ദൈവം തെളിച്ച സംഗീതവഴിയേ സഞ്ചരിച്ച യുവഗായകൻ; സംഗീതലോകത്തെ വിശേഷങ്ങളുമായി ലിബിൻ സ്കറിയ

മരിയ ജോസ്

ഒരിക്കൽ ഇടവകപ്പള്ളിയിലെ അച്ചൻ വിളിച്ചു, പാട്ടുപാടണം. അതും പെരുന്നാൾ ദിനത്തിലെ കുർബാനയ്ക്ക്. ഗായകരുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ കുടുംബത്തിൽ നിന്നുള്ള ആ ചെറുപ്പക്കാരന് സമ്മതിക്കാതെ വേറെ തരമില്ലായിരുന്നു. ആദ്യത്തെ കുർബാനയിൽ പാട്ടുപാടി. അൽപം പാളിച്ചകൾ സംഭവിച്ചുവെങ്കിലും ക്ഷമയോടെ ആ വൈദികൻ ഒരു നിർദ്ദേശം നൽകി. “എന്തായാലും ഇത്രയും ആയില്ലേ, അടുത്ത കുർബാനയ്ക്കു കൂടി പാടി ശരിയാക്കിയിട്ടു പോകാം.” ലിബിൻ സ്കറിയ എന്ന യുവഗായകന്റെ സംഗീതലോകത്തേയ്ക്കുള്ള ജൈത്രയാത്ര ആരംഭിക്കുന്നത് ആ കുർബാനയിൽ നിന്നാണ്. ഇന്ന് ആ യാത്ര എത്തിനിൽക്കുന്നത് സീ കേരളത്തിലെ സരിഗമപ മ്യൂസിക് റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നർ എന്ന പദവിയിൽ. ഇപ്പോൾ ആളെ മനസ്സിലായിക്കാണുമല്ലോ അല്ലേ?

സംഗീതലോകത്തിലേയ്ക്കുള്ള തന്റെ വരവും വളർച്ചയും സരിഗമപ-യിലെ വിശേഷങ്ങളുമൊക്കെയായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ലിബിൻ സ്കറിയ. ഒപ്പം ഒരു കാര്യം കൂടെ. ഓർക്കുന്നില്ലേ 2019- ലെ അമ്പതു നോമ്പിനെ ആത്മീയതയാൽ സമ്പന്നമാക്കിയ, വീണ്ടും വീണ്ടും ഓർത്തോർത്തു പാടിയ “ഒരിടം തരണേ” യെന്ന സുന്ദരമായ ഈരടികളെ? ലൈഫ് ഡേ-യിലൂടെ പുറത്തുവന്ന ‘കുരിശിലൊരിടം’ എന്ന ഒരു മിനിറ്റ് നോമ്പ് വിചിന്തനത്തിലെ ഈ ‘ഒരിടം തരണേ തലചായ്ച്ചുറങ്ങാൻ…’ എന്ന ഗാനം പാടി നമ്മെ ഓരോരുത്തരെയും ആത്മീയമായ അനുഭവത്തിലേക്ക് നയിച്ചത് ലിബിൻ സ്കറിയ ആണ്. അതുപോലെ 2020 ലെ നോമ്പുകാലം ഫലദായകമാക്കിയ “കണ്ണിമചിമ്മാതെ ക്രൂശിതനിലേക്ക്…..” “ക്രൂശിതാ, നിൻ നിണം എന്നെ പൊതിയുന്നു, ക്രൂശിതാ, നിൻ ബലി എന്നിൽ നിറയുന്നു” എന്ന ഗാനം (അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ റോസിന പീറ്റി രചന നിർവഹിച്ചു ഫാ. മാത്യുസ് പയ്യപ്പിള്ളി എം.സി. ബി. എസ് സംഗീതം നൽകിയ ഗാനം) പാടിയതും ഈ ലിബിൻ തന്നെ.

എങ്കിൽ പിന്നെ ബാക്കി വിശേഷങ്ങളിലൂടെ നമുക്ക് കടന്നുപോകാം… അല്ലേ…

സംഗീതപാരമ്പര്യമുള്ള കുടുംബം

മൂവാറ്റുപുഴയിലെ കാളിയാറിലെ ഇടിഞ്ഞപുഴയിൽ എന്ന വീട്ടിൽ ചെന്നാൽ ഒരു പാട്ടുകുടുംബത്തെ തന്നെ പരിചയപ്പെടാൻ കഴിയും. പപ്പാ സ്കറിയ അത്യാവശ്യം പാട്ടിന്റെ വഴികളിൽ സഞ്ചരിച്ച വ്യക്തിയാണ്. അമ്മ ഡെയ്‌സി പള്ളിയിലെ ക്വയർ അംഗവും. ചേച്ചി ലിൻഡ ചെറുപ്പം മുതൽ പാട്ട് പഠിച്ച ആളും. സംഗീതത്തിന്റെ രുചിയും മധുരവും തിരിച്ചറിഞ്ഞ ഒരു കുടുംബം. ചേച്ചി ലിൻഡയെ ചെറുപ്പം മുതലേ കര്‍ണാട്ടിക് സംഗീതം പഠിപ്പിച്ചിരുന്നു. മകൾ പാടും. അതുകൊണ്ടു തന്നെ മകനിലും പാട്ടിന്റെ വാസന ഉണ്ടാവാം എന്ന് സ്നേഹനിധിയായ അപ്പൻ ഉറപ്പിച്ചു. അതിനാൽ ചേച്ചിക്കൊപ്പം തന്നെ അനിയനെയും സംഗീതക്ലാസിനയച്ചു. എന്നാൽ, ചെറുപ്പത്തിൽ സംഗീതക്ലാസിൽ ഇരിക്കുന്നതിനൊന്നും ലിബിന് താല്പര്യമില്ലായിരുന്നു. ചെറുപ്പത്തിൽ സംഗീതത്തോട് അത്ര ഇഷ്ടമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും മകനിലെ ഗായകനെ ആ മാതാപിതാക്കളും കൂടപ്പിറപ്പും തിരിച്ചറിഞ്ഞിരുന്നു. പിന്നീട് സംഗീതലോകത്തേയ്ക്ക് കടന്നുവരുന്നത് ഡിഗ്രി ഫസ്റ്റ് ഇയറിലാണ്.

കുർബാനയ്ക്ക് പാട്ടു പാടി സംഗീതലോകത്തേയ്ക്കുള്ള കടന്നുവരവ്

ചെറുപ്പം മുതൽ പള്ളിയോടു ചേർന്നുനിന്ന ജീവിതമായിരുന്നു ലിബിന്റേത്. അമ്മയും ചേച്ചിയും പള്ളിയിലെ ക്വയറിൽ അംഗങ്ങൾ. അച്ഛൻ പള്ളിയിലെ കൈക്കാരൻ. അതിനാൽ തന്നെ ഇടവക ദൈവാലയം കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം. കൂടാതെ, അൾത്താര ബാലനും. ഈ സമയത്തൊക്കെ പാട്ടിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തുവാൻ പലരും ശ്രമിച്ചിരുന്നു. അന്നൊന്നും തന്റെ സമയം ആയിരുന്നില്ല എന്ന് ലിബിൻ പറയുന്നു.

ഒടുവിൽ ആ സമയം വന്നെത്തി. കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിലെ പെരുന്നാൾ ദിനം. വികാരിയച്ചൻ ഫാ. ജിനോ പുന്നമറ്റത്തിലച്ചന്റെ നിര്‍ബന്ധപ്രകാരമാണ് ആദ്യമായി പാടാൻ കേറുന്നത്. ആദ്യത്തെ കുർബായിൽ ആദ്യമായി പാട്ടു പാടുന്ന ലിബിൻ. പാട്ടു പാടിയത് അവിടവിടെയായി അതിവിദഗ്ധമായി പാളിയെങ്കിലും അടുത്ത കുർബാനയ്ക്കു പാടി ശരിയാക്കിയിട്ടു പോയാല്‍ മതി എന്നായി അച്ചൻ. ഒടുവിൽ രണ്ടാം ഊഴം വിജയകരമാക്കി ലിബിൻ ഇറങ്ങുമ്പോൾ ആ അൾത്താരയുടെ മുന്നിൽ നിന്ന് സംഗീതലോകത്തേയ്ക്കുള്ള ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ സംഗീതത്തിനായുള്ള ഒരു തപസ്യ പോലെ ആയിരുന്നു. പാടുവാനും പാട്ടു പഠിക്കുവാനും ഉള്ളിൽ ആഗ്രഹം തോന്നിയ നിമിഷങ്ങൾ. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും ലിബിൻ പാട്ടിന്റെ ലോകത്തായിരുന്നു. ക്വയർ ഗ്രൂപ്പുകളിൽ ലീഡ് വോക്കലായി ലിബിൻ തന്റെ യാത്ര തുടർന്നുകോണ്ടേയിരുന്നു.

സംഗീതലോകത്തിലേയ്ക്കുള്ള കടന്നുവരവിൽ ഒരു പ്രധാന പങ്ക് നിർമ്മല കോളേജിനും ഉണ്ടായിരുന്നു. വൈകാതെ തന്നെ കോളജ് ബാൻഡിലും മറ്റും ലിബിൻ അംഗമായി. കേരളത്തിൽ റിയാലിറ്റി ഷോകൾ ഒക്കെ വരുന്നതിനുമുമ്പ് നിർമ്മല കോളേജിൽ എല്ലാ വർഷവും ബെസ്റ്റ് ഫെമെയിൽ വോക്കൽ, ബെസ്റ്റ് മെയിൽ വോക്കൽ എന്നിവരെ കണ്ടെത്തുന്ന പരിപാടി ഉണ്ടായിരുന്നു. ഇന്നത്തെ റിയാലിറ്റി ഷോകളുടെ അതേ മോഡലിൽ പല സ്‌ക്രീനിങ്ങുകൾ ഒക്കെ നടത്തി ഫൈനലിലേയ്ക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന രീതിയിൽ നടത്തിവന്നിരുന്ന പരിപാടിയായിരുന്നു അത്. ഇതിൽ മൂന്നു വർഷം അടുപ്പിച്ച് ബെസ്റ്റ് മെയിൽ വോയിസ് ആയി ലിബിൻ തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നായിരുന്നു ശരിക്കുമുള്ള സംഗീതത്തിന്റെ മാധുര്യം ലിബിൻ തിരിച്ചറിയുന്നത്.

സംഗീതലോകത്തിലേയ്ക്ക് തന്നെ എത്തിച്ചത് അനേകരുടെ സ്‌നേഹപൂർവ്വമായ നിർബന്ധമാണ്

സംഗീതലോകത്തിലെ നേട്ടങ്ങളിലേയ്ക്ക് കടക്കുന്നതിനുമുമ്പ് സംസാരത്തിന് ഒരു സഡൻ ബ്രേക്ക്‌ ഇട്ടു. എന്നിട്ട് ലിബിൻ തുടർന്നു. “ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിനു കാരണമായ അനേകം ആളുകളുണ്ട്. സംഗീതത്തെക്കുറിച്ച് ആലോചിക്കാതിരുന്നപ്പോൾപോലും പാട്ടു പഠിക്കാൻ കൊണ്ടാക്കിയ മാതാപിതാക്കൾ മുതൽ ആദ്യമായി പാട്ടു പാടിച്ച വൈദികൻ വരെ. നിരവധി വൈദികരും സന്യാസികളും പാട്ടിന്റെ ലോകത്തിലേയ്ക്ക് തന്നെ എത്തിക്കുവാൻ സ്നേഹപൂർവ്വം നിർബന്ധിച്ചിട്ടുണ്ട്. പാടാൻ തുടങ്ങിയത് ഡിഗ്രി ആദ്യ വർഷമാണെങ്കിലും പാട്ടു പഠിക്കാൻ ആരംഭിച്ചത് ഡിഗ്രി അവസാന വർഷമാണ്. ഈ സമയമൊക്കെ  പാട്ടു പഠിക്കാൻ സ്നേഹപൂർവ്വം ഉപദേശിച്ച് നിരന്തരം ആവശ്യപ്പെട്ട ആളുകളുണ്ട്. നിരവധി വൈദികരുണ്ട്.

തുടക്കത്തിൽ ഒരു ഫെയിം കിട്ടുക എന്നത് വളരെ നിർണ്ണായകമാണ്. അത് തനിക്കു ലഭിച്ചത് എന്നേക്കാൾ കൂടുതൽ മറ്റുള്ളവർ ശ്രമിച്ചതുകൊണ്ടാണ്. സംഗീതലോകത്തിലേയ്ക്കുള്ള എന്റെ യാത്രയുടെ പാതിവഴി വരെ ഞാൻ എത്തിയത് മറ്റുള്ളവരുടെ ശ്രമം കൊണ്ടാണ്. മുന്നോട്ടുള്ള അൽപം ദൂരം മാത്രമാണ് ഞാൻ സ്വയം തീരുമാനമെടുത്ത്‌ ഓടിക്കയറിയത്” – ലിബിൻ പറഞ്ഞുനിർത്തി. എന്നെ സംഗീതലോകത്തിലേയ്ക്ക് എത്തിക്കുവാൻ ദൈവം അനേകരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അത്തരത്തിലൊരാളാണ് മാത്യൂസ് പയ്യപ്പിള്ളി അച്ചൻ. ഒരു ചെറുചിരിയോടെ ലിബിൻ തുടർന്നു…

ക്രിസ്ത്യൻ ഭക്തിഗാനരംഗത്തേയ്ക്ക്

നിർമ്മല കോളേജിൽ പഠിക്കുമ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റെഫി എന്ന സിസ്റ്ററിലൂടെയാണ് ലിബിൻ മാത്യൂസ് അച്ചനെ പരിചയപ്പെടുന്നത്. മാത്യൂസ് അച്ചന്റെ ക്വയർ ടീമിലെ അംഗമായ സി. സ്റ്റെഫി പറഞ്ഞ അറിവ് വച്ചിട്ടാണ് അച്ചൻ ആദ്യമായി ലിബിനെ പാടാൻ വിളിക്കുന്നത്. അച്ചനിലൂടെ ഡിവോഷണൽ രംഗത്തേയ്ക്കുള്ള വാതിൽ തുറക്കുകയായിരുന്നു. അച്ചനിലൂടെ ദൈവത്തിനായി പാടുവാൻ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ് ലിബിൻ. അതിൽ പ്രധാനപ്പെട്ട ഒരു പാട്ടായിരുന്നു ‘ഒരിടം തരണേ തലചായ്ച്ചുറങ്ങാൻ…’ എന്ന സംഗീതം.

‘ഒരിടം തരണേ തലചായ്ച്ചുറങ്ങാൻ…’ അനേകം ആളുകളുടെ ഹൃദയത്തെ തൊട്ടുണർത്തിയ ഒരു ഗാനം. അതിലുപരി അനേകർക്ക്‌ പ്രാർത്ഥനയായി മാറിയ ആ ഈരടികൾക്കു പിന്നിലുള്ള ശബ്ദത്തെ ധാരാളം പേർ അന്വേഷിച്ചിരുന്നു. ആ അനുഗ്രഹീത ശബ്ദത്തിനുടമയാണ് ഈ ലിബിൻ സ്കറിയ. ആ പാട്ട് പാടുന്ന സമയത്ത് ഈ വരികൾ എല്ലാവരുടെയും ഹൃദയത്തെ തൊടും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. സാധാരണ ഭക്തിഗാനങ്ങളിൽ നിന്നു വ്യത്യസ്തമായി, ഒരു സങ്കടത്തിനു പകരം കേൾക്കുന്നവരിൽ ഒരു വലിയ പ്രതീക്ഷ നിറയ്ക്കുന്ന ഒരു പാട്ട്. അതിനാൽ തന്നെ സാധാരണയിൽ നിന്നും വ്യത്യസ്‌തമായ ആലാപനരീതികൾ ആ പാട്ടിൽ സ്വീകരിച്ചിരുന്നു – ലിബിൻ വെളിപ്പെടുത്തുന്നു.

സരിഗമപ – യിലേയ്ക്ക്

ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡിഷന് പോയിട്ട് അവിടെ വലിയ തിരക്കായിരുന്നതിനാൽ തിരിച്ചുപോന്ന ആളായിരുന്നു ഞാൻ. അങ്ങനെയിരിക്കെ പിജി ഫിസിക്സിന് സി.എം.എസ്. കോളേജിൽ പഠിക്കുമ്പോഴാണ് സരിഗമപ-യുടെ ഒഡീഷൻ വരുന്നത്. അവിടെ ചെന്നപ്പോഴും അവസ്ഥ ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡീഷനേക്കാൾ കഷ്ടമായിരുന്നു. മത്സരാര്‍ത്ഥികളെയും അവരുടെ കൂടെ വന്നവരുടെയും ഒക്കെ ഒരു വലിയ ജനക്കൂട്ടം അവിടെയുണ്ടായിരുന്നു. അപ്പോൾ തന്നെ ഒരു മടുപ്പ് തോന്നി തിരികെ പോരാൻ തോന്നി. എങ്കിലും ഇത് എപ്പോൾ തീരും എന്നറിയുന്നതിനായി അകത്തു കയറി. അവിടെ കണ്ട ഒരാളുടെ അടുത്ത് ചോദിക്കാനായി ചെന്നപ്പോൾ ആപ്ലിക്കേഷൻ ഫോം ആണ് ലിബിന്റെ കയ്യിൽ എടുത്തുകൊടുത്തത്. ഫോം കയ്യിൽ കൊടുത്തശേഷം അയാൾ തന്റെ ജോലിയില്‍ വ്യാപൃതനായി. മറുത്തൊന്നും ചോദിക്കാതെ ആ ഫോമുമായി പുറത്തിറങ്ങിയപ്പോൾ ഒരു ദൈവനിയോഗമായി അത് മാറുകയായിരുന്നു.

പിന്നീടങ്ങോട്ട് സീ കേരളത്തിന്റെ സരിഗമപ കുടുംബത്തിലെ ഒരു അംഗമായി മാറുകയായിരുന്നു ലിബിൻ. എത്ര പ്രയാസമുള്ള പാട്ടുകളും ഒരു പുഞ്ചിരിയോടെ അവസാനിപ്പിക്കുകയും കുസൃതികളും തമാശകളും ഒക്കെയായി സദസ്സിനെ ചിരിപ്പിക്കുകയും ചെയ്യുന്ന ലിബിൻ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി മാറി. സരിഗമപ-യെ ഒരു മത്സരവേദിയായി കാണുവാൻ ലിബിന് ഇഷ്ടമില്ല. മറിച്ച്, അതൊരു പഠനകളരിയാണ്, കുടുംബമാണ് ലിബിന്. സംഗീതത്തിന്റെ ലോകത്ത് അനേകം കാര്യങ്ങൾ പഠിക്കുവാൻ തന്നെ പ്രാപ്തനാക്കുന്ന ഒരു വേദി. ഇവിടെയുള്ള ഓരോ മത്സരാർത്ഥികളും മറ്റു പല ഷോകളിലെയും വിജയികളാണ്. ഓരോരുത്തരും ഓരോ പാഠപുസ്തകമാണ്. ഞാനും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഒരുപാട് അവസരങ്ങളും ഈ ഷോയിലൂടെ  മത്സരാര്‍ത്ഥികൾക്കു ലഭിക്കുന്നു. ലിബിൻ സരിഗമപയിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായി.

“സരിഗമപയുടെ ഫൈനലിൽ എത്തുക എന്നത് തൻറെ ഒരു ഭാഗ്യമായി കരുതിയിരുന്ന ആളാണ് ഞാൻ. ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് നേട്ടങ്ങൾ കൊയ്യുവാൻ ഈ ഷോ എനിക്ക് അവസരം നൽകി. ഇന്ന് ടൈറ്റിൽ വിന്നർ എന്ന വിജയത്തിൽ നിൽക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്കായി പ്രാർത്ഥിച്ച അനേകം ആളുകൾ ഉണ്ട്. അവരുടെ പ്രാർത്ഥനയുടെ ഒക്കെ ഫലമാണ് ഈ വിജയം” ലിബിൻ പറയുന്നു. ഒപ്പം സരിഗമപ ഫാമിലിയെ പിരിയുന്നു എന്നറ്റും ഒരു സങ്കടമായി ഈ ഗയകന്റെ ഉള്ളിൽ നിലനിൽക്കുന്നു.

സരിഗമപ-യിൽ ലിബിൻ ടൈറ്റിൽ വിന്നറായത് അനേകം പ്രതിഭകളെ പിന്തള്ളിയാണ്. ഇത്തരമൊരു ഷോയിൽ എത്തുമ്പോൾ നമ്മുടെ കയ്യിൽ ഒരു സ്റ്റഫ് ഉണ്ടായിരിക്കണം. അത് അത്യാവശ്യം പോളിഷ്ഡും ആയിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് ഇത്തരം വേദികളിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ആ സ്റ്റഫ് ലഭിച്ചത് അനേകം ആളുകളിൽ കൂടെയാണ്. അതിൽ ഏറെയും വൈദികരും സന്യസ്തരും തന്നെ. ലിബിൻ പറഞ്ഞുനിർത്തി.

മരിയ ജോസ്