മണ്ണായവനെ പൊന്നാക്കിതീർക്കുന്ന ദൈവം

ഫാ. അജോ രാമച്ചനാട്ട്

“ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്‌; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.” (1 കോറി 3:9)

1966 – ലാണ് ആകാശവാണിയുടെ ‘വയലും വീടും’ എന്ന പ്രോഗ്രാം ആരംഭിച്ചത്. കാർഷിക മേഖലയെ ഉണർത്തുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തോടെ 54 വർഷങ്ങൾക്കുമുൻപ് തുടങ്ങിയ പരിപാടിയാണിത്.

1981- ലാണ് POC മലയാളം ബൈബിളിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ആകാശവാണിയുടെ സ്വാധീനം കൊണ്ടല്ല, POC ബൈബിളിന് ആധാരമാക്കിയ മൂലഗ്രന്ഥങ്ങളിലും ഇതേ അർത്ഥമുള്ള പ്രയോഗം തന്നെയാണ് – “You are God’s field, you are God’s building..”

ഒരു കർഷകന്റെ ലോകം എന്നത് അവന്റെ കൃഷിയിടവും, അവന്റെ വീടുമാണ്. പകലു മുഴുവൻ പാടത്താണവൻ. വീട്ടിലേയ്ക്ക് വിശ്രമിക്കാൻ മാത്രമേ വരാറുള്ളൂ. വന്നാലും മനസ് തന്റെ മണ്ണിലായിരിക്കും. അവൻ സ്വപ്നങ്ങൾ കാണുകയാണ്. പ്രതീക്ഷയോടെ ചോര നീരാക്കുകയാണ്. ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

വിതക്കാരന്റെ ഉപമ അവതരിപ്പിക്കുന്നതും ഇതു തന്നെയാണല്ലോ. കർഷകനായ ദൈവം. മണ്ണ് പൊന്നാകാൻ കാത്തിരിക്കുന്ന കൃഷിക്കാരൻ. നമ്മൾ അവന്റെ വയലാണെന്ന്. അവന്റെ വീടാണെന്ന്. അവന്റെ സ്വന്തമാണെന്ന്. നൂറുമേനി വിളയിക്കണമെന്ന്.

ഫാ. ബോബി ജോസ് കട്ടിക്കാട് ‘ഹൃദയവയൽ’ എന്ന് ഓർമപ്പെടുത്തുന്നതും നമ്മൾ ദൈവത്തിന്റെ ‘വയലും വീടും’ എന്ന കാഴ്ചപ്പാടിൽ തന്നെയാവണം. “മനുഷ്യാ, നീ മണ്ണാകുന്നു..” – ആബേലച്ചന്റെ ക്ലാസിക് അക്ഷരങ്ങൾ.

കുഞ്ഞേ, മണ്ണായ നീ പൊന്നായിത്തീരണമെന്നാണ് ദൈവത്തിന്റെ സ്വപ്നം. വെറും മൺകൂനയല്ല, മനുഷ്യനെന്ന്. പൊന്നുവിളയിക്കുന്ന ദൈവത്തിന്റെ വയലാണെന്ന്.

ഫാ. അജോ രാമച്ചനാട്ട്