മുതിർന്നു കഴിയുമ്പോൾ മക്കൾക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹമില്ലേ?

ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയാണ് മുതിർന്നപ്പോൾ മക്കളുടെ സ്വഭാവം വല്ലാതെ മാറി പോയി എന്നത്. അവർക്ക് പഴയപോലെ സ്നേഹം ഇല്ല, ഇപ്പോൾ സംസാരിക്കാൻ പോലും സമയം ഇല്ല എന്നൊക്കെ. കൂട്ടുകാരുടെയൊപ്പം ആണ് സദാസമയവും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് മിക്ക മാതാപിതാക്കളുടെയും ചോദ്യമാണ്. അതിനുള്ള ഒന്നാമത്തെ ഉത്തരം മക്കൾക്ക് പ്രായമായി എന്ന സത്യം മാതാപിതാക്കൾ മനസിലാക്കുക എന്നതാണ്.

ചെറുപ്പത്തിൽ ആയിരുന്ന അതേ മനോഭാവത്തോടെ അവരോട് ഇടപെടാതിരിക്കുക. ചില കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ അവരോടും കൂടി ആലോചന ചോദിക്കുക. അവരുടെ താത്പര്യങ്ങളേയും അഭിപ്രായങ്ങളേയും കൂടി മനസിലാക്കുവാൻ ശ്രമിക്കുക. ഒരു കാര്യവും കൗമാര പ്രായത്തിൽ എത്തിയശേഷം അവരുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കുക.

കൗമാരപ്രായം കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു

ചെറുപ്പത്തിൽ മാതാപിതാക്കളെ ആശ്രയിച്ചതു പോലെ കൗമാര പ്രായത്തിൽ എത്തിയ ശേഷം ചിലപ്പോൾ മക്കൾ അവരെ ആശ്രയിച്ചെന്ന് വരില്ല. മക്കളുടെ പ്രായത്തിലുള്ള വളർച്ചയെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചെറുപ്പം മുതൽ ഇങ്ങനെയായിരുന്നു. അതിനാൽ ഇനിയും ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് എന്ന മനോഭാവത്തെ മാതാപിതാക്കൾ മാറ്റുക. ചില തീരുമാനങ്ങളും അഭിപ്രായങ്ങളും പറയുവാൻ അവർക്ക് സ്വതന്ത്ര്യം  കൊടുക്കുന്നത് നല്ലതാണ്.

ചില കാര്യങ്ങൾ മാതാപിതാക്കൾ തീരുമാനിച്ച ശേഷം മുതിർന്ന മക്കളോട് ചെയ്യുവാൻ പറയുമ്പോൾ അവർ ‘നോ’ പറഞ്ഞാൽ അതിൽ വിഷമിച്ചിട്ട് കാര്യമില്ല. ചില തീരുമാനങ്ങൾ എടുക്കാൻ മക്കളെ പഠിപ്പിക്കുന്നത് വഴി അവരെ കൂടുതൽ പക്വതയുള്ളവരാക്കുകയാണ് നാം ചെയ്യുന്നത്.

സുഹൃത്തുക്കളുമായുള്ള ബന്ധം

കുറച്ച് മുതിർന്ന ശേഷം ചില കുട്ടികൾ കൂട്ടുകാരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു. അതിനെ പലപ്പോഴും മാതാപിതാക്കൾ ചോദ്യം  ചെയ്യാറുമുണ്ട്. സമപ്രായക്കാരായ കൂട്ടുകാരുമായിട്ടുള്ള സൗഹൃദം ആ പ്രായത്തിന്റെ ഒരു പ്രത്യേകതയാണ്. യഥാർത്ഥത്തിൽ ഇത്തരം ചങ്ങാതിമാരുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. ഒരു തരത്തിൽ അവരുടെ സ്വഭാവം നല്ല രീതിയിൽ രൂപപ്പെടുന്നതിന് ഈ സൗഹൃദങ്ങൾ കാരണമാകുന്നു. ചില അവസരങ്ങളിൽ മോശപ്പെടുന്നതിനും ഇടയാകുന്നുണ്ടെങ്കിലും കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാൻ അനുവദിക്കുക. അത് അവരുടെ കഴിവുകൾ മെച്ചപ്പെടുന്നതിനും കൂടുതൽ സഹായിക്കുന്നു. ഒപ്പം വൈകാരികമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നു.

കൗമാരക്കാരായ മക്കൾക്ക് താത്പര്യം ഉണർത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുക

ഈ പ്രായത്തിൽ എല്ലാ കാര്യങ്ങളും പുതുമയോടെ ചെയ്യാനുള്ള ഒരു താത്പര്യം എല്ലാ കുട്ടികൾക്കും ഉണ്ട്. ആവർത്തന വിരസത ഇല്ലാത്ത കാര്യങ്ങൾ അവർക്ക് കൂടുതൽ താത്പര്യത്തോടെ ചെയ്യുവാൻ ആഗ്രഹമുണ്ട്. ഒരു കാര്യത്തിലും അവരെ അനാവശ്യമായി നിർബന്ധിക്കാതിരിക്കുക.

സന്തോഷത്തോടെയും ആഘോഷത്തോടെയും അവർ കാര്യങ്ങൾ ചെയ്യട്ടെ. ജീവിതം ആഘോഷപ്രദമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രായത്തിൽ അവർ. എന്നാൽ എല്ലാക്കാര്യത്തിനും പൂർണ പിന്തുണ നൽകുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയും തെറ്റും വിവേചിച്ചറിയുവാൻ മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.