എന്തിനാണ് ഈശോ അത്ഭുതങ്ങൾ പ്രവര്‍ത്തിച്ചത്?

ഈശോയുടെ ജീവിതകാലഘട്ടത്തിൽ അവിടുന്ന് ചെയ്തവയിൽ ശ്രദ്ധേയമായ ഒന്നാണ് അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതങ്ങൾ. പിശാചുക്കളെ ഒഴിപ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ഒരു അത്ഭുത പ്രവര്‍ത്തകനായി മാത്രമാണ് സാധാരണക്കാരായ ജനങ്ങൾ ഈശോയെ കരുതിയിരുന്നതും. പിതാവ് നിർവ്വഹിച്ചതെങ്കിലും മരിച്ച് മൂന്നാം ദിവസം ഉയിർത്തതാണ് ഈശോയുടെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു അത്ഭുതം.

എന്തിനാണ് ഈശോ ഈ അത്ഭുതങ്ങളെല്ലാം പ്രവർത്തിച്ചത്? അതിന്റെ ആവശ്യം ഉണ്ടായിരുന്നോ? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിന് ഉത്തരം നല്‍കുന്നുണ്ട്. യേശു തന്റെ “വചനപ്രഘോഷണത്തോടൊപ്പം ധാരാളം അടയാളങ്ങളും അത്ഭുതങ്ങളും  പ്രവർത്തിച്ചിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ താനാണെന്നും സ്വർഗ്ഗരാജ്യം തന്നിൽ സന്നിഹിതമാണെന്നും അറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്” (CCC 547).

“പിതാവായ ദൈവമാണ് തന്നെ അയച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ. ഈശോയിൽ വിശ്വസിക്കാൻ അത് അനേകരെ പ്രേരിപ്പിച്ചു. വിശ്വാസത്തോടെ തന്നെ നോക്കിയവർക്കു മുന്നിൽ അവിടുന്ന് അത്ഭുതങ്ങൾ ചെയ്തു. അങ്ങനെ ദൈവപുത്രന്റെ പ്രവര്‍ത്തികൾക്ക് അവർ സാക്ഷികളുമായി” (CCC 548).

അത്ഭുതങ്ങൾ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കിൽ ഈശോ, മിശിഹായാണെന്ന് വിശ്വസിക്കാൻ എല്ലാവർക്കും പ്രയാസമായിരുന്നു. ഈശോയ്ക്ക് മുമ്പ് പലരും താൻ മിശിഹായാണെന്ന് അവകാശപ്പെട്ട് എത്തിയിട്ടുണ്ടെങ്കിലും വെള്ളം വീഞ്ഞാക്കുന്നതോ മരിച്ചവരെ ഉയിര്‍പ്പിക്കുന്നതോ പോലുള്ള യാതൊരു അത്ഭുതങ്ങളും അവർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സത്യം അറിയാവുന്ന ഈശോ തളർവാദരോഗിയെ സുഖപ്പെടുത്തുന്ന അവസരത്തിൽ അത് വ്യക്തമാക്കുന്നുണ്ട്. “അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്‌? ഏതാണ്‌ എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതോ എഴുന്നേറ്റ് നടക്കുക എന്ന് പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന്‌ അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്‌. അനന്തരം, അവന്‍ തളര്‍വാതരോഗിയോട് പറഞ്ഞു: എഴുന്നേറ്റ്‌ നിന്റെ ശയ്യയുമെടുത്ത്‌ വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ്‌ വീട്ടിലേക്കു പോയി (മത്തായി 9:4-7).

ആർക്കും സാധിക്കുന്നതു പോലെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു ഈശോയ്ക്ക്. എന്നാൽ, തന്റെ വചനം സത്യമാണെന്ന് തെളിയിക്കാൻ ഈശോ ആ രോഗിയെ സുഖപ്പെടുത്തി. ഫലമോ, അവിടുത്തെ പ്രവര്‍ത്തി കണ്ട ജനം ദൈവത്തെ മഹത്വപ്പെടുത്തി. അതുതന്നെയാണ് ഈശോ തന്റെ അത്ഭുതപ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വച്ചതും.