“അച്ചൻ എന്തിനാണച്ചാ അച്ചനായത്?”

ഫാ. ജെൻസൺ ലാസലെറ്റ്

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

സമൂഹമാധ്യമങ്ങളിൽ ഈ ശീർഷകത്തോടു കൂടി യാക്കോബായ സുറിയാനി സഭാംഗമായ ഫാദർ സെവേരിയോസ് എൻ. തോമസിൻ്റെ പാട്ടുകൾ നല്ല റേറ്റിങ്ങിൽ ഓടികൊണ്ടിരിക്കുന്നുണ്ട്. അച്ചൻ അദ്ധ്യാപകനും എഴുത്തുകാരനും സംഗീതജ്ഞനുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ‘എന്തിനാടാ ചക്കരേ നീ അച്ചനായത്’ എന്ന ഒരു ഷോർട്ട് ഫിലിമിൻ്റെ ടൈറ്റിലിലും ഈ പാട്ടുകൾ അരങ്ങു തകർക്കുന്നുണ്ട്.

എന്തായാലും സെവേരിയോസ് അച്ചനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. അച്ചൻ്റെ പാട്ട് ഞാനും കേട്ടു. വളരെ നന്നായിരിക്കുന്നു. എന്നാൽ ആ പാട്ട് പ്രചരിപ്പിക്കുന്നതിന് കൊടുത്തിരിക്കുന്ന തലക്കെട്ട് നിങ്ങൾ ശ്രദ്ധിച്ചുവോ അതിൽ എന്തെങ്കിലും പ്രത്യേകത നിങ്ങൾക്ക് തോന്നിയോ? നന്നായ് പാട്ടു പാടുന്നവർ, മറ്റേതെങ്കിലും നല്ല കഴിവുകളുള്ളവർ അച്ചൻ പട്ടത്തിന് പോകരുത് എന്നൊരു ധ്വനിയതിലില്ലേ?

നമുക്കെല്ലാവർക്കും ആഗ്രഹം നല്ല അച്ചന്മാരും നല്ല സിസ്റ്റേഴ്സും സഭയിൽ ഉണ്ടാകണമെന്നാണ്. അതു കൊണ്ടു തന്നെ അവരുടെ വീഴ്ചകൾ നമ്മെ വേദനിപ്പിക്കുകയും ചിലപ്പോഴെങ്കിലും വിപരീത ചിന്തകൾക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ മക്കളിൽ പ്രത്യേകിച്ച് കഴിവും മികവും ഉള്ളവരെ നാം എത്രകണ്ട് അങ്ങനെയുള്ള ജീവിതാന്തസ് തിരഞ്ഞെടുക്കുവാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്?

പലർക്കും തങ്ങളുടെ മക്കൾ അച്ചനാകാൻ പോകുന്നു സിസ്റ്റർ ആകാൻ പോകുന്നു എന്നു കേട്ടാൽ അവരെ കൊലയ്ക്കു കൊടുക്കാൻ കൊണ്ടുപോകുകയാണ് എന്ന ചിന്തയുണ്ടോ എന്ന് സംശയിച്ചിട്ടുണ്ട്. വൈദികർക്കും സന്യസ്തർക്കും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്, സംഭവിക്കുന്നുമുണ്ട്. എന്നു കരുതി ആ ജീവിതാന്തസ് മോശമാണെന് എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരു സന്യാസ പുരോഹിതനായതിൽ ഞാനേറെ അഭിമാനിക്കുകയും നല്ല രീതിയിൽ ജീവിക്കാൻ ആത്മാർത്ഥമായ് പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഈ ദിവസങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുള്ള ഒരു കാര്യമിതാണ്: വൈദികരും സമർപ്പിതരും വീഴുന്നുണ്ടോ എന്നന്വേഷിച്ചു നടക്കുന്ന ഒരു പറ്റം ആളുകൾ നമുക്കു ചുറ്റും ഇല്ലേ? അവരുടെ വീഴ്ചയുടെ വാർത്തകൾ ലഭിച്ചാൽ ഒത്തിരി സന്തോഷത്തോടെ അത് എത്രമാത്രം എരിവും പുളിയും ചേർത്ത് പ്രചരിപ്പിക്കാമോ അത്രമാത്രം അതിന് പരിശ്രമിക്കുന്നവരും നമുക്കു ചുറ്റും ഇല്ലേ എന്ന്.

എന്നാൽ കുടുംബജീവിതത്തിലും ഇവ പ്രചരിപ്പിക്കുന്നവരുടെ വ്യക്തിപരമായ ജീവിതത്തിലുമുള്ള കുറവുകൾ പരിഹരിക്കാനോ അതിനെതിരെ വിരൽ ചൂണ്ടാനോ അവരെന്നല്ല ആരും തയ്യാറല്ല. ധാരാളം വിവാഹമോചനങ്ങൾ നടന്നിട്ടും തങ്ങളുടെ മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. നാളെ അവരുടെ മക്കളുടെ കുടുംബ ജീവിതത്തിൽ വീഴ്ചകളുണ്ടായാൽ അവരത് കൊട്ടിഘോഷിക്കുമോ? ചിന്തിക്കേണ്ടതാണത്.

ഈയിടെ ഒരു വല്യച്ചൻ പറഞ്ഞ കാര്യം ഇപ്രകാരമാണ്:

”നമ്മളെന്തു കൊണ്ടാണച്ചാ ഇത്രമാത്രം വെറുക്കപ്പെടുന്നത്? നമ്മളിൽ കുറച്ചു പേർ വീണുപോയതുകൊണ്ടോ? സത്യത്തിൽ ആരാണച്ചാ നമ്മെ ആത്മാർത്ഥമായ് സ്നേഹിക്കുന്നത്? നമ്മുടെ സേവനം ഏറ്റുവാങ്ങിയവരിൽ നമ്മോട് ആത്മാർത്ഥതയുള്ളവർ എത്ര പേരുണ്ട്?

എല്ലാവർക്കും അറിയേണ്ടത് നമ്മൾ എന്ത് നന്മ ചെയ്തു എന്നല്ല; മറിച്ച് എന്തെല്ലാം തിന്മകൾ ചെയ്യുന്നു എന്നാണ്. ഇതിനിടയിൽ എല്ലാ ഇടവകക്കാർക്കും ഇഷ്ടമുള്ള വൈദികനായി തീരാനുള്ള നമ്മുടെ അശ്രാന്ത പരിശ്രമവും. തമ്പുരാനിൽ ആഴമേറിയ വിശ്വാസമുണ്ടെങ്കിലെ ഇക്കാലഘട്ടത്തിൽ പിടിച്ചു നിൽക്കാനാകൂ. അത്രമാത്രം പ്രക്ഷുബ്ധമാണ് നമുക്ക് ചുറ്റുമുള്ള ലോകം.” ഇത് പറഞ്ഞു തീരുമ്പോൾ പ്രായം ചെന്ന ആ വൈദികൻ്റെ മിഴികൾ ഈറനണിയുന്നത് ഞാൻ ശ്രദ്ധിച്ചു.

കാര്യങ്ങൾ ഇത്രയും എഴുതാൻ കാരണം സമരിയാക്കാരി സ്‌ത്രീയെക്കുറിച്ച് ധ്യാനിച്ചതുകൊണ്ടാണ്. “ആ സ്‌ത്രീയുടെ സാക്‌ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ ക്രിസ്തുവിൽ വിശ്വസിച്ചു” (യോഹ 4:39) എന്ന് വചനം പറയുന്നു.

ഇത് വായിക്കുന്ന നമ്മൾ പുരോഹിതരോ സമർപ്പിതരോ അത്മായരോ ആരുമാകട്ടെ, നമ്മുടെ സാക്ഷ്യങ്ങളും വാക്കുകളും പ്രവൃത്തികളും വിമർശനങ്ങളും മറ്റുള്ളവരെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുന്നതാണോ അതോ അവനിൽ നിന്നും അകറ്റുന്നതാണോ എന്ന് ചിന്തിക്കുന്നത് ഉചിതമല്ലേ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.