‘മുന്തിരി വളളികൾ തളിർക്കുമ്പോൾ,’ നമ്മുടെ മനസ് കുളിര്‍ക്കുന്നു

എയ്മി ഗ്ലാഡി
എയ്മി ഗ്ലാഡി

“മുന്തിരി വളളികൾ തളിർക്കുമ്പോൾ” – രണ്ട് മണിക്കൂറുകൾ കൊണ്ട് നമ്മുടെ മനസ്സിൽ നന്മയുടേയും സ്നേഹത്തിൻറെയും വിത്തുകൾ പാകി മുളപ്പിക്കുന്ന മനോഹരമായ ഒരു ദൃശ്യാനുഭവം. വാടിപ്പോയ ജീവിതവല്ലികളെ തളിർപ്പിക്കുന്ന ആത്മാർത്ഥമായ വൈവാഹിക പ്രണയത്തിൻറെ ആർദ്രത ഈ സിനിമയിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നുണ്ട്.

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്. വി. ജെ. ജെയിംസിന്റെ പ്രണയോപനിഷദ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ സിനിമ. മോഹന്‍ലാല്‍, മീന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന  ഈ ചിത്രത്തിൽഅനൂപ് മേനോന്‍, അലൻസയർ ലേ ലോപസ്, നെടുമുടി വേണു, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സിന്ധുരാജ് ആണ്.

സ്വന്തം കുടുംബത്തിനുളളിലെ സ്നേഹത്തിൻറെ തെളിനീരുറവ കാണാനോ, ആസ്വദിക്കാനോ സാധിക്കാത്ത വിധം യാന്ത്രികതയിലായിപ്പോയ ഉലഹന്നാൻ സാങ്കൽപ്പിക സ്നേഹത്തിൻറെ മരുപ്പച്ച തേടി അലഞ്ഞു നടക്കുന്നു. ഒടുവിൽ സ്വന്തം ഭവനത്തിനുളളിൽ തന്നെ ആ സ്നേഹത്തിൻറെയും പ്രണയത്തിൻറെയും നീർച്ചാലുകൾ കണ്ടെത്തുമ്പോൾ യഥാർത്ഥമായ സന്തോഷവും സ്വാതന്ത്ര്യവും അയാൾ അനുഭവിക്കുകയാണ്.

സിനിമ കണ്ടിരിക്കുമ്പോൾ ഉലഹന്നാൻ എന്ന കഥാപാത്രം അനുഭവിക്കുന്ന യാന്ത്രികതയും നിസ്സഹായതകളും പരിഭ്രമങ്ങളും പ്രേക്ഷകരിലേക്കു കൂടി ഉൾച്ചേരുന്ന വിധം അത്ര സ്വാഭാവികമായാണ് ഓരോ രംഗവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതേപോലെ തന്നെ അയാൾ തേടിനടന്നവയെല്ലാം സ്വന്തം ഭവനത്തിനുളളിൽ കണ്ടെത്തുമ്പോൾ പ്രേക്ഷകർക്കും അതൊരു വലിയ ആനന്ദവും ഉൾക്കാഴ്ചയുമാകുന്നു.

ഒരുപാട് തിരിച്ചറിവുകളുടെ വെളിച്ചമാണ് ഈ സിനിമ. ഒരു നല്ല വാക്കിൻറെയും സ്നേഹാന്വേഷണത്തിൻറെയും ശക്തി എത്ര വലുതാണെന്ന് ആനിയമ്മ ഉലഹന്നാന് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ഒരു നല്ല വാക്കെന്ന താക്കോൽ കൊണ്ട് സ്വന്തം ജീവിത പങ്കാളിയുടെ മനസ്സിലേയ്ക്ക് പ്രവേശിക്കുമ്പോൾ അതിശയിപ്പിക്കുന്ന സ്നേഹ സന്തോഷങ്ങളുടേയും നന്മകളുടേയും വിസ്മയ ലോകത്തേയ്ക്ക് ഓരോരുത്തരും പ്രവേശിക്കുന്നു എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.

നിർദ്ദോഷമെന്നു കരുതപ്പെടുന്ന കൂട്ടു കെട്ടുകളിലൂടെയും, മദ്യപാന സദസ്സുകളിലൂടെയും നാം പോലുമറിയാതെ വന്നു ചേരുന്ന ചില കെണികളെ പ്പറ്റിയും ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. ഒരു തമാശയ്ക്കായി കൊണ്ടു നടക്കുന്ന വിവാഹേതര ബന്ധങ്ങൾ പോലും മനുഷ്യരുടെ ശരീരത്തിനും മനസ്സിനും കുടുംബത്തിനും എത്രമേൽ ഹാനികരമായി ഭവിക്കും എന്ന് അനൂപ് മേനോൻറെ വേണുക്കുട്ടൻ എന്ന കഥാപാത്രം നമുക്ക് ബോദ്ധ്യപ്പെടുത്തിത്തരുന്നു. അനാവശ്യമായ അത്തരം ബന്ധങ്ങൾ കൗതുകപൂർവ്വം നോക്കി നിൽക്കുന്നതു പോലും നമ്മെ ദുർഘടത്തിലാക്കാം എന്ന് കാണാവുന്നതാണ്.

മാതാപിതാക്കളുടെ പരസ്പര സ്നേഹവും കരുതലും ,കണ്ടും അനുഭവിച്ചും വളരുന്ന മക്കൾ വൈകാരിക പക്വത കൈവരിക്കുമെന്ന സത്യത്തിലേയ്ക്കും ഈ സിനിമ വെളിച്ചം വീശുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിട്ടും , കുലീനതയോടും,ശാന്തതയോടും,പക്വതയോടും കൂടെ പെരുമാറുന്ന രണ്ട് കുടുംബിനികൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കുക തന്നെ ചെയ്യും. ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ ആ നടി നന്നായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ഏതൊരു മനുഷ്യനെയും ഏറ്റവും നല്ല രീതിയിൽ സ്വാധീനിക്കുന്ന മികച്ച ഒരു കുടുംബചിത്രമാണിത്. എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തുണ്ടാക്കിയ രുചികരമായ ഒരു വിഭവം പോലെ.

എയ്മി ഗ്ലാഡി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.