മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ജീവിതത്തിലേയ്ക്ക് വന്ന ഇരട്ടക്കുട്ടികള്‍ ഇന്ന് സമര്‍പ്പിതര്‍ 

ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ലഭിച്ച കുഞ്ഞുങ്ങള്‍ മരണത്തിലേയ്ക്ക് നടന്നടുക്കുന്നത് കണ്ടു നില്‍ക്കുവാന്‍ ചിലിയിലെ സാധാരണക്കാരിയായ  ആ അമ്മയ്ക്കു കഴിഞ്ഞില്ല. തന്റെ മക്കള്‍ക്കു വേണ്ടി അവര്‍ പരിശുദ്ധ മാതാവിന്റെ പക്കല്‍ കരഞ്ഞപേക്ഷിച്ചു. വിശ്വാസത്തോടെയുള്ള ആ പ്രാര്‍ത്ഥനയുടെ ഫലമായി അത്ഭുതകരമായ രീതിയില്‍ കുട്ടികളുടെ രോഗം സൗഖ്യമായി. ഇന്ന് ആ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വൈദികനും മറ്റൊരാള്‍ കന്യാസ്ത്രീയുമാണ്.

അത്ഭുതകരമായ സൗഖ്യത്തെക്കുറിച്ചും ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് സി. മോണിക്ക മോയ വെളിപ്പെടുത്തിയത്.

1974 ജനുവരി 15 ന് ചിലിയിലെ സാന്‍ അന്റോണിയോ പ്രവിശ്യയിലാണ് സി. മോണിക്ക മോയയും ഫാ. ക്രിസ്റ്റിന്‍ മോയയും ജനിക്കുന്നത്. ജനിച്ചു മൂന്നുമാസം പ്രായമായപ്പോള്‍ ഇരുവര്‍ക്കും ന്യുമോണിയ പിടിപെട്ടു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഇരുവരുടെയും രക്തം മാറ്റുക എന്നത് മാത്രമാണ് അവസാന മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതും ഉറപ്പില്ല എങ്കിലും പരിശ്രമിക്കാം എന്ന അവരുടെ വാക്കില്‍ നിന്ന് മരണത്തിലേയ്ക്കു നടന്നടുക്കുന്ന മക്കളെ ദര്‍ശിച്ചു, അവരുടെ അമ്മ. പക്ഷേ അവരെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല ആ അമ്മ. ഹൃദയത്തിനു മാരകമായ രോഗം ബാധിച്ച് ആദ്യ മകന്‍ നഷ്ടപ്പെട്ടു. ഇവരും കൂടി പോയാല്‍…. അത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

‘അമ്മ നേരെ ദൈവാലയത്തിലേക്ക് ഓടി. ചിലിയിലെ പരിശുദ്ധ മാതാവിന് അവര്‍ തന്റെ രണ്ടു കുട്ടികളെയും സമര്‍പ്പിച്ചു. മാതാവ് തന്റെ മക്കളെ തിരിച്ചു തരും എന്ന വിശ്വാസത്തില്‍ ആ അമ്മ മാതാവിന്റെ കരങ്ങളിലേയ്ക്ക് ഇരുവരെയും സമര്‍പ്പിച്ചു. അത്ഭുതമെന്നു പറയട്ടെ, അതിനു ശേഷം രോഗം പതിയെ ശമിക്കുന്നതായി കാണുവാന്‍ കഴിഞ്ഞു. അധികം വൈകാതെ തന്നെ ആശുപത്രി വിട്ട അവര്‍ തങ്ങളുടെ മക്കളെ ശരിയായ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തി.  മാതാവിനോടുള്ള ഭക്തിയിലും ശരിയായ സ്വഭാവ രൂപീകരണത്തിലും വളര്‍ത്തപ്പെട്ട അവര്‍ തങ്ങളുടെ ജീവിതം അത് തിരികെ തന്ന ദൈവത്തിനായി സമര്‍പ്പിച്ചു.

ദൈവവിളിക്ക് ആമ്മേന്‍ പറഞ്ഞുകൊണ്ട് ക്രിസ്റ്റീന്‍ വൈദിക പരിശീലനം നടത്തിയത്, നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അമ്മ തങ്ങളെ മാതാവിന് സമര്‍പ്പിച്ച, ഔര്‍  ലേഡി  മോസ്റ്റ് പ്യൂര്‍ ദൈവാലയത്തിനടുത്തു തന്നെയാണ്.  പരിശീലനം പൂര്‍ത്തിയാക്കിയ ക്രിസ്റ്റീന്‍ പൗരോഹിത്യം സ്വീകരിച്ചു. മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന മോണിക്ക മോയ മാതാവിന്റെ നാമത്തിലുള്ള ഡോട്ടേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് പ്രൊവിഡന്‍സ് എന്ന സന്യാസ സമൂഹത്തില്‍ അംഗവുമായി.

സി. മോണിക്കയുടെ നിത്യവ്രതത്തിന്റെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സഹോദരന്‍ ക്രിസ്റ്റിന്‍ ആണ്. തങ്ങളുടെ ദൈവവിളിയെ ഒരു അത്ഭുതവും സമ്മാനവുമായി സ്വീകരിക്കുകയാണ്, ഇന്ന് ഇരുവരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.