ഒക്‌ടോ. 23: മിഷന്‍ ഞായര്‍ പ്രസംഗം

റവ. ഫാ. സേവ്യര്‍ തേക്കനാല്‍ MCBS

ഇന്നത്തെ വചനയാത്ര ചെറുതല്ലാത്തൊരു ഭാരമാണ് നമ്മുടെ ചുമലുകളില്‍ നിക്ഷേപിക്കുന്നത്. ഇടക്കിടെ തെളിഞ്ഞുവരുന്ന ചില നിര്‍ദ്ദേശങ്ങളാലും ശാസനകളാലും കല്പനകളാലും ഓര്‍മ്മപ്പെടുത്തലുകളാലും സമ്പന്നമാണ് സുവിശേഷങ്ങള്‍. സ്‌നേഹിക്കണം,  പൊറുക്കണം, കൊടുക്കണം, കരുണകാണിക്കണം മുതലായ ചില സ്‌നേഹപൂര്‍വ്വമായ ഓര്‍മ്മപ്പെടുത്തലുകള്‍ സുവിശേഷം നല്‍കുന്നുണ്ട്. എന്നിരിക്കിലും, ഇന്നത്തെ സുവിശേഷം അല്പംകൂടി കനപ്പെട്ടതും ഉത്തരവാദിത്വബോധത്തിന്റെ ആധിക്യത്താല്‍ അലസരായി ജീവിക്കുന്നതില്‍നിന്ന് മൃദുവായി ഉണര്‍ത്തുന്നതുമായ ഒരു കല്പനയെക്കുറിച്ചാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് – നിങ്ങള്‍ ലോകം മുഴുവന്‍ പൊയി സുവിശേഷം പ്രസംഗിക്കുവിന്‍.

വി. ഗ്രന്ഥത്തിലാകെ മുഖരിതമാകുന്ന ദൈവിക വചനങ്ങളെ ഇഴതിരിച്ചെടുത്താല്‍ അവയില്‍ കല്പനകളും വാഗ്ദാനങ്ങളും അനേകമുണ്ടെന്ന് കാണാവുന്നതാണ്. നിങ്ങള്‍ എന്റെ കല്പനകള്‍ പാലിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങളെന്റെ ജനവുമായിരിക്കുമെന്ന് അല്പം ശാഠ്യത്തോടും സ്‌നേഹത്തിന്റെ ധാരാളിത്തത്തോടും കൂടി അവിടുന്ന് പറഞ്ഞുവയ്ക്കുന്നു. ആദ്യം കല്പന, പിന്നീട് വാഗ്ദാനം. ആദ്യമെ നിങ്ങളെന്റെ പാതയിലെ പഥിതരാവുക. വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങള്‍ മന്നാപോലെ പൊഴിയും, മഞ്ഞു മേഘം പോലെ പൊതിയും. ഇന്ന് നാം വായിച്ച സുവിശേഷത്തിലുമുണ്ട് divyavani-merge-fileവാഗ്ദാനത്തിന്റെയും കല്പനയുടെയും ഒരു ദ്വന്ദം. ലോകമുള്ള കാലത്തോളം ഞാന്‍ നിങ്ങളോടുകൂടെയുാകും എന്ന് ക്രിസ്തു പറയുമ്പോള്‍ ആശ്വാസം കൊള്ളുന്ന നമ്മള്‍ പക്ഷെ അതോടൊട്ടിനില്ക്കുന്ന കല്പനയെ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നു. പോകണം, ശിഷ്യപ്പെടുത്തണം, സ്‌നാനപ്പെടുത്തണം, പഠിപ്പിക്കണം. പ്രപഞ്ചാവസാനത്തോളം നീണ്ടു കിടക്കുന്ന തന്റെ ഭാവി ശിഷ്യഗണത്തോട് അവന്‍ നല്കുന്ന അതീവ പ്രാധാന്യമേറിയ നാലു നിര്‍ദ്ദേശങ്ങളാണീ ക്രിയകള്‍.

മിഷനറിമാര്‍ എന്നൊരു ഗണമുണ്ട്. നാടും, വീടും വിട്ട് സ്വന്തവും ബന്ധവും ത്യജിച്ച് അകലങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ടവര്‍. അവരുടെ ചുമലുകളിലേക്ക ഔദാര്യത്തോടെ നാമീ ഭാരം വച്ച് കൊടുക്കുന്നു. ഇനി ഇവയെല്ലാം അവരുടെ ചുമതല. പോകട്ടെ, പ്രസംഗിക്കട്ടെ, സ്‌നാനപ്പെടുത്തട്ടെ, പിന്നെ എവിടെയെങ്കിലും കിടന്ന് മരിച്ചുകൊള്ളട്ടെ. പ്രസംഗവും പഠിപ്പിക്കലുമെല്ലാം സമര്‍പ്പിത-പുരോഹിത പഥികര്‍ നടത്തട്ടെ. ഞാനിവിടെ സ്വസ്ഥമായി ഇരുന്നു കൊള്ളാം. മിഷന്‍ ഞായറാഴ്ച ഔദാര്യംപോലെ നല്കുന്ന ഏതാനും തുട്ടുകള്‍കൊണ്ട് ക്രിസ്തു നല്‍കുന്ന ഈ കനപ്പെട്ട ചുമടിന്റെ ഭാരം നീങ്ങുന്നില്ല എന്നോര്‍മ്മിപ്പിക്കാനാണ് വര്‍ഷാവര്‍ഷങ്ങളില്‍ മിഷന്‍ ഞായര്‍ നമ്മെ തേടിവരുന്നത്. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ചെറുതല്ലാത്ത ഒരു അശാന്തിയും അസഹ്യതയും നമ്മിലുണര്‍ത്താന്‍ പോരുന്നൊരു ദിനം.
പ്രേഷിതദൗത്യം എല്ലാ ക്രിസ്തുശിഷ്യന്മാര്‍ക്കുമുളളതാണ്. മിഷനറിമാര്‍ക്കു മാത്രമായുള്ളതല്ല. എല്ലാവരിലേയ്ക്കും ഒരേ അളവിലാണ് അത് നിപതിക്കുന്നത്. ചിലരതിനെ ജീവിതത്തിന്റെ ഏകനിയോഗമായി വരിച്ച് സ്വജീവിതങ്ങളെ സമര്‍പ്പിക്കുന്നു. അവരാണ് മിഷനറിമാര്‍. പക്ഷേ ക്രിസ്തുവിന്റെ ദിവ്യസന്ദേശം ലോകമെമ്പാടുമെത്തിക്കാനുള്ള നമ്മുടെ ദൗത്യം എല്ലായ്‌പ്പോഴും നമ്മെ പിന്തുടരുന്നുണ്ട്. ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല, പ്രഘോഷിക്കേണ്ടവര്‍ കൂടിയാണ്. പ്രഘോഷിക്കാത്തവര്‍ ക്രിസ്താനികളല്ല; അതു തീര്‍ച്ച.

ഞാനെങ്ങനെ ക്രിസ്തുവിനെ പ്രഘോഷിക്കണം? എനിക്കാഗ്രഹമുണ്ട്. പക്ഷേ, ഗാര്‍ഹസ്ഥ്യ ജീവിതചര്യയുടെ എടുക്കാന്‍ വയ്യാത്ത ഭാരങ്ങള്‍ എന്നെ ആവശ്യത്തിലധികം വലയ്ക്കുന്നു. അഥവാ, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒടുങ്ങിതീരാന്‍ വിധിക്കപ്പെട്ട എന്റെ അഭിശപ്ത ജന്മത്തിന് എന്ന് പുറത്ത് കടന്ന് ഞാനേറെ സ്‌നേഹിക്കുന്ന ഈശോയ്ക്ക സാക്ഷ്യം വഹിക്കാനാകും? നമ്മുടെ ദുഃഖങ്ങളാണിവ. പക്ഷേ ചില ജീവിതങ്ങള്‍ നമ്മെ മറ്റൊരു വഴി പഠിപ്പിച്ചു തരുന്നു. അതാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ കുറുക്കുവഴി.

കൊച്ചുറാണിക്ക്  വലിയ ആശയുണ്ടായിരുന്നു, ലോകത്തിലെമ്പാടും ചെന്ന് ഈശോയെ അറിയിക്കാന്‍. പക്ഷേ , അവളുടെ നിയോഗം മറ്റൊന്നായിരുന്നു. ലിസ്യൂവിലെ മിണ്ടാമഠത്തിന്റെ കനപ്പെട്ട ചുമരുകള്‍ക്കുള്ളിലേക്ക്  നിശബ്ദയായി അവള്‍  നടന്നു കയറിയപ്പോള്‍ ദൃഢനിശ്ചയത്തിന്റെ അഗ്നിസ്പുലിംഗങ്ങള്‍ അവളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു. ശേഷജീവിതം പ്രേഷിതര്‍ക്കുവേണ്ടിയുള്ള ഒരു തപസ്യയായിരുന്നു. അവളുടെ നിരന്തരാന്വേഷണം അവളെ പുതിയൊരു വഴിയിലെത്തിച്ചു. അതായിരുന്നു കുറുക്കുവഴി. ഓരോ കുഞ്ഞുജോലിയും, പുല്ലുപറിക്കുന്നതാകട്ടെ, പൂവിറക്കുന്നതാകട്ടെ, അവയൊക്കെ അവള്‍ വിശുദ്ധനിയോഗങ്ങളോടെ പ്രേഷിതര്‍ക്കായി സമര്‍പ്പിച്ചു. വെറുമൊരു കൗമാരക്കാരി അവളുടെ കുഞ്ഞു നൊമ്പരങ്ങളെ ക്രിസ്തുവിന് കാണിക്കയായി കൊടുത്ത് പകരം ഓരോ ആത്മാവിന്റെയും രക്ഷയ്ക്കായി അവകാശമുന്നയിച്ചു. സമര്‍പ്പിതജീവിതം ധാരാളമായി നൊമ്പരങ്ങളും സഹനങ്ങളും സമ്മാനിച്ചപ്പോഴും വാശിയോടെ തന്നെ അതെല്ലാമവള്‍ ആത്മാക്കളുടെ രക്ഷയായി മാററി. പ്രേഷിത പ്രപഞ്ചത്തില്‍ ഹിമാലയം പോലെ ഉയര്‍ന്നുനില്ക്കുന്ന ഫ്രാന്‍സിസ് സേവ്യറിനൊപ്പം ആരാലുമറിയപ്പെടാതെ വിരിഞ്ഞു കൊഴിഞ്ഞുപോയ ഈ വയല്‍പ്പൂവിനെ സഭ ആഗോളമിഷന്റെ മദ്ധ്യസ്ഥയായി അവരോധിച്ചു.

പി. സി അബ്രാഹമെന്ന കുഞ്ഞേട്ടനെ പരിചയപ്പെടാത്തവര്‍ ചുരുക്കമാണ്. വിശുദ്ധി പ്രസരിപ്പിക്കുന്ന ഒരു ചിരിയുമായി ആത്മാക്കളെ തേടിനടന്ന തേജോമയന്‍. മിഷന്‍ലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും സമര്‍പ്പിത ജീവിതത്തിലേക്ക്  യുവതീയുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമായി അവസാനശ്വാസംവരെ അലഞ്ഞു, ആ ധന്യയോഗി. അദ്ദേഹം നേടിയത്ര ആത്മാക്കളെ നേടാന്‍ ഈ കാലഘട്ടത്തില്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. സാമാന്യജീവിതത്തിന്റെ ബലിനിലങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്ന അപൂര്‍വ്വ പുഷ്പങ്ങളാണിവര്‍. ഇവരെപ്പോലെയാകാന്‍ അധികം പ്രയാസമില്ല. ഉള്ളില്‍ കത്തുന്ന ദൈവസ്‌നേഹത്തെ അവഗണിക്കാതെയും അണയാനനുവദിക്കാതെയും ഇരുന്നാല്‍ മതി. ആയിരിക്കുന്ന അവസ്ഥയില്‍ സുവിശേഷം പ്രസംഗിക്കാം, സ്വന്തം ജീവിതത്തിലൂടെ സുവിശേഷാനുസൃതമായ മാതൃകാ ജീവിതം വഴി യേശുവിന സാക്ഷ്യം നല്കാം. വംശപരമ്പരയില്‍നിന്ന് ചിലരെയെങ്കിലും ക്രിസ്തുവിന്റെ ദൗത്യത്തിനായി അടര്‍ത്തി മാറ്റാം. വരിയായി നമ്മെ കാത്തുനില്ക്കുന്ന സഹനാവലിയെ പുണ്യത്തിന്റെ പൂക്കളായി മാറ്റി മിഷനറിമാരായ നമ്മുടെ സഹോദരങ്ങളെ നമുക്ക് സഹായിക്കാം. വിയര്‍പ്പു ചിന്തി നേടിയ സമ്പാദ്യത്തിന്റെ ഒരു കൊച്ചു വിഹിതത്തെ നിറഞ്ഞ മനസ്സോടെ ദാനം ചെയ്യാം. അപ്പോള്‍ നമ്മളും ക്രിസ്തുവിന്റെ പ്രേഷിതദൗത്യത്തെ ഏറ്റെടുക്കുകയാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവനെത്തന്നെ അവഗണിച്ച അദ്ധ്വാനിക്കുന്ന അനേകം മിഷനറിമാരുടെ നിരയിലേക്കു അവകാശത്തോടെ നടന്നുകയറാം. അപ്പോഴാണ് യുഗാന്ത്യം വരെ നമ്മോെടാത്തുായിരിക്കുമെന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാഗ്ദാനത്തില്‍ നാമും അവകാശികളാകുന്നത്.

കടപ്പാട്: ദിവ്യവാണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.