ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണമോ? എങ്കിൽ ഈ മൂന്ന് കാര്യങ്ങൾ അഭ്യസിക്കൂ  

നാളെ, നാളെ… നീളെ, നീളെ എന്നൊരു പഴഞ്ചോല്ലു കേൾക്കാത്തവർ ആരും തന്നെയില്ല. നാമെല്ലാവരും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മറ്റൊരു സമയത്തേയ്ക്ക് നീക്കി വയ്ക്കുന്നവരാണ്. അതുചിലപ്പോൾ എന്തെങ്കിലും ജോലികൾ ആയിരിക്കാം, മറ്റ് ചിലപ്പോൾ ചില തീരുമാനങ്ങൾ ആയിരിക്കാം. ചെയ്യണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാതെ, അതിനുശേഷം  ബുദ്ധിമുട്ട് അനുഭവിച്ചവരാണ് നമ്മിൽ പലരും.

പ്രായഭേദമന്യേ ഇത്തരം സ്വഭാവവിശേഷം എല്ലാവരിലും കാണാം. ചില കുട്ടികൾ പരീക്ഷയുടെ തലേദിവസം വരെ പഠിക്കാനുള്ളത് മാറ്റിവയ്ക്കാറുണ്ട്. നമ്മുടെ കാര്യം എടുക്കുകയാണെങ്കിൽ ചെയ്യേണ്ട ജോലി മറ്റൊരു സമയത്തേയ്ക്കും നാം മനപ്പൂർവ്വമല്ലെങ്കിൽ കൂടി നീട്ടിവയ്ക്കും. അലസത മൂലമാണ്  ‘പിന്നീട് ഞാൻ ചെയ്യും’ എന്ന സംസാരം ഉണ്ടാകുന്നതും ജോലികൾ നീട്ടിവയ്ക്കുന്നതും. ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കേണ്ടതിനു നാം ചെയ്യണ്ട കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. നാം കാര്യങ്ങൾ നീട്ടി വയ്ക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്വങ്ങളിൽ ആണ് വീഴ്ച്ച വരുത്തുന്നത്. അതോടൊപ്പം തന്നെ നമ്മുടെ വീഴ്ചയാൽ വന്നുപോയ കാലതാമസത്തെ ന്യായികരിക്കുവാൻ പല വാദങ്ങൾ നിരത്തി സ്വയം വഞ്ചിതരായി മാറുകയും ചെയ്യുന്നു.

നാളെ ഞാൻ നന്നായി ചെയ്യും, കൂടുതൽ നന്നായി പഠിക്കും എന്നൊക്കെ പറഞ്ഞുകൊണ്ട് നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ സ്വയം ശ്രമിക്കുന്നു. അതോടൊപ്പം ഇപ്രകാരമുള്ള ‘നീട്ടി വയ്ക്കൽ’ നമ്മുടെ ശരീരത്തേയും മാനസിക ആരോഗ്യത്തേയും നശിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെയ്യേണ്ട സമയം അടുക്കുന്തോറും അമിതമായ മാനസിക സമ്മർദം, ഭയം, ഉത്കണ്ഠ, ആകുലത, ഉറക്കമില്ലായ്മ എന്നീ അസ്വസ്‌ഥതകൾ നമ്മിൽ ഉണ്ടാകുന്നു. അത് മനസിനെയും ശരീരത്തെയും ഒരുമിച്ചു ബാധിക്കുമ്പോൾ നിരാശയിലേയ്ക്ക് നാം താഴുന്നു.

ചെയ്യുവാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ചെയ്യുന്നതിനായി നാം ചില ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. അവ ഏതൊക്കെ ആണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ഒരു സമയപരിധി നിശ്ചയിക്കുക

നാം ചെയ്യണ്ട കാര്യങ്ങൾക്കായി ഒരു സമയ പരിധി നിശ്ചയിക്കുക. അത് മുൻകൂട്ടി തന്നെ തീരുമാനിക്കണം. ഒപ്പം ആ സമയപരിധി  നിസാര കാര്യങ്ങളുടെ പേരിൽ മാറ്റി വയ്ക്കാതിരിക്കുക.

2. മുൻകൂട്ടി പദ്ധതി തയ്യാറാക്കുക

ചെയ്യേണ്ട കാര്യത്തെ കുറിച്ചും അതിനെടുക്കേണ്ട സമയത്തെക്കുറിച്ചും മുൻകൂട്ടി പദ്ധതി തയ്യാറാക്കി മനസ്സിൽ സൂക്ഷിക്കുക. ഏറ്റവും വ്യക്തമായും കൃത്യമായും കാര്യങ്ങൾ ചെയ്യാൻ കഴിയും വിധത്തിൽ സമയം ക്രമീകരിക്കാം.

3. ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുക

നാം ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തിയാൽ ജോലിയോട് താത്പര്യവും സ്നേഹവും വർദ്ധിക്കും. അതിനാൽ ഉണർവുള്ള മനസോടെ ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുക.