വെളിച്ചത്തിന്റെ വഴിയെ…

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

പോൾ കൊട്ടാരം കപ്പൂച്ചിൻ

‘സന്യാസി’ എന്ന പേരില്‍ എന്‍റെ സുഹൃത്തും സഹപാഠിയുമായ ഫാ. സിറിയക് പാലക്കുടി എഴുതിയ ഒരു മനോഹരമായ കവിതയുണ്ട്. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും അതിലെ ആശയങ്ങളിന്നും ഏറെ അര്‍ത്ഥവത്തായി, ഒപ്പം കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു എന്നത് ഏറെ സന്തോഷം പകരുന്നു. ഈ കവിതയുടെ ആമുഖമായി കവി പറഞ്ഞുവച്ചിട്ടുള്ള ഒരു ചെറിയ വാചകം ഇങ്ങനെയാണ് “ലളിതമല്ല വെളിച്ചത്തിലേക്കുള്ള വഴികള്‍, ഒരു യാത്രയുടെ മുഴുവന്‍ അശാന്തിയും അലച്ചിലും അനിശ്ചിതത്വങ്ങളും അതിലുണ്ട്. ഈ യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ വേണ്ടാ, കണ്ണും കാതും മനസും ഹൃദയവും തുറന്നിട്ടാല്‍ മാത്രം മതി.” ഈ വാക്കുകള്‍ പകരുന്ന ഒരു ആത്മീയ ബലം വളരെ വലുതാണെനിക്ക് കാരണം ഇരുളില്‍നിന്നും വെളിച്ചത്തിലേക്കുള്ള പാത അനുദിനം തിരയുന്നവരാണ് നാമെല്ലാവരും. ഭാരതീയരായ നമുക്ക് ഏറെ പരിചിതമായ പ്രാര്‍ത്ഥനാ മന്ത്രം ‘തമസോമാ ജ്യോതിര്‍ഗമയ’ ഓര്‍മ്മപ്പെടുത്തുന്നതും ഇതേകാര്യം തന്നെയാണ്. നാമറിയുന്നതുപോലെ തിന്മയും തിന്മയോട് ചേര്‍ന്നുള്ളവയുമെല്ലാം ദൈവീകവെളിച്ചം നമ്മില്‍ നഷ്ടമാകുമ്പോള്‍ ഉടലെടുക്കുന്ന കാര്യങ്ങളാണ്.

എല്ലാ മനുഷ്യരും സത്യമായ വെളിച്ചത്തില്‍ ചരിക്കേണ്ടവരാണെന്ന് പൊതുവെ പറയുമ്പോഴും, ഒരു പുരോഹിതനെന്ന നിലയില്‍ വ്യക്തിപരമായി എനിക്ക് ഒരു വലിയ ഉത്തരവാദിത്വമുണ്ട് എന്ന് ഞാന്‍ സ്വയം അറിയുന്നു. അക്കാരണത്താല്‍ത്തന്നെ കവി പറഞ്ഞുവച്ചിരിക്കുന്നത് എന്‍റെ ജീവിതയാത്രയെക്കുറിച്ചാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. എന്‍റെ സന്യാസ പൗരോഹിത്യ യാത്രയില്‍ മറ്റേതൊരു മനുഷ്യന്‍റേതുപോലെയുമുള്ള സുഖദുഃഖ സമ്മിശ്രമായ നിമിഷങ്ങള്‍ ഏറെ കടന്നുവന്നിട്ടുണ്ട്. എന്നിരുന്നാലും അവയ്ക്കെല്ലാം ഉപരിയായ നന്മയുടെ ഒപ്പമായിരിക്കണം എന്‍റെ അനുദിന ജീവിതം. അതായത് ഈശോയോടൊപ്പം കണ്ണും കാതും മനസും ഹൃദയവും തുറന്നിട്ടുകൊണ്ടുള്ള ഒരു യാത്രയാണ് ഞാന്‍ ഈ ജീവിതത്താല്‍ നടത്തേണ്ടത്.

കുറേയേറെ വര്‍ഷങ്ങള്‍ പഠനത്തിനും ധ്യാനത്തിനുമായി മാറ്റിവച്ച് ജീവിതത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുത്താണ് സന്യാസത്തിന്‍റേയും പൗരോഹിത്യത്തിന്‍റേയും വഴിയിലേക്ക് ഒരാള്‍ കടന്നുവരുന്നത്. സന്യാസ/വൈദീക പരിശീലന കാലങ്ങളില്‍ പലവുരു എന്‍റെ പരിശീലകര്‍ ഓര്‍മ്മപ്പെടുത്തിയതും ഞാന്‍ സ്വയം ഉള്ളിലേറ്റിയതുമായ അനവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായത് എന്‍റെ സന്യാസ പൗരോഹിത്യത്തിലൂടെ ഞാന്‍ അനുനിമിഷം എത്തിച്ചേരേണ്ടത് ദൈവത്തിലേക്ക്/ ഈശോയിലേക്ക് എന്നതാണ്. അത്തരം വെളിപാടുകള്‍ പലരുടേയും ഉള്ളിലുണ്ടായിരുന്നതിനാല്‍, സന്യാസ സമര്‍പ്പണത്തെക്കുറിച്ചും പൗരോഹിത്യ സ്വീകരണത്തെക്കുറിച്ചും പൊതുവെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടത് “ഈശോയുടെ സ്വന്തമായി തീര്‍ന്നതിന്‍റെ ഓര്‍മ്മദിനം” എന്നാണ്. ചുരുക്കത്തില്‍ ഒരാള്‍ ഒരു സന്യാസിയായും ഒരു പുരോഹിതനായായും തീര്‍ന്നു എന്നതിനര്‍ത്ഥം, അയാള്‍ ഈശോയുടെ മാത്രമായി രൂപാന്തരപ്പെട്ടു എന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഞാനിതാ എന്‍റെ ഈശോയോടൊപ്പം അവന്‍ നടന്നതുപോലെ കണ്ണും കാതും മനസും ഹൃദയവും തുറന്നിട്ടുകൊണ്ടുള്ള ഒരു യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്ന് കൂടിയാണ്.

കാലോചിതമായി എല്ലാം രൂപപ്പെടുത്തിയെടുക്കുക എന്നത് ഏതുമേഘലയിലും ഒഴിവാക്കാനാകാത്ത ഒന്നാണ്. നമ്മുടെ ചുറ്റുപാടുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇതിന് സമാനമായ അനേകം ഉദാഹരണങ്ങള്‍ കൃത്യമായി നമുക്ക് കാണാവുന്നതുമാണ്. സന്യാസ പൗരോഹിത്യ പരിശീലനത്തിലും ഈ വീക്ഷണം ഇന്ന് പ്രബലമാണ്. അങ്ങിനെ കാലിക പ്രസക്തമെന്ന് പറഞ്ഞുകൊണ്ട് ജനത്തിന് വേണ്ടതരത്തിലുള്ള സന്യാസിയും/പുരോഹിതനുമാകാനുള്ള പരിശീലനം ഇന്ന് എല്ലാ വൈദീക/സന്യാസ പരിശീലന കേന്ദ്രങ്ങളിലും ധാരാളമായുണ്ട്. ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച് ജനത്തിന്‍റെ മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അനേകം സന്യാസികളും പുരോഹിതരും ഇന്ന് ജനമധ്യത്തിലുണ്ട്. അവരുടെയൊക്കെ നിലവാരത്തില്‍ എത്തിച്ചേരാത്തവരൊക്കെ പഴഞ്ചനാണ്, ഒഴിവാക്കപ്പെടേണ്ടതാണ് എന്ന ആശയവും ശക്തമാണ്. കാലോചിതമായി ചേര്‍ന്നുപോകുന്നവ മാത്രം ഉള്‍പ്പെടുത്തിയുള്ള ശൈലികളും രീതികളും ഇന്നത്തെ ആത്മീയ ശുശ്രൂഷയില്‍ ഏറ്റവും പ്രധാനഘടകമായി അവതരിപ്പിക്കപ്പെടുമ്പോള്‍ എന്‍റെ ഉള്ളില്‍ ചില ആശങ്കകള്‍ ഉയരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഈശോയുടെ സ്വന്തമായി നിലയുറപ്പിച്ച് അവന്‍ പ്രതീക്ഷിക്കുന്ന വിധത്തിലുള്ള ശുശ്രൂഷയ്ക്കായി ഒരുങ്ങിയിട്ടുള്ളവരും ഒരുങ്ങിക്കൊണ്ടിരിക്കുന്നവരും കുറഞ്ഞു കുറഞ്ഞ് വരികയാണ് എന്നതുതന്നെയാണ്.

സന്യസ്തരും പുരോഹിതരുമൊക്കെ ചേര്‍ന്നുള്ള ഇന്നത്തെ ആത്മീയ ശുശ്രൂഷാമേഘലയില്‍, ജനം (ശുശ്രൂഷ സ്വീകരിക്കുന്നവര്‍) പ്രതീക്ഷിക്കുന്നതും കൊതിക്കുന്നതും മാത്രം വിളമ്പാന്‍ തയാറാകുന്നവര്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നത് എന്നത് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകൂടിയാകാം. ഇത്തരത്തില്‍ ആത്മീയശുശ്രൂഷ ചെയ്യാന്‍ ധാരാളംപേര്‍ കടന്നുവരുന്നുണ്ട് എന്നത് അത്ര ശുഭകരമായ ഒരു വസ്തുതയായി ഞാന്‍ കാണുന്നില്ല. ഈശോയുടെ സ്വന്തമായി എന്നും ജീവിക്കേണ്ട ഞാന്‍ അതില്‍നിന്നും മാറി ജനത്തിന്‍റെ മാത്രം സ്വന്തമാകാനുള്ള വ്യഗ്രതയിലാണ് എന്നത് ഒരു വലിയ അപചയവും അപകടവുമാണ്.

ജനം ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് എത്രകാലം എന്‍റെ ഈ ജീവിതം തുടരാനാകുമോ അതുവരെ പിടിച്ച് നില്‍ക്കാം. വിളമ്പുന്നതില്‍ എന്തെങ്കിലും കുറവ് വന്നാല്‍ ഞാന്‍ പുറംതള്ളപ്പെടും എന്നത് നൂറുശതമാനം ഉറപ്പാണ്. എങ്ങിനെയെങ്കിലും out dated ആകാതിരിക്കാനുള്ള പരിശ്രമമായിരിക്കും ഇവിടെ അടിസ്ഥാന പ്രമാണമായി പലരും സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുക. മിക്കപ്പോഴും ‘ഞാന്‍ ഈശോയുടെ സ്വന്തം’ എന്ന എന്‍റെ അസ്ഥിത്വം തന്നെ അടിയറവ് വയ്ക്കേണ്ട സാഹചര്യങ്ങള്‍ ഉയര്‍ന്നുവരും എന്നത് നിശ്ചയമാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് സ്വയം വിധേയപ്പെടുമ്പോള്‍ എന്നിലെ ദൈവാംശം അന്യമായി പോകും. കണ്ണും കാതും മനസും ഹൃദയവും ബോധപൂര്‍വം കൊട്ടിയടച്ചുള്ള ജീവിതമായി മാറും.

രണ്ടാം ക്രിസ്തു എന്ന് സഭ വിളിച്ച, ഇന്നും അനേകരെ ശരിയായ ആത്മീയതയിലേക്ക് നയിക്കുന്നവനുമായ അസ്സീസിയിലെ ഫ്രാന്‍സീസിനെ എനിക്ക് ഏറെ ഇഷ്ടമാണ്. മാനസാന്തരപ്പെട്ട ഫ്രാന്‍സീസിനെ അസ്സീസി നിവാസികളായ അവന്‍റെ നാട്ടുകാര്‍ കണ്ടിരുന്നത് നമ്മുടെ രീതിയനുസരിച്ച് പറഞ്ഞാല്‍ അത്ര നോര്‍മലല്ലാത്ത അവസ്ഥയിലാണ്. ധനത്തിന്‍റേയും മോഹത്തിന്‍റേയും ബഹളങ്ങളുടേയും വഴികളില്‍ നിന്ന് പൂര്‍ണമായും അകന്നുമാറിക്കൊണ്ട് കൂടുതല്‍ മൗനവും ധ്യാനവും ഇഴനെയ്തെടുത്ത ഒരു പുതിയ ജീവിതം. അത് അവര്‍ക്ക് അത്ര മനസിലായില്ല അതിനാല്‍ അവര്‍ സ്വീകരിച്ചുമില്ല. കാരണം അവര്‍ക്കിഷ്ടമായ രീതിയിലോ അവരുടെ പ്രതീക്ഷയ്ക്കൊത്തോ അല്ല അവന്‍ ജിവിച്ചത്. പകരം, കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 3.23ല്‍ പൗലോസ്ശ്ലീഹ പറഞ്ഞുവച്ച നിങ്ങളാകട്ടെ ക്രിസ്തുവിന്‍േറതാണ് എന്ന വചനത്തോട് ഒന്നാക്കപ്പെടുകയായിരുന്നു.
ഞാന്‍ ഈശോയുടേത് മാത്രമാണ് എന്ന് സ്വജീവിതത്താല്‍ പറയാനാകുക അത്ര ലളിതമായ ഒരു കാര്യമല്ല. പകരം ജനം പറയുന്നതിന്‍റെ പിന്നാലെ പോകുക എന്നതാണ് മിക്കവര്‍ക്കും എളുപ്പവഴി. കാലം കടന്നുപോയപ്പോള്‍ ഫ്രാന്‍സീസിനോട് ജനം പറഞ്ഞുതുടങ്ങി ‘ഫ്രാന്‍സീസ് നീയൊരു വിശുദ്ധനാണ്’. അത് കേള്‍ക്കുമ്പോഴെല്ലാം ഫ്രാന്‍സീസ് തന്‍റെ സഹോദരന്മാരോട് പറഞ്ഞു, സഹോദരന്മാരേ നമ്മള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല, നമുക്ക് ഒരു പുതിയ തുടക്കം കുറിക്കാം. ഇവിടെ ഫ്രാന്‍സീസ് തന്‍റെ വാക്കുകളിലൂടേയും ജീവിതത്തിലൂടെയും ഓര്‍മ്മിപ്പിക്കുന്നത് നമ്മിലാര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ഞാന്‍ വെറും ജനപ്രിയനാകാനായി മാത്രം പരിശ്രമിക്കുമ്പോള്‍, ദൈവത്തിന്‍റെ പ്രിയം എന്നില്‍നിന്നകലും എന്ന് തന്നെ.
ഈശോയുടെ ലക്ഷ്യം വെറുമൊരു ജനപ്രിയനായിമാറുക എന്നതല്ലായിരുന്നു. അവന്‍ യഥാര്‍ത്ഥ വെളിച്ചമായിരുന്നു. ഇന്നും അതേ ക്രിസ്തുവിന്‍റെ വഴിയെ, അവന്‍ പകരുന്ന വെളിച്ചം ഉള്ളില്‍ സ്വീകരിച്ചുകൊണ്ട് ഞാന്‍ അവന്‍റെ സ്വന്തമാണ് എന്ന ചങ്കുറപ്പോടെ, കണ്ണും കാതും മനസും ഹൃദയവും തുറന്നിട്ടുകൊണ്ട് മുന്നേറുന്നവര്‍ക്ക് ലോകത്തിന്‍റെ ഇഷ്ടക്കേടുകള്‍ക്ക് അവനേപ്പോലെ വിധേയരാകേണ്ടിവരും എന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പക്ഷേ ഇവിടെയൊരു സുഖമുണ്ട്, വലിയ സന്തോഷമുണ്ട്, ആര്‍ക്കും എടുത്തുകളയാനാവാത്ത സ്വാതന്ത്ര്യമുണ്ട്. അവന്‍റെ സ്വന്തമായ് തീര്‍ന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ഇനി എന്താണ് വേണ്ടത്? ഇതില്‍ കൂടുതലായി എന്താണിനി നേടിയെടുക്കാനുള്ളത്?

ഇടറാതിരിക്കാന്‍, തിരസ്കരണങ്ങളുടെ/പരാജയങ്ങളുടെ പേരില്‍ നിരാശയില്‍ ആഴാതിരിക്കാന്‍, വെളിച്ചത്തിലേക്കുള്ള വഴിയും യാത്രയും ഉപേക്ഷിക്കാതിരിക്കാന്‍, ഈശോയേ നിന്‍റെ സ്വന്തമായ എല്ലാവരേയും അനുഗ്രഹിക്കണമേ…

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.