എപ്പോഴും സന്തോഷത്തോടെ ആയിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ആനന്ദം എന്നത് സന്തോഷത്തിന്റെ മറ്റൊരു വാക്കല്ല. അത് കുറച്ചുകൂടി ദൈവികമാണ്. ഉള്ളില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. ശരീരത്തിലും ആത്മാവിലും ഹൃദയത്തിലും തൊടുന്നതുമാണ്. ഈ ലോകത്തെ വര്‍ണ്ണശബളമായി വീക്ഷിക്കാന്‍ ആനന്ദമുള്ള ഒരു വ്യക്തിക്ക് കഴിയും. എന്നാല്‍ ആനന്ദം സൃഷ്ടിച്ചെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില പ്രത്യേക മനോഭാവങ്ങള്‍ രൂപപ്പെടുത്തിയെടുത്താല്‍ മാത്രമേ, ആനന്ദം കരഗതമാക്കാന്‍ സാധിക്കൂ. അവ ഏവയൊക്കെയെന്ന് നോക്കാം…

1. ഹൃദയം തുറക്കുക

ലോകത്തിലെ നന്മകള്‍ക്ക് മുമ്പില്‍, നല്ല ആളുകള്‍ക്ക് മുമ്പില്‍ ഹൃദയം തുറക്കുക. അവരിലെ നന്മയെ സ്വീകരിക്കുക. അതുവഴിയായി നല്ല ചിന്തകളും ആശയങ്ങളും നമ്മില്‍ നിറയുകയും സമാധാനവും ആനന്ദവും കൈവരികയും ചെയ്യും.

2. ചെറുതും സാധാരണവുമായ കാര്യങ്ങളും ആസ്വദിക്കുക

ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കുന്നത് ദൈവത്തിന് കൊടുക്കുന്ന മഹത്വം കൂടിയാണ്. ഉദാഹരണത്തിന് ഒരു കുഞ്ഞിന്റെ പുഞ്ചിരി, ഒരു മഴ, കാറ്റ്, പൂവ്, പക്ഷി അങ്ങനെ എന്തെല്ലാം. അതുപോലെ ആളുകളുടെയും ചെറിയ പ്രവര്‍ത്തികളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാവുമ്പോള്‍ ആനന്ദം താനെ മനസില്‍ നിറയും.

3. ആയിരിക്കുന്ന അവസ്ഥയെ സ്‌നേഹിക്കുക

കഴിഞ്ഞുപോയതിനെയോ വരാനിരിക്കുന്നതിനെയോ ഓര്‍ത്ത് ആകുലപ്പെടാതെ, ആയിരിക്കുന്ന നിമിഷത്തെ സ്‌നേഹിക്കുക, അതിനെ എത്രമാത്രം മനോഹരമാക്കാം എന്ന് ചിന്തിക്കുക. അതും സന്തോഷത്തിന് കാരണമാവും.

4. ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടാവുക

ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടാക്കിയെടുത്താല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നല്ലതിനെയും മോശം കാര്യങ്ങളെയും ഒരുപോലെ സ്വീകരിക്കാനും അംഗീകരിക്കാനും സാധിക്കും. ദൈവത്തില്‍ വിശ്വസിക്കുന്നതിനു തുല്യം തന്നെയാണത്. എല്ലാം നന്മയ്ക്കാണെന്ന ബോധ്യവും അത് നമ്മില്‍ നിറയ്ക്കും. ഫലമോ ആനന്ദവും.

5. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക

ഒരാള്‍ക്ക് സന്തോഷം അനുഭവിക്കാന്‍ ഏറ്റവും നല്ല വഴി മറ്റുള്ളവരെ നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക എന്നതാണ്. അതുകൊണ്ട് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായി എല്ലാവരെയും സ്‌നേഹിക്കുക.

6. നന്ദിയുടെ മനോഭാവം

നന്ദിയുള്ള ഹൃദയം ആനന്ദത്തിന്റെ കേന്ദ്രം തന്നെയാണ്. ദൈവത്തോടും മനുഷ്യരോടും എപ്പോഴും നന്ദിയുടെയും കൃതജ്ഞതയുടെയും മനോഭാവം പുലര്‍ത്താം.

7. ദൈവത്തെ ശ്രവിക്കാം, ധ്യാനിക്കാം

മനസും ഹൃദയും ശാന്തമാക്കി വച്ച് എല്ലാ വേദനകളും ആകുലതകളും ദൈവതിരുമുമ്പില്‍ അര്‍പ്പിച്ച് ഏകാഗ്രമായി ഏതാനും സമയം ഇരിക്കുന്നതും ശാന്തമായി ദൈവവചനം വായിച്ച് ധ്യാനിക്കുന്നതുമെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളില്‍ ഒന്നുകൂടിയായ ആനന്ദം കൊണ്ട് നിറയാന്‍ സഹായകമാണ്.