ഒറീസാ മിഷന്‍ 5: 2008-ലെ സംഭവ വികാസങ്ങള്‍

ഒറീസാ മിഷനും 2008-ലെ കലാപവും

ഒറീസാ മണ്ണ് പലപ്പോഴും കലാപങ്ങളുടെ പേരിൽ അറിയപ്പെടുന്ന നാടാണ്. ആദിവാസികളായിട്ടുള്ളവർ താമസിക്കുന്ന അനേകം ജില്ലകൾ തന്നെ ഉണ്ട്. 1986, 1994, 2001 വർഷങ്ങളിലൊക്കെ കലാപങ്ങൾ നടന്ന ദേശമാണ് ഒറീസ. ഈ സമയങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ക്രിസ്തീയ വിശ്വാസികളാണ്. 2008-ലെ കലാപമാണ് വിശ്വാസികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച സമയം. 2007-ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ചില തർക്കങ്ങൾ, കാണ്ഡമാൽ  ജില്ലയിലെ ക്രിസ്ത്യാനികളെ ആക്രമിക്കുവാനും അവർക്കെതിരെ വിദ്വേഷം വളർത്തുവാനും കാരണമായി. തുടർന്ന് 2008 ജനുവരിയിലും വഴക്കുകളും ബഹളങ്ങളും തുടർന്നു കൊണ്ടിരുന്നു.

ഓഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദ വധിക്കപ്പെടുകയും ആ കുറ്റം ക്രിസ്ത്യാനികളുടെ മേൽ വച്ചുകൊണ്ട് അവരെ ആക്രമിക്കാനും തുടങ്ങി. ഏകദേശം നാല് – അഞ്ച് മാസത്തോളം ഈ കലാപം തുടര്‍ന്നു. അനേകം ദേവാലയങ്ങളും പ്രാർത്ഥനാ കേന്ദ്രങ്ങളും കോൺവെന്റെകളും സാമൂഹ്യസേവന പ്രസ്ഥാനങ്ങളും നശിപ്പിക്കപ്പെടുകയും അനേകം വിശ്വാസികളുടെ ഗ്രാമങ്ങളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം അനേകം വിശ്വാസികൾ കാടുകളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. പലതവണ തിരിച്ചുവന്ന് സ്വന്തം ഗ്രാമങ്ങളിൽ താമസിക്കുവാൻ ശ്രമിച്ചപ്പോഴെല്ലാം വീണ്ടും ആക്രമിക്കപ്പെടുകയാണുണ്ടായത്.

അനേകം പേർ മരിക്കുകയും ആക്രമിക്കപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ദുഃഖകരമായ അവസ്ഥയിലൂടെയാണ് 2008-ലെ കലാപത്തിൽ വിശ്വാസികൾ കടന്നുപോയത്. ഇന്നും ഇതിന്റെ പേരിൽ അനേകർ വ്യത്യസ്തമായ രീതിയിൽ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കിടയിലാണ് എം എസ്ടി സമൂഹം പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രിയപ്പെട്ടവരെ അസാധാരണ പ്രേഷിതമാസത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഒറീസാ മിഷനു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ഇന്ന് ഇവിടെ ഞാൻ കേട്ട കാര്യങ്ങൾ അഞ്ചു പേരുമായി പങ്കുവയ്ക്കും എന്ന് പ്രതിജ്ഞയെടുക്കാം.

ഫാ. ജോമോൻ അയ്യങ്കനാൽ MST