വിശുദ്ധ ജീവിതങ്ങളെ അറിയുക: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഓരോ നോമ്പുകാലവും. മനുഷ്യനായി ഭൂമിയില്‍ അവതരിച്ച് ക്രിസ്തു സഹിച്ച പീഡകളുടെ അവസാനം ലഭിച്ചത് കുരിശ് മരണമായിരുന്നു. അത്തരമൊരു പീഡാസഹനത്തിലൂടെയാണ് ഇപ്പോള്‍ കത്തോലിക്കാ സഭ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സഭയ്ക്കുള്ളില്‍ സംഭവിച്ച ഒരു അനിഷ്ട സംഭവത്തിന്റെ പേരില്‍ സഭയിലെ മുഴുവന്‍ അഭിഷിക്തരും പഴി കേട്ടുകൊണ്ടിരിക്കുകയാണ്.

ഈ അവസരത്തില്‍ ധ്യാനഗുരുവും പ്രഭാഷകനുമായ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ”ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും പറയുന്നത് കേട്ട് നിങ്ങള്‍ ദുര്‍ബലരാകരുത്. ഏതെങ്കിലും ചാനലില്‍ എന്തെങ്കിലും വാര്‍ത്ത വന്നുവെന്ന് കരുതിയും ദു:ഖിതരാകേണ്ട കാര്യമില്ല. വൈദികരുടെ വീഴ്ചയോ അവരുടെ കുറവോ, അതുമല്ലെങ്കില്‍ വൈദിക ജീവിതം ഉപേക്ഷിച്ച വൈദികന്‍ ഒരു പുസ്തകം എഴുതി അത് വായിച്ചിട്ടോ ഒന്നും ആരും വിലയിരുത്തേണ്ട കാര്യമില്ല. പത്തോ അമ്പതോ വൈദികരും സിസ്റ്റേഴ്‌സും വീണുപോയാലും ഒമ്പത് ലക്ഷത്തില്‍പരം സിസ്റ്റേഴ്‌സ്  സമര്‍പ്പിത ജീവിതം നയിക്കുന്ന സഭയാണിത്. നാല് ലക്ഷത്തി അമ്പത്തി അയ്യായിരത്തില്‍ പരം വൈദികര്‍ സഭയില്‍ കര്‍ത്താവിന് ശുശ്രൂഷ ചെയ്ത് ബലി അര്‍പ്പിക്കുന്നുണ്ട്. അതില്‍ നൂറോ ആയിരമോ പതിനായിരമോ വീണുപോയാലും അതിലെത്രയോ അധികം വൈദികര്‍ നൂറ് ശതമാനം തീക്ഷ്ണതയോടെ കര്‍ത്താവിനെ സ്‌നേഹിച്ച് സഭയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നു.”

“വൈദികജീവിതം ഉപേക്ഷിച്ച വൈദികര്‍ പുസ്തകം എഴുതിയിട്ടുണ്ടാകാം. അല്ലെങ്കില്‍ സമര്‍പ്പിത ജീവിതം ഉപേക്ഷിച്ച കന്യാസ്ത്രീ ഒരു പുസ്തകമെഴുതി അത് സിനിമയായിട്ടുണ്ടാകാം. എന്നാല്‍ ജീവിച്ച് വിജയിച്ച് എത്രയോ സമര്‍പ്പിതരുടെ ജീവിതചരിത്രങ്ങള്‍ നമുക്കുണ്ട്! വിശുദ്ധരായ എത്രയോ കന്യാസ്ത്രീകള്‍ നമുക്കുണ്ട്! സഭയെക്കുറിച്ചും സമര്‍പ്പിതരെക്കുറിച്ചും എന്തെങ്കിലും സംശയം തോന്നുമ്പോള്‍ എന്തുകൊണ്ട് ഈ പുസ്തകങ്ങളൊക്ക എടുത്ത് വായിച്ചു കൂടാ? സംശയങ്ങള്‍ തോന്നുമ്പോള്‍ അവരോടും ഇവരോടും ചോദിക്കാന്‍ നില്‍ക്കരുത്. ജീവിച്ച് വിജയിച്ച ഒരു വിശുദ്ധന്റെ ജീവചരിത്രം എടുത്ത് വായിക്കുക. ഒരു വിശുദ്ധയുടെ ജീവിതം വായിച്ചറിയുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സകല സംശയങ്ങളും കഴുകപ്പെടുന്ന ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകും.” ലളിതമായി, തീക്ഷ്ണമായിട്ടാണ് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.