ഇസ്ലാം മതം സ്വീകരിച്ചാൽ ക്രിസ്ത്യാനിക്കു 6,000 ഡോളർ സമ്മാനം: ടിക് ടോക്ക് വീഡിയോയുമായി പാക്ക് മുസ്ലീങ്ങൾ    

ക്രിസ്ത്യാനികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ പാക്കിസ്ഥാനിൽ വിവിധ രീതിയിലുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ഭീഷണിയുടേതും തട്ടിക്കൊണ്ടുപോകലിന്റെതും അടക്കമുള്ള വാർത്തകൾ നാം പാകിസ്ഥാനിൽ നിന്നും കേൾക്കുന്നുണ്ട്. എന്നാൽ, രണ്ട് ദിവസം മുമ്പ് ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. മുസ്ലീം ടെക്സ്റ്റൈൽ ബിസിനസുകാരനായ മിയാൻ കാഷിഫ് സമീർ ചോഹദാരി ക്രിസ്ത്യാനികളെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ടിക് ടോക് വീഡിയോ ആണ് ഇത്. ഒരു ക്രിസ്ത്യൻ കുടുംബം മുഴുവനും മതം മാറിയാൽ ഒരാൾക്ക് 2,00,000 രൂപാ നിരക്കിൽ (ഏകദേശം 1,186 യുഎസ് ഡോളർ), 5,930 യുഎസ് ഡോളർ അവർക്ക് നൽകും എന്നാണ് വീഡിയോയിൽ പറയുന്നത്.

ടിക് ടോക് വീഡിയോയിലൂടെ അദ്ദേഹം നൽകുന്ന സന്ദേശം ഇപ്രകാരമാണ്. “ഹായ്! എന്റെ പേര് മിയാൻ കാശിഫ് സമീർ. ടിക് ടോക്കിൽ സാധാരണയായി ആളുകൾ മറ്റുള്ളവർക്ക് മണ്ടൻ വെല്ലുവിളികൾ നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ഓഫർ നൽകുകയാണ്. ഒരു ക്രിസ്ത്യാനി ഇസ്ലാം മതം  സ്വീകരിച്ചാൽ ഞാൻ അദ്ദേഹത്തിന് 200,000 രൂപ നൽകും. ഒരു കുടുംബം മുഴുവൻ ഇസ്ലാം സ്വീകരിച്ചാൽ ഞാൻ പത്തുലക്ഷം രൂപ നൽകും. ദയവായി ഇസ്ലാം സ്വീകരിക്കുക, അതാണ് മികച്ച മതം.” ഇസ്ലാം മതം  സ്വീകരിക്കുന്നവരെ എല്ലാവരും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും എംഡി ഗ്രൂപ്പിലെ കാശിഫ് പറയുന്നു. അധികാരികളുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് കാണിക്കാൻ ഇന്നലെ അദ്ദേഹം പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവാറിനും ആശംസകൾ നേർന്നു.

പല ക്രിസ്ത്യാനികളും കാശിഫിന്റെ മതപരിവർത്തനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഈ വീഡിയോയിൽ അസ്വസ്ഥരാണ്. ഇസ്ലാമിലേക്കുള്ള നിർബന്ധിത മതപരിവർത്തനം പാകിസ്ഥാനിലെ ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതാദ്യമായല്ല, ടിക് ടോക്കിലൂടെയുള്ള മതപരിവർത്തനത്തിനുള്ള ആഹ്വാനം.

ജൂലൈ മാസത്തില്‍ മറ്റൊരു ടിക്ക് ടോക് വീഡിയോയിൽ, ഒരു കൂട്ടം മുസ്ലീം യുവാക്കൾ ക്രൈസ്തവ മതം ഉപേക്ഷിക്കുവാനും ഇസ്ലാമിക വിശ്വാസങ്ങളായ കലിമ പാരായണം ചെയ്യാനും ഒരു യുവ ക്രിസ്ത്യാനിയെ നിർബന്ധിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബിലാൽ മഹേർ 479 അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിൽ, ഒരു യുവ ക്രിസ്ത്യാനി താൻ ഒരിക്കലും മുസ്‌ലിം വിശ്വാസങ്ങൾ പാരായണം ചെയ്യില്ലെന്നും തന്റെ ക്രിസ്തീയ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറയുന്നുണ്ട്. മുസ്ലീങ്ങൾ തന്നെ ഭീഷണിപ്പെടുത്തുമ്പോൾ, അതിന്റെ എല്ലാ അനന്തരഫലങ്ങളും നേരിടാൻ താൻ തയ്യാറാണെന്നും എന്നാൽ തന്റെ മതം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്.

കറാച്ചിയിലെ മനുഷ്യാവകാശ അഭിഭാഷകനും അദ്ധ്യാപകനുമായ മറിയം കാശിഫ് ആന്റണി ഈ സംഭവങ്ങളെ എതിർക്കുകയുണ്ടായി. പാക്കിസ്ഥാന്റെ ടെലികോം അധികൃതരോട് അവരുടെ ടിക്ക് ടോക്ക് അക്കൗണ്ടുകളിലൂടെ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നവരെ  കണ്ടെത്തി നിയമപ്രകാരം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “ഞങ്ങൾ സമ്പന്നരല്ല, പക്ഷേ യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസം അവരെക്കാൾ ശക്തമാണ്.” -അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽ ഈയിടെയായി ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും അടിച്ചമർത്തലുകളും വർദ്ധിച്ചുവരുകയാണ്. ഇവയെ വളരെ ആശങ്കയോടെയാണ് ക്രൈസ്തവ ലോകം കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.