കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത

കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. മൃതദേഹം ദഹിപ്പിക്കാന്‍ സിമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ സര്‍ക്കുലർ.

മൃതദേഹം സംസ്കരിക്കുമ്പോൾ പള്ളിയിൽ സ്ഥലമുണ്ടെങ്കിൽ അവിടെ സിവിൽ അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി കുഴിയെടുത്ത് സംസ്കരിക്കുകയാണ് ചെയ്യേണ്ടത്. സിമിത്തേരിയിൽ സ്ഥലമില്ലാത്ത പക്ഷം പള്ളിയിലെ പറമ്പിൽ സൗകര്യം ഉണ്ടെങ്കിൽ അവിടെ സംസ്കരിക്കാവുന്നതാണ്. ശേഷം രണ്ടു വർഷം കഴിഞ്ഞു ഭൗതികാവശിഷ്ടങ്ങൾ പള്ളി സിമിത്തേരിയിലേയ്ക്ക് മാറ്റാം. പള്ളിയിൽ സൗകര്യമില്ലാത്ത പക്ഷം വീട്ടുവളപ്പിൽ മൃതസംസ്കാരം നടത്താവുന്നത് ആണ്. സർക്കുലറിൽ പറയുന്നു.

ഇപ്പോഴുള്ള സാഹചര്യത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെ സിവിൽ അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനു അനുവദിക്കാവുന്നതാണ്. ഇങ്ങനെ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടം പള്ളിസിമിത്തേരിയിലാണ് അടക്കം ചെയ്യേണ്ടത്. ഈ നിർദ്ദേശങ്ങൾ എല്ലാം കോവിഡ് കാലത്തേയ്ക്ക് മാത്രം ഉള്ളതാണെന്നും ഓരോ ഇടവകയും അനുകൂല സാഹചര്യം അനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണം എന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.