ഇരുപതാം നൂറ്റാണ്ടിലെ ഇറ്റലിക്കാരായ രണ്ട് വിശുദ്ധജീവിതങ്ങൾ

നാസികളെ ചെറുത്തതിന്റെ പേരിൽ കൊല്ലപ്പെട്ട ഒരു യുവ വൈദികൻ. ക്ഷയരോഗം മൂലം പതിനഞ്ചാം വയസ്സിൽ മരിച്ച ഒരു സെമിനാരിക്കാരൻ. ഇവർ രണ്ടുപേരും ഈ കാലഘട്ടത്തിൽ തന്നെ വിശുദ്ധജീവിതം നയിച്ചവരാണ്. ഇറ്റലിക്കാരായ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരുടെ വിശുദ്ധജീവിതത്തെ വായിച്ചറിയാം…

29-ാം വയസ്സിൽ നാസി ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്ന ഫാ. ജിയോവന്നി ഫോർനാസിനി വിശ്വാസത്തെ പ്രതിയാണ് മരണമടഞ്ഞത്. 1915-ൽ ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്താണ് ഫോർനാസിനി ജനിച്ചത്. വീട്ടിലെ മൂത്ത ആളായിരുന്ന അദ്ദേഹം വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു. സ്കൂളിലെ പഠനത്തിനുശേഷം ബൊലോഗ്നയിലെ ഗ്രാൻഡ് ഹോട്ടലിൽ ലിഫ്റ്റ് ബോയിയായി അദ്ദേഹം ജോലി ചെയ്തിരുന്നു. സെമിനാരിയിൽ ചേർന്ന അദ്ദേഹം 1942-ൽ 27-മത്തെ വയസ്സിൽ വൈദികനായി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രതിസന്ധികൾക്കിടയിലാണ് അദ്ദേഹം തന്റെ പൗരോഹിത്യശുശ്രൂഷകൾ ആരംഭിച്ചത്. എങ്കിലും കുറച്ചുനാളുകൾ കൊണ്ടു തന്നെ അദ്ദേഹം സമർത്ഥനാണെന്ന് തന്റെ പ്രവർത്തികൾ കൊണ്ട് തെളിയിച്ചു. സ്‌പെർട്ടിക്കാനോ പട്ടണത്തിലെ ബൊലോഗ്ന നഗരത്തിന് പുറത്തുള്ള തന്റെ ഇടവകയിൽ ആൺകുട്ടികൾക്കായി അദ്ദേഹം ഒരു സ്കൂൾ തുറന്നു. ഒപ്പമുണ്ടായിരുന്ന സെമിനാരിക്കാരനായ ഫാ. ലിനോ കാറ്റോയി ഈ യുവ പുരോഹിതനെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: “എല്ലായ്പ്പോഴും ഓടിക്കൊണ്ടിരിക്കും. ആളുകളെ അവരുടെ ബുദ്ധിമുട്ടുകളിൽ നിന്ന് മോചിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് ഭയമില്ലായിരുന്നു. വലിയ വിശ്വാസത്തിന് ഉടമയായിരുന്ന അദ്ദേഹം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും കുലുങ്ങിയില്ല.”

1943 ജൂലൈയിൽ ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനി പരാജയപ്പെട്ടപ്പോൾ, പള്ളിമണികൾ മുഴക്കാൻ ഫാ. ഫോർനാസിനി ഉത്തരവിട്ടു. 1943 സെപ്റ്റംബറിൽ ഇറ്റലി സഖ്യകക്ഷികളുമായി കരാറിൽ ഒപ്പുവച്ചു. എന്നാൽ ബൊലോഗ്ന ഉൾപ്പെടെയുള്ള വടക്കൻ ഇറ്റലി, നാസി ജർമ്മനിയുടെ നിയന്ത്രണത്തിലായിരുന്നു. ഈ കാലയളവിൽ ഫോർനാസിനിയുടെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, നഗരത്തിലെ മൂന്ന് ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് അദ്ദേഹത്തിന്റെ അടുക്കൽ അഭയം നൽകിയിട്ടുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരിൽ നിന്നും അവരെ സംരക്ഷിക്കാൻ നിരവധി തവണ അദ്ദേഹം ഇടപെട്ടതായും ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഫാ. ഫോർനാസിനിയുടെ ജീവിതത്തിന്റെ അവസാന നാളുകളെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മർസബോട്ടോയിലെ സാൻ മാർട്ടിനോ ഡെൽ സോളിൽ മരിച്ചവരെ സംസ്‌കരിക്കാൻ യുവ പുരോഹിതന് അനുമതി നൽകിയിട്ടുണ്ടെന്ന് ഫാ. ഫോർനാസിനിയുടെ അടുത്ത സുഹൃത്തായ അമാഡിയോ ജിറോട്ടിക്ക് എഴുതി. 1944 സെപ്റ്റംബർ 29-നും ഒക്ടോബർ 5-നും ഇടയിൽ നാസി സൈന്യം ഗ്രാമത്തിൽ 770 ഇറ്റാലിയൻ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു. മരിച്ചവരെ സംസ്‌കരിക്കാൻ ഫാ. ഫോർനാസിനിക്ക് അനുമതി നൽകിയശേഷം 1944 ഒക്ടോബർ 13-ന് ഇദ്ദേഹത്തെയും അതേ സ്ഥലത്ത് വച്ചു കൊലപ്പെടുത്തി. നെഞ്ചിൽ വെടിയേറ്റ നിലയിൽ മൃതദേഹം അടുത്ത ദിവസം കണ്ടെത്തുകയായിരുന്നു.

1950-ൽ ഇറ്റാലിയൻ പ്രസിഡന്റ് അദ്ദേഹത്തിന് മരണാനന്തര ബഹുമതി നൽകി ആദരിച്ചു. വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള നടപടിക്കായി 1998-ൽ അദ്ദേഹത്തിന്റെ കബറിടം തുറന്നു.

പാസ്ക്വെൽ കാൻസി

വർഷങ്ങളായി മക്കളുണ്ടാകാതിരുന്ന മാതാപിതാക്കൾക്ക് ലഭിച്ച ഒരു ആൺകുട്ടിയായിരുന്നു പാസ്ക്വെൽ കാൻസി. പാസ്ക്വാലിനോ എന്ന വിളിപ്പേരിലാണ് അവൻ അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതൽ തന്നെ ശാന്തമായ സ്വഭാവവും ദൈവകാര്യങ്ങളോട് വലിയ താൽപര്യവും അദ്ദേഹം പുലർത്തിയിരുന്നു. അവന്റെ മാതാപിതാക്കൾ അവനോട്, പ്രാർത്ഥിക്കുണമെന്നും ദൈവത്തെ പിതാവായി കാണണമെന്നും പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു.

രണ്ടു തവണ കാൻസിക്ക് തീപിടുത്തത്തിൽ അപകടമുണ്ടായി. മുഖത്തിന് പൊള്ളലേറ്റെങ്കിലും കാഴ്ച നഷ്ടപ്പെടുകയോ കണ്ണിന് തകരാറുണ്ടാവുകയോ ചെയ്‌തില്ല. കഠിനമായ പരിക്കുകൾ ഉണ്ടായിരുന്നിട്ടും രണ്ട് കേസുകളിലും, അദ്ദേഹത്തിന്റെ പൊള്ളൽ ഒടുവിൽ പൂർണ്ണമായും സുഖപ്പെട്ടു. കാൻസിക്ക് സഹോദരനുണ്ടായശേഷം കുടുംബത്തിന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അതിനാൽ, അവന്റെ പിതാവ് ജോലിക്കായി അമേരിക്കയിലേയ്ക്കു പോയി. കാൻസി തന്റെ പിതാവിന് കത്തുകൾ അയയ്ക്കുമായിരുന്നു. പക്ഷേ അവർ വീണ്ടും കണ്ടുമുട്ടിയില്ല.

കാൻ‌സി ഒരു മാതൃകാ വിദ്യാർത്ഥിയായിരുന്നു. ഇടവകയിലെ അൾത്താര ശുശ്രൂഷിയായിരുന്നു അവൻ. വിശുദ്ധ കുർബാന, ജപമാല, കുരിശിന്റെ വഴി ഇവയിലെല്ലാം അവൻ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. അങ്ങനെ വൈദികനാകുവാനുള്ള ആഗ്രഹത്താൽ കാൻസി 12-ാം വയസ്സിൽ രൂപത സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരിയിലും അസാധാരണമായ വിശുദ്ധിയും വിനയവും അവൻ പുലർത്തി. കാൻസി പ്രാർത്ഥിച്ചു: “ഈശോയേ, എനിക്ക് പെട്ടെന്ന് ഒരു വിശുദ്ധനാകണം.”

1929 ഡിസംബർ 26-ന് തന്റെ പിതാവിന് എഴുതിയ അവസാന കത്തിൽ കാൻസി എഴുതി: “അതെ, നമ്മുടെ നന്മയ്ക്കായി എപ്പോഴും കാര്യങ്ങൾ ക്രമീകരിക്കുന്നവനാണ് ദൈവം. ദൈവഹിതത്തിന് എപ്പോഴും വിധേയപ്പെടുക. ഈ ജീവിതത്തിൽ നാം കഷ്ടപ്പെടേണ്ടി വന്നാൽ പ്രശ്‌നമില്ല. കാരണം, സ്വർഗ്ഗീയരാജ്യത്തിൽ ദൈവം നമ്മെ അവകാശികളാക്കും.”

1930-ൽ, ഈ യുവ സെമിനാരിക്കാരന് ക്ഷയരോഗം പിടിപെട്ടു. ജനുവരി 24-ന് പതിനഞ്ചം വയസ്സിൽ കാൻസി അന്തരിച്ചു. 1999-ൽ അദ്ദേഹത്തിന്റെ കബറിടം തുറക്കുകയും നാമകരണ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.