വിഭൂതി ദിനം എന്തുകൊണ്ട് ചിലയിടങ്ങളില്‍ ബുധനാഴ്ചയും ചിലയിടങ്ങളില്‍ തിങ്കളാഴ്ചയും?

ലത്തീന്‍ സഭയില്‍ വിഭൂതി ദിനം ബുധനാഴ്ച ആചരിക്കുന്നു. സീറോ മലബാര്‍ സഭയില്‍ വിഭൂതി ദിനം തിങ്കളാഴ്ചയാണ്. സീറോ മലങ്കര സഭയില്‍ അനുരഞ്ജന ശുശ്രൂഷ – ശുബുക്കോനോ – തിങ്കളാഴ്ച ആചരിക്കുന്നു.

എന്തുകൊണ്ട് ഈ വ്യത്യാസം? 

ഓരോ വ്യക്തിസഭയുടെയും ദൈവശാസ്ത്ര-ആദ്ധ്യാത്മിക-ആരാധനക്രമ പ്രത്യേകതകളാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം. ഈ വ്യത്യാസങ്ങള്‍ പരസ്പരവിരുദ്ധങ്ങള്‍ എന്നതിനേക്കാള്‍ പരസ്പരപൂരകങ്ങളാണ്.

സീറോ-മലങ്കര, സീറോ-മലബാര്‍ സഭകളില്‍ നോമ്പാരംഭിക്കുന്ന തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ലത്തീന്‍ സഭയിലെ ‘നോമ്പുകാലം’ ആരംഭിക്കുന്നത്. എന്നാല്‍ അവര്‍ തലേ ബുധനാഴ്ച തന്നെ നോമ്പ് ആരംഭിക്കും. വിഭൂതി ബുധനാഴ്ച എന്നാണ് ഈ ദിനത്തെ അവര്‍ വിളിക്കുന്നത്. വിഭൂതി ബുധനാഴ്ച അവര്‍ നോമ്പാരംഭത്തിന്റെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടത്തുകയും ഉപവാസദിനമായി ആചരിക്കുകയും ചെയ്യുന്നു. ബുധനാഴ്ച തന്നെ അവര്‍ നോമ്പ് ആരംഭിക്കുന്നതിന് കാരണം ഇപ്രകാരം വിശദീകരിക്കാം: ‘നോമ്പുകാലഘട്ട’ത്തില്‍ അവര്‍ക്ക് ആറ് ആഴ്ചകളേ ഉള്ളൂ. ഞായറാഴ്ച ദിനങ്ങളില്‍ അവര്‍ക്ക് മാംസവര്‍ജ്ജനം നിര്‍ബന്ധമില്ല (എന്നാല്‍ കേരളത്തിലെ ലത്തീന്‍ സഭാംഗങ്ങള്‍ ഞായറാഴ്ചയും നോമ്പ് അനുഷ്ഠിക്കുന്നവരാണ്). അങ്ങനെ നോക്കുമ്പോള്‍ ആറ് ആഴ്ചകളില്‍ ആറുദിവസം അനുഷ്ഠിക്കുമ്പോള്‍ മുപ്പത്തിയാറ് ദിവസമേ ആകുന്നുള്ളൂ. എന്നാല്‍ ഈശോയുടെ മരുഭൂമിയിലെ ഉപവാസ പ്രാര്‍ത്ഥനാദിനങ്ങളുമായി താദാത്മ്യപ്പെടുവാന്‍ തക്കവിധം നാല്‍പത് ദിനങ്ങള്‍ തികയ്ക്കുന്നതിനായി നാലു ദിവസം മുമ്പേ നോമ്പ് ആരംഭിക്കുന്നു. അങ്ങനെ വിഭൂതി ബുധനാഴ്ച അവര്‍ നോമ്പാരംഭത്തിന്റെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടത്തുകയും ഉപവാസദിനമായി ആചരിക്കുകയും ചെയ്യുന്നു. (ഫാ. കുര്യാക്കോസ് മൂഞ്ഞേലി, https://www.lifeday.in/lifeday-lent-season-1/).

എന്നാല്‍ സീറോ മലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച് ചാരബുധനാഴ്ചയുടെ തലേ ഞായറാഴ്ചയാണ് നോമ്പിന്റെ ഒന്നാം ഞായര്‍. ഞായറാഴ്ച പാതിരാത്രിക്ക് നോമ്പ് ആരംഭിക്കുന്നതിനാല്‍ പിറ്റേദിവസം തിങ്കളാഴ്ചയാണ് സീറോ മലബാര്‍ വിശ്വാസികള്‍ ചാരംപൂശല്‍ നടത്തേണ്ടത്. ഈ തിരിച്ചറിവോടു കൂടി ഇപ്പോള്‍ തിങ്കളാഴ്ചയാണ് വിഭൂതിയുടെ കര്‍മ്മങ്ങള്‍ സീറോ മലബാര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നത്. (ഫാ. നോബിൾ തോമസ് പാറയ്ക്കൽ, https://www.lifeday.in/lifeday-ash-monday-at-syro-malabar-church/).

സീറോ മലങ്കര സഭയില്‍ വലിയ നോമ്പ് ആരംഭിക്കുന്ന തിങ്കളാഴ്ച്ച അന്ത്യോക്യൻ ആരാധന ക്രമവത്സരം അനുസരിച്ച് ശുബ്ക്കോനോ തിരുനാൾ കൊണ്ടാടുന്നു. ഇതര സഭകളിൽ ഈ ദിവസം വിഭൂതി തിരുനാളായും ആചരിക്കുന്നു. ശുബ്ക്കോനോ തിരുനാൾ അനുരഞ്ജനത്തിന്റെ തിരുനാൾ ആണ്. വലിയ നോമ്പിലേയ്ക്ക് സമാധാനപൂർവ്വം പ്രവേശിക്കുന്നതിനായി ദൈവത്തോടും മനുഷ്യരോടും അനുരഞ്ജനത്തിൽ വിശ്വാസികൾ ഈ ദിവസം ഏർപ്പെടുന്നു. (ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്, https://www.lifeday.in/lifeday-importance-and-meaning-of-shubkono-feast/)

ക്രിസ്തുവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന അമ്പതു നോമ്പിന്റെ ആദ്യത്തെ ദിവസമാണ് നാം വിഭൂതി ദിനമായി ആചരിക്കുന്നത്. അനുതാപത്തിന്റെ അടയാളമായി നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാരംഭിക്കുന നോമ്പിന്റെ ആദ്യ ദിനത്തിനെ ‘കുരിശുവര തിരുനാൾ’ എന്നും വിളിക്കാറുണ്ട്. ക്രിസ്തുവിന്റെ പീഡാസഹനത്തിനും ഉയിർപ്പിനോടുമൊപ്പം യേശുവിന്റെ മരുഭൂമിയിലെ 40 ദിവസത്തെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും വലിയനോമ്പിന് അഭേദ്യമായ ബന്ധമുണ്ട്.

1. വിഭൂതി ദിനം- നോമ്പിന്റെ ആദ്യ ദിനം

ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലേക്കുള്ള ക്രൈസ്തവന്റെ വിളിയാണ് വലിയ നോമ്പ്. അതിന്റെ ആദ്യ ദിനം മുതൽ പ്രാർത്ഥനയായി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അനുതാപത്തിന്റെയും ആത്മപരിവർത്തനത്തിന്റെയും നാളുകളിലേക്കായി പ്രത്യേകമാം വിധം വിളിക്കപ്പെടുകയാണ് ഓരോ ക്രൈസ്തവനും. ഇതിനുള്ള തുടക്കത്തിൽ കഴിഞ്ഞ വർഷം ഓശാന തിരുനാൾ ദിനത്തിൽ നൽകപ്പെട്ട കുരുത്തോല കത്തിച്ചു ചാരമാക്കിയാണ് വൈദികൻ പ്രാർത്ഥനയോടെ വിശുദ്ധ ജലം തളിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുവാൻ യോഗ്യമാക്കുന്നത്.

2. വിഭൂതി ദിനാചരണം ആദിമ സഭ മുതൽ ഇന്നോളം

ക്രൈസ്തവ സഭ ആരംഭിച്ച ആദ്യ നൂറ്റാണ്ടുകൾ മുതൽ തന്നെ വിഭൂതി ദിനത്തെ ആചരിച്ചു വരുന്നുണ്ട്. ആദിമ വിശ്വാസികൾ നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചിരുന്നത് അനുതാപത്തിന്റെ സൂചകമായിട്ടായിരുന്നു. വലിയ നോമ്പിനെ അനുതാപത്തിന്റെയും പരിവർത്തനത്തിന്റെയും ദിനങ്ങളാണ് കരുതപ്പെടുവാൻ തുടങ്ങിയിട്ട് ഏകദേശം 400 വർഷം ആയിരിക്കുന്നു. 11 ആം നൂറ്റാണ്ടുമുതൽ തന്നെ റോമിൽ ഈ ആചാരം നിലനിന്നിരുന്നു.

3. ദൈവിക കാരുണ്യത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന വിഭൂതി ദിനം

ചാരം ഒരു പ്രതീകമാണ്. ആരാധനയുടെ ഒരു ബാഹ്യപ്രകടനമെന്നുമാത്രം കണക്കാക്കാതെ, ഓരോ വ്യക്തിയും നോമ്പുകാല യാത്രയിൽ വിളിക്കപ്പെടുന്ന അനുതപിക്കുന്ന ഹൃദയ മനോഭാവത്തിന്റെ അടയാളമായി സഭ അതിനെ കാണുന്നു. അതിനാൽ ഓരോ വിശ്വാസിയും ഇതിന്റെ ആന്തരിക അർഥം മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തിന്റെ ദുർബലതയും അർത്ഥവും സൂചിപ്പിക്കുന്ന ഈ അവസരത്തിൽ നിത്യജീവിതത്തിനായി ദൈവത്തിന്റെ കാരുണ്യം അത്യാവശ്യമെന്നു തെളിയിക്കുകയാണ് ഈ ദിനത്തിന്റെ ആചരണത്തിലൂടെ.

4. നിത്യ ജീവനിലേക്കുള്ള വിളിയുടെ പ്രതീകം

ലാറ്റിൻ വാക്കായ ‘സിനിസ്’ (cinis) ൽ നിന്നുമാണ് ഇംഗ്ലീഷിലെ ആഷ് (Ash) അല്ലെങ്കിൽ ‘ചാരം’ എന്ന വാക്കിന്റെ ഉത്ഭവം. തീയാൽ എന്തെങ്കിലും ജ്വലിക്കുന്നതിന്റെ ഫലത്തെയാണ് ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മരണത്തിന്റെയും ഉയിർപ്പിന്റെയും വിനയത്തിന്റെയും തപസ്സിന്റെയും സൂചകമായി ഇത് സൂചിപ്പിക്കപ്പെടുന്നു.

5. വിഭൂതിയും ഉപവാസവും

60 വയസ്സിനു താഴെയുള്ളവരും 18 വയസ്സിനു മുകളിലുള്ളവരും ദുഃഖ വെള്ളിയാഴ്ചപോലെ തന്നെ വിഭൂതി ദിനത്തിലും ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുവാൻ അനുവദിക്കുന്നുള്ളൂ. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉപവാസം ആചരിക്കുന്നത് നോമ്പിലെ വിശുദ്ധിയുടെ മാറ്റ് കൂട്ടും.

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.