ഉറുഗ്വേയിലെ കാനലോണസ് കത്തീഡ്രല്‍ ഗ്വാഡലൂപ്പാ മാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു

ഉറുഗ്വേയിലെ കാനലോണസ് കത്തീഡ്രല്‍ ഗ്വാഡലൂപ്പാ മാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു. പ്രാദേശിക മെത്രാന്‍സമിതിയാണ് പ്ലീനറി അസംബ്‌ളിയുടെ അവസാനത്തില്‍ ഈ പ്രഖ്യാപനം നടത്തിയത്. മെത്രാന്‍സമിതിയുടെ ഡിക്രിയില്‍ ഗ്വാഡലൂപ്പായിലെ പരിശുദ്ധ കന്യകയോടുള്ള ഭക്തി രാജ്യത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളെ ഒന്നിപ്പിക്കുകയും ഉറുഗ്വേയിലെ തീര്‍ത്ഥാടകസഭയെ സഹോദര രാജ്യങ്ങളിലെ സഭകളുമായി സംസര്‍ഗ്ഗത്തിലെത്തിക്കുകയും ചെയ്യുന്നുവെന്നും അറിയിച്ചു. വിശ്വാസികളുടെ വിശുദ്ധീകരണത്തിനും ജനങ്ങളുടെ സംസ്‌കാരത്തെ സുവിശേഷവല്‍ക്കരിക്കുന്നതിനുമായി കന്യകാമാതാവിനെ വണങ്ങാന്‍ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും മെത്രാന്‍ സമിതിയുടെ ഡിക്രിയില്‍ വ്യക്തമാക്കി.

കാനെലോണസില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഗ്വാഡലൂപ്പായിലെ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ചിത്രവും നിലവിലുണ്ട് എന്നതിന് 1779-ലെ ചരിത്ര രേഖയുണ്ട്. ഈ പേരില്‍ 1775-ല്‍ ഒരു ഇടവക സ്ഥാപിക്കുകയും ചെയ്തു. 1816-ല്‍ ആരംഭിച്ച ഇപ്പോഴത്തെ ദേവാലയം 1945-ല്‍ രൂപതാ തീര്‍ത്ഥാടനകേന്ദ്രമായും പിന്നീട് 1961-ല്‍ കത്തീഡ്രലായും ഉയര്‍ത്തപ്പെട്ടു. 1979-ല്‍ അവിടുത്തെ മാതാവിന്റെ രൂപത്തില്‍ കിരീടം അണിയിച്ചിരുന്നു. ഇന്ന്, ഗ്വാഡലൂപ്പാ കന്യകയ്ക്ക് സമര്‍പ്പിക്കപ്പെട്ട രാജ്യത്തെ പ്രധാന ദേവാലയവുമായി കാനെലോണസിലെ കത്തീഡ്രല്‍ മാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.