വി. യൗസേപ്പിതാവിലൂടെ യേശുവിലേക്ക് അടുക്കുവാനുള്ള അഞ്ചു മാർഗങ്ങൾ

വിശ്വാസത്തോടെ വി. യൗസേപ്പിതാവിനോട് പ്രാർത്ഥിക്കുന്നവർക്ക് ദൈവപുത്രനായ ഈശോയുമായും ആഴത്തിൽ അടുക്കുവാൻ സാധിക്കും. വി. യൗസേപ്പിതാവിനോട് ഏവർക്കും വലിയ ആദരവും വണക്കവുമുണ്ട്. യൗസേപ്പിതാവിനോടുള്ള പ്രത്യേകമായ വണക്കത്തിന് കത്തോലിക്കാ സഭയിൽ പ്രോട്ടോ ദൂളിയ എന്നാണു പറയുന്നത്. യൗസേപ്പിതാവിലൂടെ യേശുവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുവാൻ അഞ്ചു മാർഗ്ഗങ്ങൾ ഇതാ:

1. വിശുദ്ധ ചിന്തകളുടെ കാവൽക്കാരൻ

പരിശുദ്ധമായ ചിന്തകൾ മനസ്സിൽ നിറയ്ക്കണോ? വിശുദ്ധ യൗസേപ്പിതാവിനോട് പ്രാർത്ഥിക്കാം. മോശപ്പെട്ട ചിന്തകളും ആസക്തികളും മനസ്സിനെ മലിനമാക്കുന്നതായി അനുഭവെപ്പടുന്നുണ്ടോ? തീർച്ചയായും, വിശുദ്ധന്റെ മാധ്യസ്ഥം തേടാം. വിശുദ്ധമായ ചിന്തകളും നീതിപൂർവകമായ ജീവിതവുമാണ് യേശുവിന്റെ വളർത്തുപിതാവാകുവാൻ അദ്ദേഹത്തെ യോഗ്യനാക്കിയത്. അതിനാൽ ഈ ഒരു അനുഗ്രഹത്തിനായി യൗസേപ്പിതാവിനോട് പ്രാർത്ഥിച്ചാൽ തീർച്ചയായും നമ്മെ വിശുദ്ധിയിൽ വളരുവാൻ അദ്ദേഹം സഹായിക്കും.

2. വി. യൗസേപ്പിതാവിനോടുള്ള നൊവേന

പരിശുദ്ധ കന്യകാ മാതാവുമായി കൂടുതൽ അടുക്കുന്നവർ യേശുവിലേക്കും അടുക്കുന്നു. ഇതുപോലെ തന്നെയാണ് യൗസേപ്പിതാവിനോടുള്ള ഭക്തിയും. നൊവേന പ്രാർത്ഥനകളിലൂടെ നമ്മുടെ ജീവിതത്തെ അവിടുത്തോടു ചേർത്തുവെക്കാം.

3. നിദ്രയിലൂടെ പ്രശ്നങ്ങളെ പരിഹരിക്കുന്ന വിശുദ്ധൻ

ഫ്രാൻസിസ് പാപ്പാ തന്റെ ഓഫീസിൽ യൗസേപ്പിതാവിന്റെ ഉറങ്ങുന്ന രൂപം സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഈ വിശുദ്ധനോട് പ്രത്യേകമാം വിധം ഭക്തിയുമുണ്ട്. എത്ര വലിയ പ്രതിസന്ധി വന്നാലും അദ്ദേഹം ഒരു കടലാസിൽ ഈ പ്രശ്നം എഴുതി ആ രൂപത്തിനടിയിൽ വെയ്ക്കും. അദ്ദേഹത്തിന്റെ നിദ്രയിൽ അതിനു പരിഹാരം കണ്ടുകൊള്ളും എന്ന ഒരു പ്രാർത്ഥനയും വിശ്വാസവുമാണ് ഇതിനു പിന്നിൽ. ദുഷ്കരമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും ദൈവ തിരുമുൻപിൽ അവിടുന്ന് അപേക്ഷിക്കും. ആയതിനാൽ വിശുദ്ധന്റെ നിദ്രയിൽ പോലും കാത്ത് സംരക്ഷിക്കുവാൻ അപേക്ഷിക്കാം.

4. വി. യൗസേപ്പിതാവിന്റെ ലുത്തിനിയ

വിശുദ്ധന്റെ സ്വർഗ്ഗീയ മാധ്യസ്ഥത്തിന്റെ പ്രത്യേക വശങ്ങൾ വിവരിക്കുന്ന വിവിധ അഭിസംബോധനകളുമായിട്ടാണ് ലുത്തിനിയ രചിക്കപ്പെട്ടിരിക്കുന്നത്. ഭക്തിപൂർവ്വം ഇത് പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ പ്രത്യേക സഹായം നമ്മുടെ അവശ്യ നേരങ്ങളിൽ ലഭിക്കും.

5. 30 ദിവസത്തെ പ്രത്യേക പ്രാർത്ഥന

എന്തുകൊണ്ട് 30 ദിവസത്തെ പ്രാർത്ഥനയെന്ന് ചിന്തിച്ചേക്കാം. യേശുവിന്റെ പരസ്യ ശുശ്രൂഷയ്ക്ക് തൊട്ടു മുൻപ് യൗസേപ്പിതാവ് മരണമടഞ്ഞു. അതിനാൽ യേശുവിനോടും അമ്മ മറിയത്തോടും ഭൂമിയിൽ ചിലവഴിച്ച 30 വർഷങ്ങളെയാണ് 30 ദിവസത്തെ പ്രാർത്ഥനകൊണ്ട് അർത്ഥമാക്കുന്നത്.

സുനീഷ നടവയല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.