ലോകത്തെ വിസ്മയിപ്പിച്ച 10 ക്രിസ്തുമസ് സിനിമകളിലൂടെ!

ഈ ക്രിസ്മസ് കാലത്ത് കാണുന്നതിനായി ലോകത്തെ മികച്ച പത്ത് ക്രിസ്മസ് സിനിമകള്‍ ലൈഫ് ഡേ പരിചയപ്പെടുത്തുന്നു.

1. ഇറ്റ് ഈസ് എ വണ്ടര്‍ഫുള്‍ ലൈഫ് – 1946

അതിഭീകരമാം വിധം അസ്വസ്ഥമായ ഒരു ബിസിനസുകാരനെ ഒരു മാലാഖ സഹായിക്കുന്നതാണ് കഥ. 1946-ല്‍ പ്രേക്ഷകരിലെത്തിയ ഈ അമേരിക്കന്‍ ഫാന്റസി സിനിമ ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് എന്ന ചെറുകഥയുടെ സിനിമാ രൂപമാണ്. പരമ്പരാഗത ക്രിസ്തുമസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഈ ചിത്രം പ്രേക്ഷകര്‍ ഇന്നും കാണുന്നു.

സംവിധാനം: ഫ്രാങ്ക് കാപ്ര. താരങ്ങള്‍: ജെയിംസ് സ്റ്റുവര്‍ട്ട്, ഡോണ റീഡ്.

2. ദ് ബിഷപ്പ്‌സ് വൈഫ് – 1947
ഒരു മാലാഖ ബിഷപ്പിനെ പ്രശ്‌നപരിഹാരത്തിന് സഹായിക്കുന്നതാണ് സിനിമയുടെ കഥ. 1947-ലാണ് ചിത്രം റിലീസാവുന്നത്. ഒരു പള്ളി പണിയുന്നതിന്റെ തലവേദനയിലാണ് ബിഷപ്പ്. പക്ഷെ മാലാഖയാവട്ടെ അതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനപ്പുറത്തേയ്ക്ക് ബിഷപ്പിനെ കൂട്ടിക്കൊണ്ടു പോകുന്നു.
സംവിധാനം: സാമുവല്‍ ഗോഡ്വിന്‍  താരങ്ങള്‍: കാരി ഗ്രാന്റ്, ലൊറേറ്റ യൂങ്.

3. എ ക്രിസ്മസ് സ്റ്റോറി – 1983
റാല്‍ഫിയെന്ന ഒന്‍പതുവയസുകാരന്‍ ക്രിസ്തുമസ് സമ്മാനമായി അവന്റെ രക്ഷകര്‍ത്താക്കളോട് വിചിത്രവും അപകടകരവുമായ ഒരു സമ്മാനം ആവശ്യപ്പെടുന്നു- ഒരു തോക്ക്!! ഇതേതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമ അവസാനിക്കുന്നത് അവന് തോക്ക് ലഭിക്കുന്നിടത്താണ്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമായിരുന്നു അതെന്ന് പ്രായമായ റാല്‍ഫിയുടെ വോയ്‌സ് ഓവറോടെയാണ് സിനിമ അവസാനിക്കുന്നത്.
സംവിധാനം: ബോബ് ക്ലാര്‍ക്ക്. താരങ്ങള്‍: മെലിന്‍ഡ ഡിലോണ്‍, ഡാരണ്‍, പീറ്റര്‍ ബില്ലിങ്സ്ലി.

scrooged

4. സ്‌ക്രൂജ്ഡ് – 1988
ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തമായ ക്രിസ്തുമസ് കാരള്‍ എന്ന സൃഷ്ടിയെ ആസ്പദമാക്കിയ സിനിമയാണിത്. പ്രശസ്ത ടെലിവിഷന്‍ എക്‌സിക്യൂട്ടീവായ ഫ്രാങ്ക് ക്രോസിന് ഒരു ക്രിസ്തുമസ് സായന്തനത്തില്‍ പ്രേതങ്ങളുടെ കൂട്ടത്തെ നേരിടേണ്ടി വരുകയാണ്. കീഴ്‌ജോലിക്കാരനെ ശകാരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ അനുഭവം. ജീവിതത്തിലെ ശരിതെറ്റുകളെ ആ ക്രിസ്തുമസ് ദിനത്തില്‍ അയാള്‍ പുനരവലോകനം ചെയ്യുകയാണ്.
സംവിധാനം: റിച്ചാര്‍ഡ് ഡോണര്‍. താരങ്ങള്‍: ഫ്രാങ്ക് ക്രോസ്, കരീന്‍ അലന്‍.

5. നാഷണല്‍ ലാംപൂണ്‍സ് ക്രിസ്മസ് വെക്കേഷന്‍ – 1989
ആധുനിക ക്രിസ്തുമസ് ക്ലാസിക്കായി വിലയിരുത്തപ്പെടുന്ന സിനിമ. ക്രിസ്തുമസ് ബോണസ് കിട്ടുമെന്ന് കരുതി വലിയ ക്രിസ്തുമസ് ആഘോഷത്തിന് പദ്ധതിയിട്ട ഗ്രിസ് വുള്‍ഡ്‌സിനും കുടുംബത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് പറയുന്നത്. രണ്ടു കുട്ടികളും ഭാര്യയുമുള്ള ആ കുടുംബം പ്രതിസന്ധികളെ മറികടന്ന് അതിഥികളെ സല്‍ക്കരിക്കുകയാണ്. 1989-ലെ ക്രിസ്തുമസ് കാലത്താണ് സിനിമ തിയറ്ററിലെത്തിയത്.
സംവിധാനം: ജെര്‍മിയ എസ്. ചെച്ചിക്. താരങ്ങള്‍: ഷെവി ചെയ്‌സ്, ബിവര്‍ലി ഡി എയ്ഞ്ചലോ, റാന്‍ഡി ക്വയ്ഡ്.

home-alone

6. ഹോം എലോണ്‍ – 1990
അതൊരു ക്രിസ്തുമസ് സമയമായിരുന്നു. കെവിന്റെ വീട് പാരീസിലേയ്ക്ക് ഒരു ക്രിസ്തുമസ് യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. മൂത്ത സഹോദരനുമായുണ്ടായ ചെറിയ വഴക്കിനെ തുടര്‍ന്ന് വീടിന്റെ മൂന്നാം നിലയില്‍ കെവിന്‍ അകപ്പെട്ടതറിയാതെ വീട്ടിലുള്ളവരെല്ലാം യാത്ര പോകുന്നു. കെവിന്‍ വീട്ടില്‍ തനിച്ചാകുന്നു. സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുന്ന കെവിന് വീട്ടിലാരുമില്ലെന്ന് കരുതി കവര്‍ച്ചയ്‌ക്കെത്തുന്ന രണ്ടുപേരെ നേരിടേണ്ടി വരുന്നു. തമാശയും നാടകീയതയും നിറഞ്ഞ ഈ സിനിമ 1990-ലാണ് പ്രേക്ഷകരിലെത്തിയത്.
സംവിധാനം: ക്രിസ് കൊളംമ്പസ്. താരങ്ങള്‍: മാക്വലി കുല്‍ക്കിന്‍, ജോ പെസ്‌കി, ഡാനിയല്‍ സ്‌റ്റേണ്‍.

7. ദ് സാന്റാ ക്ലോസ് – 1994
1994-ല്‍ തിയറ്ററിലെത്തിയ ഈ ക്രിസ്തുമസ് ഫാന്റസി സിനിമയുടെ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടിയുണ്ട്. ഫാമിലി – കോമഡി – ഡ്രാമ ഗണത്തിലാണ് ചിത്രം. ഭാര്യയുമായി പിരിഞ്ഞ് മകനോടൊപ്പം കഴിയുന്ന സ്‌കോട്ട് കാല്‍വിന് സംഭവിക്കുന്ന കയ്യബദ്ധത്തില്‍ ക്രിസ്തുമസിന്റെ തലേന്ന് പുരപ്പുറത്തുണ്ടായിരുന്ന സാന്താക്ലോസ് നിലംപതിക്കുകയാണ്. സാന്താക്ലോസിന്റെ സമ്മാന വിതരണ ജോലി മകന്‍ ചാര്‍ളിയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നതും ഒടുവില്‍ സ്‌കോട്ട് പുതിയ സാന്താ ആയി തീരുകയും ചെയ്യുന്നതാണ് കഥ. 2002-ലെ ദ് മിസ്റ്റര്‍ ക്ലോസ്, 2006-ലെ ദി എസ്‌കേപ്പ് ക്ലോസ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തമായ ഈ സാന്താ സിനിമയ്ക്ക് തുടര്‍ച്ചയുമുണ്ടായി.
സംവിധാനം: ജോണ്‍ പാസ്‌കിന്‍  താരങ്ങള്‍: ടിം അലെന്‍, ജഡ്ജ് റെയ്‌നോള്‍ഡ്, എറിക്.

jack-frost

8. ജാക്ക് ഫ്രോസ്റ്റ് – 1998
വാക്ക് പാലിക്കാനാവാതെ മരിച്ചു പോകുന്ന പിതാവ് മഞ്ഞു മനുഷ്യനായി തിരിച്ചെത്തി മകനോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് സിനിമയില്‍. 1998-ലാണ് തിയറ്ററിലെത്തിയത്. എന്നേയ്ക്കുമായി തിരിച്ചുപോകും മുന്‍പ് അദ്ദേഹം എന്തെല്ലാമാകും ചെയ്യുക?
സംവിധാനം: ട്രോയ് മില്ലര്‍. താരങ്ങള്‍: മൈക്കിള്‍ കേറ്റണ്‍, കെല്ലി പ്രിസ്റ്റണ്‍, ജോസഫ് ക്രോസ്.

polar-express

9. പോളാര്‍ എക്‌സപ്രസ് – 2004
ദക്ഷിണ ധ്രുവത്തിലേയ്ക്ക് ഒരു ക്രിസ്തുമസ് സന്ധ്യയ്ക്ക് പോളാര്‍ എക്‌സ്പ്രസില്‍ അത്ഭുതകരമായ യാത്ര പോവുകയാണ് ഒരു കുട്ടി. അവിടെയാണ് സാന്താക്ലോസിന്റെ വനം. അത്യന്തം ഉദ്വേഗജനകമായ ട്രെയിന്‍ യാത്ര. ആനിമേഷന്‍ സിനിമയാണിത്. പ്രധാന കഥാപാത്രമായ ടിക്കറ്റ് ചെക്കറിന് ശബ്ദം നല്‍കിയിരിക്കുന്നത് ടോം ഹാങ്ക്‌സാണ്. മോഷന്‍ ക്യാപ്ച്ചര്‍ രീതിയില്‍ ചെയ്ത സിനിമ ശരിക്കും ഷൂട്ട് ചെയ്ത അനുഭവമാണ് നല്‍കുന്നത്. സാന്താക്ലോസ് മിത്തിനെ ആധാരമാക്കിയ സിനിമ മുതിര്‍ന്നവരേയും കുട്ടികളേയും ഒരേപോലെ ആകര്‍ഷിക്കും. 2004-ല്‍ തിയറ്ററുകളിലെത്തി.

സംവിധാനം: റൊബര്‍ട്ട് സെമീക്‌സ്. താരങ്ങള്‍: ടോംഹാങ്ക്‌സ്, ലെസ്ലി, മൈക്കിള്‍ ജെറ്റര്‍.

10. എ ക്രിസ്മസ് കാരള്‍ – 2009
ചാള്‍സ് ഡിക്കന്‍സിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണിത്. വിക്ടോറിയന്‍ കാലത്തുള്ള ഒരു ശുദ്ധ പിശുക്കന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണിത്.
സംവിധാനം: റോബോര്‍ട്ട് സെബിക്ക്‌സ്. താരങ്ങള്‍: ജിം ക്യാരി, ഗ്യാരി ഓള്‍ഡ് മാന്‍, കോളിന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.