വത്തിക്കാന്‍- ചൈനാ കരാര്‍ നിഷ്ഫലമാകുമെന്ന് സൂചന

വത്തിക്കാന്‍ – ചൈനാ കരാര്‍ നിഷ്ഫലമാകുമെന്ന് സൂചനകള്‍. എല്ലാ മതവിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്‌കാരിക അനുരൂപണനീക്കം കൂടുതല്‍ ശക്തമാക്കുമെന്ന പ്രധാനമന്ത്രി ലീ കെക്വിയാങിന്റെ പ്രഖ്യാപനമാണ് ഈ അശുഭ സൂചനയ്ക്ക് പിന്നില്‍.

ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മതങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ള ചൈനാവത്കരണത്തിന്റെ മൗലികനയം കര്‍ശനമായി നടപ്പാക്കുമെന്ന് ചൈനീസ് ഭരണകൂടത്തില്‍ രണ്ടാമനായ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റോമില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് ഉണ്ടാക്കിയ വത്തിക്കാന്‍-ചൈനാ കരാറിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രസ്താവന പ്രധാനമന്ത്രി ലീ കെക്വിയാങ്ങ് നടത്തിയത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് 2015-ല്‍ അവതരിപ്പിച്ച മതങ്ങളുടെ സമ്പൂര്‍ണ്ണ ചൈനാവല്‍ക്കരണനയം 2017-ലാണ് ചൈന ഭരണഘടനയുടെ ഭാഗമാക്കിയത്. ഇതിന്റെ ഭാഗമായി കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, മുസ്ലിം മതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചൈനാവത്കരണത്തിനായുള്ള വിശദമായ പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബൈബിളിന്റെ പുനരാഖ്യാനം, തിരുക്കര്‍മ്മങ്ങള്‍, ആരാധനാക്രമം, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, സംഗീതം, ദൈവാലയങ്ങളുടെ രൂപകല്‍പ്പന, സഭാശുശ്രൂഷകരുടെ വസ്ത്രധാരണം എന്നിവയിലെല്ലാം ചൈനീസ് സംസ്‌കാരത്തിന്റെ മൂല്യങ്ങളും പ്രതിരൂപങ്ങളും സമൃദ്ധമായി ഉള്‍ച്ചേര്‍ക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഉടമ്പടി ഒപ്പുവെച്ചതോടെ ചൈനയില്‍ കത്തോലിക്കാസഭയ്ക്ക് പുതുയുഗം തുറക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍.