ധനികനായ യുവാവിന്റെ ഉപമ പഠിപ്പിക്കുന്നത്

ധനികനായ യുവാവിന്റെ ഉപമയില്‍ കാണുന്ന ഒരു വചനമുണ്ട്. ‘ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു’ (മത്തായി 19:22).

കര്‍ത്താവിനു സമര്‍പ്പിക്കേണ്ട ജീവിതം തന്റെ സ്വാര്‍ത്ഥതയിലൂടെ ആ യുവാവ് ഇല്ലാതാക്കി. കര്‍ത്താവിന്റെ വാക്കുകള്‍ അവന്‍ അനുസരിച്ചിരുന്നെങ്കില്‍, അവന് ലഭിക്കുമായിരുന്ന സന്തോഷം എത്രമാത്രം വലുതായിരുന്നു. പക്ഷേ, അവന്‍ ഇഷ്ടപ്പെട്ടത് അവന്റെ വസ്തുവകകളാണ്. അതായത് അവന്റെ ധനം, സമ്പത്ത് വീട് എല്ലാം. ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നപ്പോള്‍ അവന്‍ തെരഞ്ഞെടുത്തത് തെറ്റിന്റെ പാതയായിരുന്നു. സുവിശേഷത്തില്‍ പറയുന്നതുപോലെ, അവന്‍ സങ്കടത്തോടെ അവന്റെ വഴിക്കു പോയി.

സ്വാര്‍ത്ഥത തെരഞ്ഞെടുത്ത അവന്‍ സങ്കടം കണ്ടെത്തി. ക്രിസ്തുവിനെ പിന്തുടരുന്ന നമ്മള്‍, ഈ ധനികനായ യുവാവിന് സമനാകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നൈമിഷിക സുഖഭോഗങ്ങള്‍ക്കും ഭൗതികതയ്ക്കും പുറകെ നാം പോകാറുണ്ടോ? അപരന്റെ വേദനയിലും ദുഃഖങ്ങളിലും നാം പങ്കു പറ്റാറുണ്ടോ? അഹംഭാവം എന്ന തിന്മ വെടിഞ്ഞ് ക്രിസ്തുവിന്റെ മാതൃകയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുക. മറ്റുള്ളവര്‍ക്ക് അവന്റെ സ്‌നേഹം പകര്‍ന്നുനല്കുക.