വത്തിക്കാൻ – ചൈന കരാർ പുതുക്കുമെന്ന് പ്രതീക്ഷ: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

ചൈനയിലെ കത്തോലിക്കാ സഭ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള ഇടക്കാല കരാർ പുതുക്കുമെന്ന് വത്തിക്കാൻ പ്രതീക്ഷിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. സെപ്റ്റംബർ 14-ന് റോമിലെ ഇറ്റാലിയൻ എംബസിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചൈനയുമായി ബന്ധപ്പെട്ട്, ഞങ്ങളുടെ ഇപ്പോഴത്തെ താൽപര്യം ക്രൈസ്തവർക്ക് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുക, കത്തോലിക്കാ സഭയ്ക്ക് പരിശുദ്ധ സിംഹാസനമായും മാർപാപ്പയുമായും ബന്ധമുണ്ടാക്കുക എന്നതാണ്” – ഇറ്റാലിയൻ വാർത്താ ഏജൻസിയായ ഏജൻ‌സി‌ആർ‌ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 14-ന് കർദ്ദിനാൾ പിയട്രോ പരോളിൻ ആവശ്യപ്പെട്ടു.

2018 സെപ്റ്റംബർ 22-ന് വത്തിക്കാനും ചൈനയും ഒപ്പുവച്ച താൽക്കാലിക കരാർ ഒക്ടോബറിൽ അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വത്തിക്കാൻ – ചൈന കരാറിനെത്തുടർന്നും ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ ചൈനയിൽ കുറവില്ല. ചൈനയിലെ വിവിധ പ്രദേശങ്ങളിൽ കുരിശുകൾ നീക്കം ചെയ്യുകയും പള്ളിക്കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്യുന്നത് തുടരുകയാണ്. കൂടാതെ ഭൂഗർഭ കത്തോലിക്കർക്കെതിരായും വൈദികർക്കെതിരായുമുള്ള  ഉപദ്രവവും തടങ്കലിൽ വയ്ക്കുന്നതും ഇവിടെ പതിവാണ്. ചൈനയിലെ വിവിധ സ്ഥലങ്ങളിൽ ബിഷപ്പുമാരില്ലാത്ത അൻപതിലധികം രൂപതകളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.