സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളെക്കുറിച്ച് വത്തിക്കാനില്‍ പുതിയ രേഖ

സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികവശങ്ങളെ അധികരിച്ചുള്ള പുതിയ രേഖ വത്തിക്കാനില്‍ പുറപ്പെടുവിച്ചു.വിശ്വാസ കാര്യസംഘവും സമഗ്രമാനവപുരോഗതിക്കായുള്ള വിഭാഗവും സംയുക്തമായാണ് രേഖ പുറപ്പെടുവിച്ചത്. മേയ് 17 നു നടന്ന പത്രസമ്മേളനത്തിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. ‘ഒയെക്കൊണോമിക്കെ ഏത്ത് പെക്കുനിയാറിയെ’ എന്ന പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

സമഗ്രമാനവപുരോഗതിക്കായുള്ള വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്‌സണ്‍, വിശ്വാസകാര്യസംഘത്തിന്റെ അദ്ധ്യക്ഷന്‍, ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്‌കൊ ലദാറിയ ഫെറെര്‍, റോമിലെ തോര്‍ വെര്‍ഗാത്ത സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലെയൊണാര്‍ദൊ ബെക്കേത്തി, മിലാനിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലൊറേന്‍സൊ കാപ്രിയൊ എന്നിവര്‍ രേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിച്ചു.

മൂല്യാധിഷ്ടിതവും കവര്‍ച്ചകളെ നിഷ്‌ക്രിയമാക്കുകയും ചെയ്യുന്ന പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൊണ്ടുവരുന്നതിനുള്ള ക്ഷണമാണ് ഇതെന്ന് രേഖയില്‍ സൂചിപ്പിക്കുന്നു. സഭ നിര്‍ദ്ദേശിക്കുന്ന ആത്യന്തികമായ പൊതുനന്മ, ഓരോ വ്യക്തിയുടെയും സകല മാനവ സമൂഹങ്ങളുടെയും സകല ജനതകളുടെയും സമഗ്രപുരോഗതിയാണെന്നും പുതിയ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.