ഉക്രൈനിൽ നിന്നുള്ള SJSM സിസ്റ്റേഴ്സ് ദിവ്യകാരുണ്യ സമ്മാനവുമായി

ഉക്രൈനിൽ നിന്നുള്ള SJSM (sisters of st.joseph of St.marc) സിസ്റ്റേഴ്സിന്റെ ഗാനങ്ങളും ആലാപനശൈലിയും ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. ‘നാവിൽ ഈശോ തൻ നാമം’ എന്ന ഗാനം പാടി മലയാളിഹൃദയങ്ങളിൽ ചേക്കേറിയ അവർ ഇത്തവണ എത്തിയിരിക്കുന്നത് ഒരു ദിവ്യകാരുണ്യ ഗീതവുമായിട്ടാണ്.

ഉക്രൈനിൽ കോർപ്പൂസ് ക്രിസ്റ്റി ആഘോഷിക്കുന്ന ദിവസം ‘തിരുവോസ്തിയായെന്നിലണയും…’ എന്ന മലയാളഗാനം (കവർ വേർഷൻ) യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ദിവ്യകാരുണ്യ ആരാധന കരിസം ആയിട്ടുള്ള അവരുടെ കോൺഗ്രിഗേഷന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള ഗാനമാണിത്. ഗാനത്തോടൊപ്പം അതിമനോഹരമായ വീഡിയോ ചിത്രീകരണവും നടത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് താമസിക്കുന്ന ഗ്രാമത്തിൻറെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തുകൊണ്ടുള്ള ഒരു ചിത്രീകരണമാണ് ഇതിൽ നടത്തിയിരിക്കുന്നത്.

ഗാനം പാടിയിരിക്കുന്നത് സിസ്റ്റർ മരീനയാണ്. കീബോർഡ് ആൻഡ് വയലിൻ കൈകാര്യം ചെയ്തിരിക്കുന്നത് സിസ്റ്റർ നതൽക. സിസ്റ്റർ ലോറയും ക്രിസ്റ്റീനയും ഗിത്താറും, സിസ്റ്റർ എറിക്ക ഡ്രംസും വായിച്ചിരിക്കുന്നു. ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും ഒക്കെ സിസ്റ്റേഴ്സ് തന്നെ.

തങ്ങളുടെ കാരിസത്തിന്റെ ഭാഗമായിട്ടാണ് ഇവർ മ്യൂസിക് മിനിസ്ട്രി ആരംഭിച്ചത്. ഇടവക തോറുമുള്ള വചനപ്രഘോഷണവും  ഇവർ നടത്തുന്നുണ്ട്. വചനപ്രഘോഷണത്തെ ശക്തിപ്പെടുത്താൻ സംഗീതശുശ്രൂഷ ആരംഭിച്ചു. അത് പിന്നീട് വളർന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും സംഗീതശുശ്രൂഷയുടെ ഭാഗമായി ഇവർ പോയിട്ടുണ്ട്. ഇപ്പോൾ ഹീബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രേനിയന്‍, റഷ്യൻ ഭാഷകളിൽ സംഗീതശുശ്രൂഷ ചെയ്യുന്നുണ്ട്.

മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയുടെ സ്വാധീനമാണ് മലയാളം ഗാനങ്ങൾ പഠിക്കുവാൻ ഇവർക്ക് പ്രേരണയാകുന്നത്. സിസ്റ്റർമാരുടെ മ്യൂസിക് മിനിസ്ട്രിയിൽ സപ്പോർട്ട് ചെയ്യുന്ന വിയന്നയിൽ സംഗീതവിദ്യാർത്ഥിയായ ജാക്സന്‍ സേവ്യര്‍ എന്ന വൈദികൻ ന്റ്റ്‌ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പൊൾ ഈ ഗാനം പുറത്തുവന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.