നിത്യതയിലേയ്ക്ക്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏതാനും വർഷങ്ങൾക്കു മുമ്പ് നടന്നതാണിത്. സഹപാഠിയായ ജോബി പയ്യപ്പിള്ളിയച്ചന്റെ ഫോൺ: “നമ്മുടെ ബിനീഷ് പോയി…”

പെട്ടന്ന് ഉള്ളിലൊരു സംഭ്രമം തോന്നിയെങ്കിലും അങ്ങനെ ആയിരിക്കില്ല എന്ന തോന്നലോടെ ഞാൻ തിരക്കി: “എങ്ങോട്ട് പോയി…?”

മറുതലയ്ക്കൽ ഒരു നിമിഷത്തെ നിശബ്ദത. ഞാനോർത്തു. ബിനീഷിന് ഡീക്കൻ പട്ടം കിട്ടിയിട്ട് അധികം ദിവസങ്ങളായില്ലല്ലോ, അപ്പോഴേയ്ക്കും എങ്ങോട്ട്?

പയ്യപ്പിള്ളിയച്ചന്റെ ശബ്ദം പതറിയിരുന്നു: “അവൻ മരിച്ചു!”

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കിങ്ങ് ന്യൂസ് ആയിരുന്നു അത്. വാഴച്ചാലിൽ കൂട്ടുകാരോടൊപ്പം കാഴ്ചകൾ കാണാനിറങ്ങിയതായിരുന്നു ബിനീഷ്. വെള്ളത്തിൽ നിന്നും ഉയർന്നുനിൽക്കുന്ന പാറകളിലൂടെ ചാടിച്ചാടി അവർ മുന്നോട്ടു പൊയ്ക്കോണ്ടിരുന്നു. കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾ. ഒരു പാറക്കല്ലിൽ നിന്നും മറ്റൊന്നിലേയ്ക്ക് ചാടിയപ്പോൾ ബിനീഷിന്റെ പാദങ്ങൾക്ക് അതിലെത്താനായില്ല. വെള്ളത്തിലേയ്ക്ക് വീണ അവൻ ഉയരാൻ ശ്രമിച്ചെങ്കിലും, നീന്തലറിയാത്തതിനാലും അടിയൊഴുക്കു മൂലവും കൂട്ടുകാരുടെ മുമ്പിൽ നിന്ന് മാഞ്ഞുപോയി. പിന്നീടവിടെ ഉയർന്നത് ഒരു നിലവിളിയായിരുന്നു. വാർത്തയറിഞ്ഞ് അവനുവേണ്ടി കണ്ണീരോടെ ബലിയർപ്പിച്ചതും സംസ്ക്കാര ശുശ്രൂഷകൾക്കായി ആന്ധ്രയിൽ നിന്ന് നാട്ടിലേയ്ക്ക് യാത്ര ചെയ്തതുമെല്ലാം മനസിൽ നിന്നു മായുന്നില്ല.

മരണത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഓർമ്മകൾ നമ്മുടെയെല്ലാം മനസിലിപ്പോൾ തെളിയുന്നുണ്ടാകും. പല വേർപാടുകളും നമ്മുടെ മനസിന് ഇന്നും കണ്ണീരിന്റെ നോവ് പകരുന്നതായിരിക്കും. ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ, ദൈവം എന്നോട് അനീതി കാണിക്കുന്നെന്ന്? ജീവിച്ച് കൊതി തീരാത്തവരെയാണ് പലപ്പോഴും മരണം വാരിപ്പുണരുന്നതെന്ന് തോന്നാത്തവരും ചുരുക്കും.

നമ്മുടെയെല്ലാം കുടുംബങ്ങളിൽ നിന്ന് ആരെങ്കിലുമൊക്കെ മരണപ്പെട്ടിട്ടുണ്ട്. മരണം സംഭവിക്കാത്ത കുടുംബങ്ങളുണ്ടാവില്ലെന്നത് സത്യമാണ്. ക്രിസ്ത്യാനിക്ക് മരണം അന്ത്യമല്ല. അത് നിത്യതയിലേയ്ക്കുള്ള യാത്രയാണ്. മരണത്തെ അതിജീവിക്കാൻ കൊതിച്ചവരെയും മരണത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിച്ചവരെയും അനേകരെ മരണത്തിലേയ്ക്ക് നയിച്ചവരെയുമെല്ലാം മരണം കൂട്ടിക്കൊണ്ടു പോകുന്നു. മരണത്തിന്റെ കാലൊച്ചകൾ ജാലകത്തിനപ്പുറം ഉണ്ടെന്നറിഞ്ഞിട്ടും അവയെ ഗൗനിക്കാതെയുള്ള ഓട്ടത്തിലല്ലേ നമ്മളെല്ലാം?

ഒന്നു മിഴിയടയ്ക്കാം, ജാലകത്തിനപ്പുറത്തുള്ള മരണത്തിന്റെ കാലൊച്ചകൾക്കായ് കാതോർക്കാം… നമുക്കു മുമ്പേ യാത്ര ചെയ്തവർക്കുവേണ്ടി പ്രാർത്ഥിക്കാം. നമ്മുടെ ഊഴത്തിനായി പ്രത്യാശയോടെയും ഒരുക്കത്തോടെയും കാത്തിരിക്കാം. മരണത്തെ കീഴടക്കിയ ക്രിസ്തുവിന്റെ വാക്കുകൾ നമുക്ക് കരുത്തേകട്ടെ: “ഞാനാണ്‌ പുനരുത്ഥാനവും ജീവനും; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ. 11:25).

“മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.”

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.