ജീസസ് യൂത്ത് മൂവ്മെന്റിൽ നിന്നും സഭയ്ക്കുവേണ്ടി മൂന്ന് സുവർണ്ണപുഷ്പങ്ങൾ കൂടി

കേരളത്തിൽ മൊട്ടിട്ട് ലോകമെമ്പാടും പടർന്നുപന്തലിക്കുന്ന ജീസസ് യൂത്ത്, കത്തോലിക്കാ സഭയ്ക്ക് അനേകം വൈദികരെയും സന്യസ്തരെയും മിഷനറിമാരെയും ഇതിനോടകം തന്നെ സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ കാലങ്ങൾ കഴിയുന്തോറും ജീസസ് യൂത്ത് എന്ന ഫലവൃക്ഷത്തിൽ നിന്ന് കത്തോലിക്കാ സഭയ്ക്ക് വീണ്ടും ഫലങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

ഈ കഴിഞ്ഞ നാളുകളിലാണ് ജീസസ് യൂത്തിൽ നിന്നും മൂന്ന് സുവര്‍ണ്ണപുഷ്പങ്ങൾ കൂടി കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കും കാലെടുത്തുവച്ചത്. സിസ്റ്റർ ദീപ SH ഉം, സിസ്റ്റർ അജീഷ CMC യും, ഫാദർ തോമസ് പുളിക്കലും. മൂന്നുപേരും ജീസസ് യൂത്തിന്റെ ജീവിതശൈലി പിന്തുടരുന്നവരാണ്. സിസ്റ്റർ അജീഷ CMC ഒഴികെ ബാക്കി രണ്ടുപേരും ഫുൾടൈമർഷിപ്പ് എന്ന വൺ ഇയർ കമ്മിറ്റ്മെന്റിലൂടെ കടന്നുപോയവരുമായിരുന്നു എന്നത് ശ്രദ്ധേയം. ജീസസ് യൂത്തിന് ഇത് അഭിമാന നിമിഷമാണ്; ഒപ്പം കൃതജ്ഞതയുടേയും. ദൈവം തെരഞ്ഞെടുത്താൽ പിന്നെ കഷ്ടപ്പെട്ട് നേടിയ ബിരുദങ്ങളും അതിലൂടെ സമ്പാദിച്ച ഉന്നത ഉദ്യോഗവും അതുവഴി ലഭിക്കാവുന്ന സകല നേട്ടങ്ങളും ദൈവത്തിനുവേണ്ടി ഉപേക്ഷിക്കാൻ മടിക്കാത്തവരാണ് ഫാദർ തോമസ് പുളിക്കലും, സിസ്റ്റർ ദീപ SH ഉം, സിസ്റ്റർ അജീഷ CMC യും.

ഫാദർ തോമസ് പുളിക്കൽ

അമേരിക്കയിൽ ജനിച്ചുവളർന്ന മലയാളിയാണ് ഫാദർ തോമസ് പുളിക്കൽ. ഈശോയോട് ചേർന്നുനിൽക്കുന്ന പ്രാർത്ഥിക്കുന്ന കുടുംബത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹവും ഈശോയോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു മികച്ച ജോലിയായിരുന്നു. ആ ഒരു സ്വപ്നത്തിലേയ്ക്കെത്താൻ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കമ്പ്യൂട്ടർ സയൻസിലും മാത്തമാറ്റിക്സിലും മികച്ച വിജയം നേടുകയും ചെയ്തു. പഠനത്തിനുശേഷം അദ്ദേഹം ആരും കൊതിക്കുന്ന ജോലിയിലേയ്ക്കാണ് പ്രവേശിച്ചത്. ഒരു വർഷത്തിനുശേഷം അതിലും മികച്ച ഒരു സ്ഥാപനത്തിലേയ്ക്ക് പ്രവേശിച്ചു. പ്രതിരോധവകുപ്പ്, ഫിനാൻഷ്യൽ സർവീസ്, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലായിരുന്നു പ്രവർത്തനങ്ങൾ. എന്നാൽ ദൈവിക പദ്ധതി മറ്റൊന്നായിരുന്നു.

ജോലികൾ തിരക്കേറിയതാണെങ്കിലും പ്രാർത്ഥനയും ദിവ്യബലിയിലെ പങ്കാളിത്തവും ഒരിക്കൽപ്പോലും അദ്ദേഹം മുടക്കിയിട്ടില്ല. വിശ്രമസമയം പോലും അദ്ദേഹം ചെലവിടാൻ ശ്രമിച്ചത് പരിശുദ്ധ കുർബാനയിലാണ്. അപ്രകാരമൊരു ദിവസം ദിവ്യബലിയിൽ പങ്കെടുക്കുമ്പോഴാണ് ദൈവത്തിന്റെ ആഗ്രഹം ഒരു വെളിപാടു പോലെ അദ്ദേഹത്തിന്റെ മനസ്സിൽ പതിച്ചത്. ആ നിമിഷം മുതൽ, തന്നെ പൗരോഹിത്യത്തിലേയ്ക്ക് ദൈവം വിളിക്കുന്നു എന്ന ബോധ്യം അദ്ദേഹത്തെ ദൈവത്തിലേയ്ക്കും പൗരോഹിത്യത്തിലേയ്ക്കും കൂടുതൽ അടുപ്പിച്ചു. ജോലി വഴി ലഭിക്കാവുന്ന വലിയ സുഖസൗകര്യങ്ങളിൽ കഴിയാമായിരുന്ന തോമസ് എന്ന യുവാവിനെ ദൈവം ആ പരിശുദ്ധ ബലിയിലൂടെ തന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി ക്ഷണിച്ചു. ഒടുവിൽ തന്റെ വിളി മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ തോമസ് എന്ന യുവാവ് ജോലി ഉപേക്ഷിച്ച് ഈശോയുടെ പിന്നാലെ പോയി. ആ പോക്ക് നേരെ ചെന്നെത്തിയത് ജീസസ് യൂത്തിന്റെ വൺ ഇയർ ഫുൾടൈമർഷിപ്പ് കമ്മിറ്റ്മെന്റിലേക്കാണ്. വൺ ഇയർ കമ്മിറ്റ്മെന്റ് സ്വീകരിക്കുന്ന അമേരിക്കയിലെ ആദ്യത്തെ വ്യക്തിയുമായി അദ്ദേഹം മാറി. ആ ഒരു വർഷം മുഴുവൻ അദ്ദേഹത്തെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ദൈവീക തിരുവുള്ളം.

ഫുൾടൈമർഷിപ് കമ്മിറ്റ്മെന്റിനുശേഷം പ്രാർത്ഥിച്ച് ഒരുങ്ങി ജീസസ് യൂത്തിനുവേണ്ടി പൗരോഹിത്യം എന്ന കൂദാശയിലൂടെ ജീസസ് യൂത്തിനുവേണ്ടി കത്തോലിക്കാ സഭയോട് ചേർന്ന് ഒരു മുഴുവൻസമയ ശുശ്രൂഷകനായിത്തീരുവാൻ അദ്ദേഹം തീരുമാനിച്ച് സെമിനാരിയിൽ ചേർന്നു. നീണ്ടകാലത്തെ സെമിനാരി പരിശീലനത്തിനുശേഷം അമേരിക്കയിലെ മാർത്തോമ പള്ളിയിൽവച്ച് അഭിഷിക്തനായി കർത്താവിന്റെ നിത്യപൗരോഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു. ജീസസ് യൂത്തിനുവേണ്ടി വൈദികനാകുന്ന മൂന്നാമത്തെ വ്യക്തിയും അമേരിക്കയിലെ ആദ്യത്തെ വ്യക്തിയുമാണ് ഫാദർ തോമസ് പുളിക്കൽ. കർത്താവിന്റെ സ്നേഹവും അവിടുത്തെ സുവിശേഷ ചൈതന്യവും ജീസസ് യൂത്ത് മൂവ്മെന്റിലൂടെ ലോകം മുഴുവനും സകല ജനപദങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ പകർന്നുകൊടുക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് ഫാദർ തോമസ് പുളിക്കൽ.

സിസ്റ്റർ ദീപ SH

ഈ കഴിഞ്ഞ പതിനൊന്നാം തീയതി തന്റെ ആദ്യത്തെ വ്രതവാഗ്ദാനം സ്വീകരിച്ചുകൊണ്ട് കത്തോലിക്ക സന്യാസത്തിലേയ്ക്ക് പ്രവേശിച്ച ജീസസ് യൂത്തിന്റെ മറ്റൊരു സുവർണ്ണപുഷ്പമാണ് സിസ്റ്റർ ദീപ SH.

ജീസസ് യൂത്ത് എന്ന മുന്നേറ്റത്തിലൂടെ ഈശോയെ അടുത്തറിഞ്ഞ സിസ്റ്റർ ദീപ SH മുന്നേറ്റത്തിന്റെ ജീവിതശൈലിയിൽ വളർന്നുവരികയും അനേകം യുവജനങ്ങളിൽ ക്രിസ്തുവിനെ പകർന്നുകൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്ത സിസ്റ്റർ, പാലാ അൽഫോൻസാ കോളേജിലെ ക്യാമ്പസ് മിനിസ്ട്രിയുടെ കോർ ടീം മെമ്പറും പാലാ സോണിലെ ഇന്റർസെക്ഷൻ ടീം അംഗവും കൂടിയായിരുന്നു. കലാലയജീവിതത്തിൽ കിട്ടാവുന്ന അടിച്ചുപൊളി ജീവിതശൈലി ഈശോയ്ക്കുവേണ്ടി വലിച്ചെറിയുകയും ജീസസ് യൂത്ത് ജീവിതശൈലി സ്വന്തമാക്കുകയും ചെയ്തു. ഒപ്പം പ്രാർത്ഥനയെ മുറുകെപ്പിടിച്ച് നടന്ന ഒരു വ്യക്തി കൂടിയാണ് സിസ്റ്റർ.

പഠനത്തിനുശേഷം ഈശോയുടെ സ്നേഹവും മാധുര്യവും അനുഭവിച്ചറിഞ്ഞ ദീപ എന്ന യുവതി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷം ഈശോയ്ക്കുവേണ്ടി കൊടുക്കുവാൻ തീരുമാനിച്ചു. ഒരുപക്ഷേ, പലരും ഈ തീരുമാനത്തെ വിമർശിച്ചിരിക്കാം, വിഡ്ഢിത്തരം എന്നു പരിഹസിച്ചിരിക്കാം. എന്നാൽ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ ദീപ അതിൽനിന്ന് പിന്തിരിഞ്ഞില്ല. 40 ദിവസത്തെ ഫുൾടൈമർഷിപ് പരിശീലനത്തിനുശേഷം കട്ടപ്പന സോണിലേയ്ക്ക് ഫുൾടൈമറായി നിയോഗിക്കപ്പെട്ടു. നേരത്തെ ഫാദർ തോമസ് പുളിക്കലിനെക്കുറിച്ച് പറഞ്ഞതുപോലെ തന്നെയാണ് ദീപയെക്കുറിച്ചുള്ള ദൈവികപദ്ധതിയും. ദീപയെ സിസ്റ്റർ ദീപയാക്കാൻ അവിടത്തെ മണവാട്ടിയാക്കാൻ ദൈവം ഒരുക്കിയെടുത്ത വർഷമായിരുന്നു അത്. വൺ ഇയർ ഫുൾടൈമർഷിപ്പിന് ശേഷം നേരെ ചെന്നത് എസ് എച്ച് കോൺഗ്രിഗേഷനിലാണ്. അവിടത്തെ നീണ്ടകാല ചിട്ടയായ പരിശീലനത്തിനുശേഷം ഈ കഴിഞ്ഞ പതിനൊന്നാം തീയതി തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി തീരുകയും ചെയ്തു.

സിസ്റ്റർ അജീഷ സി.എം.സി.

ഈ കഴിഞ്ഞ ദിവസം CMC കോൺഗ്രിഗേഷന്റെ ആത്മീയതയിൽ നിന്നുകൊണ്ട് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തുകൊണ്ട് കത്തോലിക്കാ സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിച്ച ജീസസ് യൂത്തിന്റെ മൂന്നാമത്തെ സുവവര്‍ണ്ണപുഷ്പമാണ് സിസ്റ്റർ അജീഷ സി.എം.സി.

ജീസസ് യൂത്തിന്റെ ജീവിതശൈലിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയും കർത്താവിനുവേണ്ടി അനേകം യുവജനങ്ങളുടെ മുമ്പിൽ ഒരു സാക്ഷ്യമായിത്തീരുകയും അനേകം യുവജനങ്ങളെ ക്രിസ്തുവിനുവേണ്ടി നേടുവാൻ ഇടയാകുകയും ചെയ്ത കർത്താവിന്റെ വിശ്വസ്തദാസിയിരുന്നു സിസ്റ്റർ അജീഷ CMC. കലാലയ ജീവിതത്തിന്റെ അടിച്ചുപൊളികളിൽ നിന്നും മാറി സഞ്ചരിച്ച് ക്രിസ്തുവിന്റെ സ്നേഹപാതയിലൂടെ അവന്റെ ആനന്ദത്തിൽ മുഴുകിച്ചേർന്നുകൊണ്ട് അവനെ അനുഗമിക്കുകയും ക്യാമ്പസ് മിനിസ്ട്രിയുടെ ഭാഗമാവുകയും തൃശൂർ വിമല കോളേജിലെ ജീസസ് യൂത്ത് കൂട്ടായ്മയുടെ കോർ ടീം അംഗവുമായി തീർന്നു സിസ്റ്റർ അജീഷ സിഎംസി. തന്റെ ഡിഗ്രി പഠനത്തിനുശേഷം കണ്മുന്നിൽ ഉണ്ടായിരുന്നു. വലിയ സൗഭാഗ്യങ്ങളെ വേണ്ടെന്നു വച്ചുകൊണ്ട് ക്രിസ്തുവിന്റെ പിന്നാലെ പോയി. അവിടുത്തെ കളങ്കമില്ലാത്ത പൂര്‍ണ്ണമായ സ്നേഹവും സ്വാതന്ത്ര്യവും അനുഭവിക്കാൻ. പക്വതയാർന്ന പ്രായത്തിൽ എടുത്ത തീരുമാനം തെറ്റായി പോകില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. നീണ്ടകാല ഒരുക്കങ്ങൾക്കുശേഷം ഇന്നലെ തന്റെ അധികാരികൾക്ക് മുന്നിലും സഭയുടെ മുന്നിലും പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സന്യാസത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. അനേകം ആത്മാക്കളെ ക്രിസ്തുവിന്റെ സ്നേഹം പകർന്നുകൊടുത്ത് അവനുവേണ്ടി സ്വന്തമാക്കുവാൻ.

മനുഷ്യന് ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്തതാണ് ദൈവികപദ്ധതി എന്നത്. ആ പദ്ധതിയിൽ സ്വയം സമർപ്പിച്ചവരാണ് ഫാദർ തോമസ് പുളിക്കലും, സിസ്റ്റർ ദീപ SH ഉം, സിസ്റ്റർ അജീഷ CMC യും. ലോകമെമ്പാടും പടർന്നുപന്തലിക്കുന്ന ജീസസ് യൂത്തിന്റെ അജപാലന ശുശ്രൂഷയ്ക്ക്‌ കരുത്തേകാൻ ദൈവം കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച സുവർണ്ണപുഷ്പങ്ങളാണ് ഫാദർ തോമസ് പുളിക്കലും, സിസ്റ്റർ ദീപ SH ഉം, സിസ്റ്റർ അജീഷ CMC യും. ഇതുപോലെ ഇനിയും കത്തോലിക്കാ സഭയ്ക്കുവേണ്ടി അനേകം പുഷ്പങ്ങൾ വിടരാനായി കാത്തുനിൽക്കുന്നു ജീസസ് യൂത്ത് മൂവ്മെന്റിൽ. ജോലിയേക്കാൾ പ്രാധാന്യം ദൈവത്തിനു നൽകണമെന്ന ബോധ്യം പുതുതലമുറയ്ക്ക് പകർന്നുകൊടുക്കണമെന്ന ഇവരുടെ തീരുമാനത്തെ ദൈവം മാനിച്ചു.

ലോകം മുഴുവനും സുഗന്ധം പരത്തുന്ന സുവിശേഷ വാഹകരാകാനും ഈശോയെ ചുമന്നുകൊണ്ടു പോകുന്ന കഴുതകളായി മാറുവാനും ദൈവം വിശ്വസിച്ചേൽപിച്ച ഈ ദൈവവിളിയിൽ വിശ്വസ്തരായിരിക്കുവാനും ദൈവം തന്റെ ആത്മാവു വഴി ഇവരെ നയിക്കുകയും സമൃദ്ധിയായി നിറയ്ക്കുകയും ചെയ്യട്ടെ. ഒരു ജീസസ് യൂത്ത് എന്ന നിലയിൽ ഇത് ഒരു അഭിമാന

നിമിഷം. പ്രിയ നവ വൈദികനും സിസ്റ്റേഴ്സിനും പ്രാർത്ഥനാശംസകൾ സ്നേഹപൂർവ്വം നേരുന്നു.

അന്തോണി വര്‍ഗീസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.