
ആദ്യത്തെ ബലൂൺ പറക്കൽ നടന്നത് 1785 ജൂലായ് 12 ന് നെതർലാന്ഡിലെ ഹേഗിൽ വച്ചാണ്. വായുവിലേക്ക് ബലൂണുമായി എത്തിയത് ആദ്യത്തെ ഡച്ചുകാരൻ, അബ്രഹാം ഹോപ്മാൻ ആയിരുന്നു. പിന്നീട് ഈ ബലൂൺ വളരെക്കാലം അപ്രത്യക്ഷമാകുകയും ഒടുവിൽ 1970 ൽ വീണ്ടും തിരിച്ചുവരികയും ചെയ്തു. അതിനിടയിലുള്ള നൂറ്റാണ്ടുകളിൽ ബലൂൺ പ്രധാനമായും യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാതകബലൂണുകൾ ആയിരുന്നു. പിന്നീട് വലിയ പാസഞ്ചർ ബലൂണുകളായി ഹോട്ട് എയർ ബലൂൺ അതിവേഗം വികസിക്കുകയും ചെയ്തു.
1957 ജൂലൈ 12 നാണ് വൈറ്റ് ഹൗസിൽ നിന്ന് ക്യാമ്പ് ഡേവിഡിലേക്ക് അന്നത്തെ യു സ് പ്രസിഡന്റ് ഡെ്വെറ്റ് ഡി ഐസൻഹോവർ ഹെലികോപ്റ്ററിൽ സഞ്ചരിച്ചത്. അതോടെ അദ്ദേഹം ഹെലികോപ്റ്ററിൽ പറക്കുന്ന ആദ്യത്തെ പ്രസിഡന്റായി. ആ പരീക്ഷണ പറക്കലിനെ ഓപ്പറേഷൻ അലർട്ട് എന്ന് അറിയപ്പെടുന്നു. ബെൽ എച്ച്13ജെ എന്നായിരുന്നു ഹെലികോപ്റ്ററിന്റെ പേര്. ഒരു പൈലറ്റും രണ്ടു യാത്രക്കാരും ഉൾക്കൊള്ളുന്ന, താരതമ്യേന വേഗത കുറഞ്ഞതും ചെറുതുമായിരുന്നു ബെൽ എച്ച്13ജെ. 1940 കളിൽ യു എസ് സൈന്യം ഹെലികോപ്റ്ററുകൾ വാങ്ങിയിരുന്നു. പക്ഷെ, സുരക്ഷാ ആശങ്കകൾ മൂലം രഹസ്യാന്വേഷണ വിഭാഗം, പ്രസിഡന്റിനെ അവയിലൂടെ സഞ്ചരിക്കുന്നതിൽനിന്നു തടഞ്ഞു. എന്നാൽ വർധിച്ചുവരുന്ന ശീതയുദ്ധത്തിൽ ആണവാക്രമണമുണ്ടായാൽ പെട്ടെന്നുള്ള യാത്രയ്ക്കായിട്ടാണ് ബെൽ എച്ച്13ജെ ഹെലികോപ്റ്റർ നിർമ്മിച്ചത്. അമേരിക്കൻ വ്യോമസേനാ പൈലറ്റാണ് ബെൽ പറത്തിയത്.
2013 ജൂലൈ 12 നാണ് പാക്കിസ്ഥാൻ ആക്ടിവിസ്റ്റായ മലാല യുസഫ്സായി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഒരു പ്രസംഗം നടത്തിയത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാഭ്യാസനയങ്ങൾ പരിഷ്കരിക്കാനും ലോകനേതാക്കളോട് മലാല പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. 2012 ഒക്ടോബറിൽ താലിബാൻ ആക്രമണത്തെ തുടർന്ന് മലാലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അതിനുശേഷമാണ് മാലാല ലോകശ്രദ്ധ ആകർഷിക്കുന്ന പ്രസംഗം നടത്തിയത്. അപ്പോൾ 16 വയസ്സായിരുന്നു മാലാലയുടെ പ്രായം. പിന്നീട് മലാലയെ ആദരിക്കുന്നതിനായി അവരുടെ ജന്മദിനമായ ജൂലൈ 12 ‘മലാല ദിനം’ ആയി ആചരിക്കുമെന്ന് യു എൻ പ്രഖ്യാപിച്ചു. 1997 ൽ പാക്കിസ്ഥാനിലെ മിംഗോറയിലാണ് മലാല ജനിച്ചത്. 2008 മുതൽ വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കാൻ തുടങ്ങി. പതിറ്റാണ്ടുകളായി താലിബാൻ സ്ത്രീവിദ്യാഭ്യാസത്തിന് എതിരായിരുന്നു. താലിബാൻ അധിനിവേശ കാലത്ത്, മലാല ബിബിസി ഉറുദുവിൽ തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതുകയും, ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ അവർ പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും പത്രങ്ങളിലും ടെലിവിഷൻ ഷോകളിലും നിരവധി അഭിമുഖങ്ങൾ നൽകുകയും ചെയ്തു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി അവർ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.
സുനീഷ വി എഫ്




