വംശീയതയെ അപലപിച്ച്, ആഗോള ക്രൈസ്തവസഭകളുടെ കൂട്ടായ്മ

ജൂണ്‍ 10, ബുധനാഴ്ച ആഗോള ക്രൈസ്തവസഭകളുടെ കൂട്ടായ്മ (WCC – World Council of Churches) ഓസ്ട്രിയയിലെ ജനീവ ആസ്ഥാനത്തു നിന്നും ഇറക്കിയ പ്രസ്താവനയിലാണ് ലോകത്തുള്ള വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മ വംശീയതയെ അപലപിച്ചത്. അമേരിക്കയില്‍ നടന്ന വംശീയവിദ്വേഷത്തിന്റെയും അതിനെ തുടര്‍ന്നു നടന്ന അതിക്രമങ്ങളുടെയും വെളിച്ചത്തിലാണ് വംശീയത ക്രൈസ്തവസാക്ഷ്യത്തിന് വിരുദ്ധമാണെന്ന് സഭകളുടെ കൂട്ടായ്മ ആവര്‍ത്തിച്ചത്.

സാമൂഹികപ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ക്രൈസ്തവര്‍ സംയമനം പാലിക്കുകയും പ്രതികാരം കൈവെടിഞ്ഞ് സ്‌നേഹത്തോടും വിശ്വസ്തതയോടും പ്രത്യാശയോടും ധൈര്യത്തോടും കൂടെ മുന്നേറണമെന്ന് ഒലാവ് ഫിക്‌സേ ഉദ്‌ബോധിപ്പിച്ചു. അതിരുകളില്ലാതെ, പാവങ്ങളെന്നോ, കറുത്തവരെന്നോ, വെളുത്തവരെന്നോ, ജാതിയെന്നോ മതമെന്നോ ഉള്ള വിവേചനങ്ങള്‍ക്കും അതിരുകള്‍ക്കും അപ്പുറമാണ് വൈറസ് ആക്രമണം നടക്കുന്നത്. അതിനാല്‍ വിഭാഗീയതയുടെ വിപ്ലവം വെടിഞ്ഞ് സാഹോദര്യത്തിന്റെ വഴിയില്‍ വേദനിക്കുന്ന സഹോദരങ്ങളെ നല്ല സമരിയാക്കാരന്റെ മനോഭാവത്തോടെ സഹായിക്കാന്‍ ത്യാഗപൂര്‍വ്വം ശ്രമിക്കേണ്ട സമയമാണിതെന്ന് സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന അഭ്യര്‍ത്ഥിച്ചു.

സാഹോദര്യത്തിലും സമാധാനത്തിലും അടിയുറച്ച സമൂഹങ്ങളും കുടുംബങ്ങളും രൂപപ്പെടുത്തേണ്ട നവീകരണത്തിന്റെ സമയമായി മഹാമാരിയുടെ ഈ കാലത്തെ ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.