ മാതാവിന്റെ കിരീടത്തിൽ അണിയിക്കുകയും ചെയ്തു. മെയ് പതിമൂന്നാം തീയതിയാണു പരിശുദ്ധ മറിയം ഫാത്തിമായിൽ മൂന്നു ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.